എല്ലാം ശരിയാക്കാന്‍ അധികാരത്തില്‍ വന്ന ഇടതുമുന്നണി സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ദ്ധനയിലൂടെ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്ന പഴുതടച്ച ഈ വര്‍ദ്ധന ജനജീവിതം ദുരിതപൂര്‍ണ്ണമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിലക്കയറ്റത്തിന്റെ വേലിയേറ്റത്തില്‍ മുങ്ങിത്താഴുന്ന ജനങ്ങള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ അടിച്ചേല്‍പ്പിച്ച ഈ വര്‍ദ്ധന താങ്ങാനാവില്ല. കൊവിഡ് വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ജനങ്ങള്‍ ഇപ്പോഴും കരകയറിയിട്ടില്ല. സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറന്ന സാഹചര്യത്തില്‍ പലവിധ ചെലവുകള്‍ക്കുമിടയില്‍ പ്രത്യേകിച്ചും. യാതൊരു മുന്നറിയിപ്പും കൂടാതെ നിലവില്‍ വന്ന ഈ വര്‍ദ്ധനയിലൂടെ 1000 കോടി രൂപയാണ് സര്‍ക്കാര്‍ കവര്‍ന്നെടുത്തത്. ഐടി മേഖല തൊട്ട് പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളെ വരെ ഇക്കൂട്ടര്‍ വെറുതെ വിട്ടില്ല. വര്‍ദ്ധനയുടെ ഷോക്കടിപ്പിക്കുന്ന വാര്‍ത്ത വന്ന ദിവസം തന്നെ മറ്റൊരു വാര്‍ത്ത കൂടി നമ്മള്‍ വായിച്ചു. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വില കൂടിയ കാര്‍ ഉപേക്ഷിച്ച് ലക്ഷങ്ങള്‍ വിലയുള്ള മിയാ കാര്‍ബണ്‍ ആഡംമ്പര കാര്‍ വാങ്ങിയെന്നായിരുന്നു അത്. റോമാ നഗരം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടേയുള്ളു. നാമിന്നു നേരില്‍ കാണുകയാണ്.
നികുതി വര്‍ദ്ധനയില്‍ ഗവേഷണം നടത്തുന്നവര്‍ എനര്‍ജി ചാര്‍ജിനുപുറമെ ഫിക്‌സഡ് ഡെപ്പോസിറ്റ് കൂടി ഇത്തവണ വര്‍ദ്ധിപ്പിച്ചു. പാല്‍ തീര്‍ന്നാല്‍ ചോര കൂടി കറന്നെടുക്കുന്ന കാട്ടുനീതി. നൂറ് യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഫിക്‌സഡ് ചാര്‍ജ്ജ് ഉള്‍പ്പെടെ 23 രൂപയാണ് വര്‍ധനക്കു ശേഷം ഈടാക്കുന്നത്. ഉപയോഗിക്കുന്ന വൈദ്യുതിയുടെ അടിസ്ഥാനത്തില്‍ നിരക്കു നിശ്ചയിക്കുന്നതിന്റെ യുക്തി മനസ്സിലാക്കാം. എന്നാല്‍ 200 യൂനിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 46 രൂപയ്‌ക്ക് പകരം 73 രൂപയും 300 യൂനിറ്റിലേക്കുയരുമ്പോള്‍ 69 രൂപക്കു പകരം 150 രൂപയും ഈടാക്കുന്നു. സ്ലാബ് മാറുമ്പോള്‍ നിരക്കു മാറുന്നുവെന്നാണ് മറുപടി. സ്ലാബ് മാറുമ്പോള്‍ വൈദ്യുതിയുടെ അടിസ്ഥാന നിരക്ക് മാറ്റുന്നതിന്റെ ന്യായമെന്തെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. ഇവിടെ സ്ലാബ് ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള മറയായി മാറുന്നു. 1.33 കോടി ഉപഭോക്താക്കളില്‍ ലോവര്‍ മിഡില്‍ ക്ലാസ്സിലും മിഡില്‍ ക്ലാസ്സിലും വരുന്നവര്‍ 53.78 ശതമാനമാണെന്നോര്‍ക്കണം. സ്ലാബ് മുകളിലേക്ക് ഉയരുന്ന ക്രമത്തില്‍ അന്യായമായ നിരക്കു വര്‍ദ്ധനയും മേല്‍പ്പറഞ്ഞതുപോലെ തുടരുന്നു.
ചെറുകിട-വന്‍കിട വ്യവസായങ്ങളുടെ നിരക്ക് കൂട്ടിയത് 15 % മുതല്‍ 50 % വരെയാണ്. കേരളം വ്യവസായ സൗഹൃദമല്ലാത്തതിനാല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതും അയല്‍ സംസ്ഥാനങ്ങളിലേക്ക് പറിച്ച് നടുന്നതും പതിവായിക്കഴിഞ്ഞു, പുതിയ വ്യവസായങ്ങള്‍ തുടങ്ങുമെന്ന് വാഗ്ദാനം നല്‍കിയവര്‍ അധികാരത്തിലിരിക്കുമ്പോള്‍ കിറ്റക്‌സിനെപ്പോലെ വന്‍ തോതില്‍ തൊഴിലവസരങ്ങളും ഒപ്പം സര്‍ക്കാര്‍ ഖജനാവിലേക്ക് നികുതിയും നല്‍കുന്നവര്‍ പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടുകയാണ്. തുടരെത്തുടരെയുള്ള വൈദ്യുതി നിരക്ക് വര്‍ദ്ധന സര്‍ക്കാര്‍ പുനഃപ്പരിശോധിക്കാത്ത പക്ഷം കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറുമെന്നുറപ്പാണ്. കറന്റ് ചാര്‍ജ്ജ് കൂടുമ്പോള്‍ സ്വാഭാവികമായും ഉല്‍പ്പന്നങ്ങളുടെ വിലയും കൂടും. ചുരുക്കത്തില്‍ നിരക്ക് വര്‍ധന വിലക്കയറ്റത്തിന്റെ എരിതീയില്‍ ഒഴിക്കുന്ന എണ്ണയായി മാറും. ഈ തീരുമാനം കാര്‍ഷികമേഖലയുടെ മരണമണി മുഴക്കുമെന്ന പരാതിയും ഉയര്‍ന്നു കഴിഞ്ഞു. കൃഷി ആവശ്യത്തിനു വേണ്ടി വെള്ളം പമ്പ് ചെയ്യാനുള്ള നിലവിലുള്ള ഡിമാന്‍ഡ് ചാര്‍ജ്ജ് അധികമാണെന്ന പരാതി നിലനില്‍ക്കുമ്പോഴാണ് ഇത്തവണ 190 ല്‍ നിന്ന് 220 രൂപയായി ഉയര്‍ത്തിയിരിക്കുന്നത്. ഉപ്പുതൊട്ടു കര്‍പ്പൂരം വരെ സകലവിധ സാധനങ്ങളും ഇറക്കുമതി ചെയ്യുന്ന ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ നില അതോടെ കൂടുതല്‍ പരുങ്ങലിലാവും.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം നിരക്കു വര്‍ദ്ധനയുടെ കാര്യത്തില്‍ മുന്നിലും സേവനത്തിന്റെ കാര്യത്തില്‍ പിന്നിലുമാണെന്നു കാണാം. നിസ്സഹായരായ പൊതുജനത്തെ ദ്രോഹിക്കുന്നതിന്നു മുമ്പ് പ്രശ്‌ന പരിഹാരത്തിനായി മുന്നില്‍ തുറന്നു കിടക്കുന്ന മറു മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറല്ല. ജനങ്ങളുടെ ചെലവില്‍ വികസനത്തിന്റെ ഗുജറാത്ത് മാതൃകയെക്കുറിച്ച് പഠിക്കാന്‍ പോയതും വെറുതെയായി. എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല എന്ന നിലപാടില്‍ നിന്ന് സര്‍ക്കാരിന് മാറ്റമൊന്നുമില്ല. പരിസ്ഥി തിക്കു കോട്ടം തട്ടാതെ വരുമാനം വര്‍ദ്ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പു വരുത്താനും അനന്തസാദ്ധ്യതകള്‍ മുന്നിലുണ്ട്. കാലാഹരണപ്പെട്ട വരട്ടുതത്വ ശാസ്ത്രത്തിലെന്നപോലെ കാലത്തിന്റെ മാറ്റമുള്‍ക്കൊണ്ടുകൊണ്ട് വികസനത്തിന്റെ പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഉച്ച കഴിഞ്ഞിട്ടും നേരം പുലരാത്ത പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലൊ?
മുല്ലപ്പെരിയാര്‍ പോലെ ഭൂകമ്പ സാദ്ധ്യതയും സര്‍വനാശവും ക്ഷണിച്ചു വരുത്തുന്ന പദ്ധതികള്‍ക്കു പകരം പുതിയ ഊര്‍ജ്ജ സ്രോതസുകള്‍ കണ്ടെത്തേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിവച്ച ജലവൈദ്യുത പദ്ധതികള്‍ ഇപ്പോഴും പാതിവഴിയിലാണ്. പ്രവൃത്തി അനന്തമായി നീളുന്നതു കാരണം കമ്മീഷന്‍ ചെയ്തപ്പോള്‍ നിശ്ചയിച്ച അടങ്കല്‍തുക പലതവണ പുതുക്കി നിശ്ചയിച്ചതു കാരണം നിര്‍മ്മാണച്ചെലവ് പതിന്മടങ്ങ് വര്‍ദ്ധിച്ച അനുഭവം നമ്മുടെ മുമ്പാകെയുണ്ട്. ആ ബാദ്ധ്യതയും വന്നു പതിക്കുന്നത് ഉപഭോക്താക്കളുടെ തലയില്‍ത്തന്നെ. കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ കേരളത്തിന്റെ കാലാവസ്ഥ ഏറെ അനുയോജ്യമാണ്. നടപടിയില്ല. പ്രസരണ നഷ്ടം ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയമാണ്. ബോര്‍ഡിന് വര്‍ഷം തോറും കോടികളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടാവുന്നത്. പുതിയ സാങ്കേതിക വിദ്യയിലേക്ക് ഉത്പാദന വിതരണ മേഖല മാറണമെന്ന റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശം വന്നിട്ടു കാലമേറെയായി. ഇരുമുന്നണികളും ഒന്നും ചെയ്തില്ല. ഇതിനെല്ലാം പുറമെയാണ് വ്യാപകമായ വൈദുതി മോഷണം. ഉന്നതന്മാരുടെ ഒത്താശയോടെ കോടിക്കണക്കിന് രൂപയുടെ വൈദ്യുതി വന്‍കിട കമ്പനികള്‍ക്ക് മറിച്ച് നല്‍കുന്നുവെന്ന ആരോപണം പുതുതല്ല. അവര്‍ മുന്നണി ഭരണത്തിന്റെ തണലില്‍ എക്കാലവും സംരക്ഷിക്കപ്പടുകയും ചെയ്യുന്നു. പരിഹാരം ഒന്നെയുള്ളൂ. കൊടിയുടെ നിറം നോക്കാതെ ജനങ്ങളെ കൊള്ളയടിക്കുന്ന കഴിവു കെട്ട ഇടതു സര്‍ക്കാരിനെതിരെയുള്ള യോജിച്ച പോരാട്ടം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: