ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുത്ത ശേഷം യശ്വന്ത് സിന്‍ഹയ്ക്ക് ഒളിച്ചുകളി നടത്തേണ്ട ഗതികേടാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുന്‍കയ്യെടുത്താണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ത്ഥിയാക്കിയതെങ്കിലും ഇപ്പോള്‍ ബംഗാളില്‍ കടന്നുപോകരുതെന്നാണ് മമതയുടെ താക്കീത്.
ഇതിന് കാരണം ബിജെപി നേതൃത്വത്തിലുള്ള യുപിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന്റെ ആദിവാസി ഗോത്രവിഭാഗം എന്ന പശ്ചാത്തലമാണ്. അവര്‍ സാന്താള്‍ എന്ന വംശത്തില്‍പ്പെടുന്ന വ്യക്തിയാണ്. ബംഗാളില്‍ ഏകദേശം 7 മുതല്‍ 8ശതമാനം വരെ ആദിവാസി വോട്ടര്‍മാരുള്ളതില്‍ 80 ശതമാനവും സാന്താള്‍ വംശജരാണ്. ഈ വോട്ടര്‍മാരെ വരുതിയിലാക്കാന്‍ ബംഗാളിലെ പ്രതിപക്ഷ നേതാവും മമതയെ തെരഞ്ഞെടുപ്പില്‍ മലയര്ത്തിയടിക്കുകയും ചെയ്ത സുവേന്ദു അധികാരി കഠിന ശ്രമം നടത്തുന്നുണ്ട്. രാഷ്ടപ്രതിയായാല്‍ ദ്രൗപദി മുര്‍മുവിനെ ബംഗാളിലെ സാന്താള്‍ മേഖലയില്‍ എത്തിക്കാനുള്ള ശ്രമവും സുവേന്ദു നടത്തുന്നുണ്ട്. ഇതിനിടെ യശ്വന്ത് സിന്‍ഹ ബംഗാളിലെത്തിയാല്‍ കാര്യങ്ങള്‍ മമതയ്ക്കും തൃണമൂലിനും എതിരാകും എന്നതിനാലാണ് സിന്‍ഹയെ ബംഗാളില്‍ വരുന്നത് വിലക്കുന്നത്.
അതുപോലെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തു ചേര്‍ന്നപ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു മോദി വിരുദ്ധനായ മുഖ്യമന്ത്രിയാണ് ജാര്‍ഖണ്ഡിന്റെ ഹേമന്ത് സോറന്. യശ്വന്ത് സിന്‍ഹ തന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായുള്ള പര്യടനം ജാര്‍ഖണ്ഡില്‍ നിന്നും ആരംഭിക്കാനിരുന്നതാണ്.
2015ല്‍ ജാര്‍ഖണ്ഡില്‍ ഗവര്‍ണറായി എത്തിയ മുര്‍മു വിജയകരമായി ആറ് നീണ്ടവര്‍ഷക്കാലം ആ പദവിയില്‍ ഇരുന്ന വ്യക്തിയാണ്. സാധാരണക്കാര്‍ക്ക് പ്രാപ്യയായിരുന്ന സാധാരണക്കാരുടെ ഗവര്‍ണറായിരുന്നു. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഭയം അകറ്റാന്‍ സര്‍ക്കാരിന് അന്ന് ഗവര്‍ണറെന്ന നിലയില്‍ ശക്തമായ നിര്‍ദേശം നല്കിയ വ്യക്തിയാണ് മുര്‍മു. അതുകൊണ്ട് തന്നെ ജാര്‍ഖണ്ഡിലെ ആദിവാസികള്‍ ദ്രൗപദി മുര്‍മുവിനെ എളുപ്പം മറക്കില്ല. ഇത് തന്നെയാണ് ഹേമന്ത് സോറനെ മുര്‍മുവിന് അനുകൂലനാക്കിമാറ്റുന്നത്. യശ്വന്ത് സിന്‍ഹയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പര്യടനം ജാര്‍ഖണ്ഡില്‍ നിന്നും റദ്ദാക്കിയ ഹേമന്ത് സോറന് ഇപ്പോള്‍ ജാര്‍ഖണ്ഡില്‍ പ്രചരണത്തിന് എത്തരുതെന്ന് കൂടി യശ്വന്ത് സിന്‍ഹയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കാരണം പിന്നാക്ക വിഭാഗത്തിന്റെ സര്‍ക്കാര്‍ എന്ന നിലയിലാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതും അതിന്റെ തലപ്പത്ത് ഹേമന്ത് സോറന് മുഖ്യമന്ത്രിയായിരിക്കുന്നതും.
ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഇപ്പോഴെ വിജയം ഉറപ്പിച്ച നേതാവാണ്. ഒഡിഷയിലെ ബിജു ജനതാദളും ബീഹാറിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാ ദള്‍ യുണൈറ്റഡും ആന്ധ്ര പ്രദേശിലെ മുഖ്യമന്ത്രി ജഗന് മോഹന്റെ വൈഎസ്ആര്‍സിപിയും ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന് പുറമെയാണ് മഹാരാഷ്ട്രയില്‍ ഉണ്ടായ ഭരണമാറ്റം. ഇനി ഭൂരിപക്ഷം എത്രത്തോളം കനത്തതാകും എന്ന് മാത്രമേ അറിയാനുള്ളൂ.
അതിനിടെ മുര്‍മുവിനോട് റബ്ബര്‍ സ്റ്റാമ്പ് രാഷ്ട്രപതിയാകരുതെന്ന യശ്വന്ത് സിന്‍ഹയുടെ ഉപദേശം തിരിച്ചടിച്ചിരിക്കുകയാണ്. ഒരു ആദിവാസി ഗോത്രവിഭാഗമായതുകൊണ്ട് അവര്‍ക്ക് നിഷ്പക്ഷയായി ഭരിയ്ക്കാന്‍ കഴിയില്ലെന്ന് വിചാരിക്കുന്ന യശ്വന്ത് സിന്‍ഹയുടെ മനോഭാവം മാറ്റണമെന്ന വിമര്‍ശനമാണ് സമൂഹമാധ്യമത്തില്‍ ഉയര്‍ന്നുകേട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: