ബെംഗളൂരു : വ്യോമസേനയില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത് അച്ഛനും മകളും. ഇരുവരും ഒരുമിച്ച് യുദ്ധവിമാനം പറത്തിയതാണ് ചരിത്രമായിരിക്കുന്നത്. ഇന്ത്യന്‍ എയര്‍ഫോഴ്സ് എയര്‍ കമ്മഡോര്‍ സഞ്ജയ് ശര്‍മ്മയും മകള്‍ ഫ്ളയിങ് ഓഫീസര്‍ അനന്യ ശര്‍മ്മയുമാണ് വിമാനം പറത്തിയത്.
മെയ് 30 -ന് കര്‍ണാടകയിലെ ബിദറില്‍ ഹോക്ക്-132 വിമാനമാണ് ഇരുവരും പറത്തിയത്. സഞ്ജയ് ശര്‍മ്മയും അനന്യയും യൂണിഫോം ധരിച്ച് യുദ്ധവിമാനത്തിന് മുന്നില്‍ നില്ക്കുന്ന ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ‘പിതാവും മകളും ഒരേ യുദ്ധവിമാനത്തിന്റെ ഭാഗമായ ഒരു സംഭവം ഐഎഎഫ് ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല. സഞ്ജയും, അനന്യയും അച്ഛനും മകളും മാത്രമല്ല. അവര്‍ സഹപ്രവര്‍ത്തകര്‍ കൂടിയായിരുന്നു. പരസ്പരം പൂര്‍ണമായി വിശ്വസിക്കുന്നവര്‍’ എന്നും ഇരുവരുടേയും ചിത്രങ്ങള്‍ക്ക് ഐഎഎഫ് തലക്കെട്ടും നല്‍കിയിട്ടുണ്ട്.
സഞ്ജയ് ശര്‍മ്മ 1989 -ലാണ് ഐഎഎഫിന്റെ ഫൈറ്റര്‍ വിമാനത്തിന്റെ പൈലറ്റാകുന്നത്. ഒരു മിഗ്-21 വിമാനത്തിന്റെയും, ഒരു മുന്‍നിര ഫൈറ്റര്‍ സ്റ്റേഷന്റെയും കമാന്‍ഡറാണ് അദ്ദേഹം. യുദ്ധവിമാന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന് വിപുലമായ അറിവും, അനുഭവ പരിചയവുമുണ്ട്.
അനന്യ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിടെക് പൂര്‍ത്തിയാക്കി 2021 ഡിസംബറിലാണ് യുദ്ധവിമാന പൈലറ്റായി യോഗ്യത നേടുന്നത്. 2016 ല്‍ ഐഎഎഫിന്റെ യുദ്ധവിമാനം സ്ത്രീകള്‍ക്കായി തുറന്നുകൊടുത്തത്. ആദ്യ ബാച്ചില്‍ യോഗ്യത നേടിയ മൂന്ന് വനിതകളില്‍ അനന്യയുമുണ്ടായിരുന്നു. ഇപ്പോള്‍ ബിദറില്‍ പരിശീലനത്തിലാണ് അനന്യ.
‘അനന്യ എപ്പോഴും പറയുമായിരുന്നു, ‘പപ്പാ, എനിക്കും നിങ്ങളെപ്പോലെ യുദ്ധവിമാനം പറത്തണമെന്ന്. ബീദറില്‍ ഹോക്ക് എയര്‍ക്രാഫ്റ്റില്‍ ഞങ്ങള്‍ ഇരുവരും ഒരുമിച്ച് പറന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ, അഭിമാനകരമായ ദിവസമെന്ന് സഞ്ജയ് പ്രതികരിച്ചു.
‘കുട്ടിക്കാലത്ത്, എന്തുകൊണ്ടാണ് വനിതാ യുദ്ധവിമാന പൈലറ്റുമാരില്ലാത്തത് എന്ന് താന്‍ പലപ്പോഴും അച്ഛനോട് ചോദിച്ചിട്ടുണ്ട്. അദ്ദേഹം അപ്പോള്‍ എന്നോട് പറയുമായിരുന്നു, ‘വിഷമിക്കേണ്ട, നീ അതില്‍ ഒന്നാകുമെന്ന്’. തന്റെ ചിരകാല സ്വപ്നമാണ് യാഥാര്‍ത്ഥ്യമായതെന്നും അനന്യ പറഞ്ഞു. അന്യന്യയെ കൂടാതെ 15 വനിതകള്‍ കൂടി യുദ്ധ വിമാന പൈലറ്റായി പരിശീലനം നേടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: