തിരുവനന്തപുരം: ഒളിമ്പ്യന്‍ പി.ടി.ഉഷയ്ക്കെതിരെ സിപിഎം നേതാവ് ഇളമരം കരീം നടത്തിയ അധിക്ഷേപത്തിനെതിരെ കെ.മുരളീധരന് എംപി. എളമരം കരീമിന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്താവനകള്‍ പിണറായിസത്തിന്റെ വികൃതമുഖത്തിന് ഉദാഹരണമാണെന്ന് മുരളീധരന് പറഞ്ഞു. പി.ടി ഉഷയുടെ നോമിനേഷന് വിമര്‍ശിക്കേണ്ടതില്ല, പി.ടി ഉഷ ഏതെങ്കിലും പാര്‍ട്ടിയുടെ പ്രതിനിധിയല്ലെന്നും അദേഹം പ്രതികരിച്ചു.
പിടി ഉഷയെ നോമിനേറ്റ് ചെയ്തത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. കരീമിന്റേത് തരംതാണ പ്രസ്താവനയാണെന്നും മുരളീധരന് പറഞ്ഞു.
പി.ടി ഉഷയെ രാഷ്ട്രപതി രാജ്യസഭയിലെയ്ക്ക് നോമിനേറ്റ് ചെയ്തതിന് പിന്നാലെയാണ് സിപിഎം രാജ്യസഭാ കക്ഷി നേതാവ് കൂടിയായ കരീം അധിക്ഷേപ പ്രസംഗം നടത്തിയത്. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്ന് കരീം അക്ഷേപിച്ചു.
മനുഷ്യാവകാശപ്രവര്‍ത്തക തീസ്ത സെറ്റല്‍വാദിനെയും മുന്‍ ഡി.ജി.പി. ആര്.ബി. ശ്രീകുമാറിനെയും വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്യവേ ആയിരുന്നു കരീമിന്റെ ആക്ഷേപം. സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുകയാണെന്നും കരീം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: