കീവ് : ഉക്രൈനില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം ശക്തമായതിന് പിന്നാലെ ഇന്ത്യ ഉള്‍പ്പടെ അഞ്ച് രാജ്യങ്ങളിലെ അംബാസിഡര്‍മാരെ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പുറത്താക്കി. ഇന്ത്യയെ കൂടാതെ ജര്‍മ്മനി, ചെക്ക് റിപബ്ലിക്ക്, നോര്‍വേ, ഹംഗറി എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെയാണ് പുറത്താക്കിയത്. എന്നാല്‍ കാരണം എന്താണെന്ന് സെലന്‍സ്‌കി വ്യക്തമാക്കിയില്ല.
ഈ നയതന്ത്രജ്ഞ ഉദ്യോഗസ്ഥര്‍ക്ക് പുതിയ സ്ഥാനങ്ങള്‍ നല്‍കുമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചും വ്യക്തമല്ല. റഷ്യയ്‌ക്കെതിരായി രാജ്യാന്തര തലത്തില്‍ പിന്തുണ നേടാന്‍ സെലെന്‍സ്‌കി നയതന്ത്രജ്ഞരോട് മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനു പിന്നാലെയായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്.
ഉക്രൈയ്നും ജര്‍മ്മനിയും തമ്മിലുള്ള ബന്ധത്തില്‍ കുറച്ച് കാലങ്ങളായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കാനഡയില്‍ അറ്റകുറ്റപ്പണി നടക്കുന്ന ജര്‍മ്മന്‍ നിര്‍മിത ടര്‍ബൈനുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. യൂറോപ്പിലേക്ക് വാതക കയറ്റുമതിക്കായി റഷ്യന്‍ കമ്പനിക്ക് ടര്‍ബൈന്‍ കാനഡ വിട്ടു കൊടുക്കണമെന്നാണ് ജര്‍മ്മനിയുടെ നിലപാട്. എന്നാല്‍ കാനഡ ടര്‍ബൈന്‍ വിട്ടു നല്‍കിയാല്‍ അത് നിലവില്‍ റഷ്യയ്‌ക്കു മേലുള്ള ഉപരോധത്തിന്റെ ലംഘനമാകുമെന്നാണ് ഉക്രൈന്‍ വിലയിരുത്തുന്നത്.
അതേസമയം റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാന്‍ ഉക്രൈന്‍ ശ്രമിക്കുകയാണെന്നും അന്താരാഷ്‌ട്ര പിന്തുണയും സൈനിക സഹായവും നല്‍കണമെന്നും സെലെന്‍സ്‌കി ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജനവാസ കേന്ദ്രങ്ങളിലും റഷ്യ രൂക്ഷമായി ആക്രമണം തുടരുകയാണ്. സിര്‍വേസ് ജനവാസ കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ മരിച്ചു. ദ്രുഴ്കിവ്ക മേഖലയിലെ സൂപ്പര്‍ മാര്‍ക്കറ്റിന് നെരെയും മിസൈല്‍ ആക്രമണമുണ്ടായി. ആളപായമുണ്ടോ എന്ന് വ്യക്തമല്ല. മിസൈല്‍ വീണ് നഗര മധ്യത്തില്‍ വലിയ ഗര്‍ത്തവും രൂപപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: