വിഴിഞ്ഞം: യാത്രയ്ക്കിടയില്‍ ഇന്ധനവും വെള്ളവും ഭഷ്യവസ്തുക്കളും തീര്‍ന്നതിനെ തുടര്‍ന്ന് വിദേശ പായ്ക്കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് അടുപ്പിക്കാന്‍ അടിയന്തര അനുമതി നല്കി. ഇന്ത്യോനേഷ്യയില്‍ നിന്ന് ഗോവയിലെ മോര്‍മുഗാവോയിലേക്ക് പോകുകയായിരുന്ന മൂന്ന് റഷ്യന്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ചെലിയാ ബിന്‍സ്ക് എന്ന പായ്ക്കപ്പലാണ് തുറമുഖത്ത് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ അടുപ്പിച്ചത്.
റഷ്യന്‍ സ്വദേശികളായ ഗോര്‍ണോവ് വ്ലഡിമര്‍ (67), അകിമോവ് (51), സൈനുദീന്‍ അലെക്സി (43) എന്നിവരാണ് പായ്ക്കപ്പലിലുളളത്. ലിത്വാനിയന്‍ ഭാഷ മാത്രമറിയാവുന്ന സംഘത്തിന്റെ സഹായ അഭ്യര്‍ഥനയ്ക്ക് വ്യക്തത വരുത്താന്‍ അധികൃതര്‍ക്ക് ഏറെനേരം വേണ്ടിവന്നു. യാത്രയ്ക്കിടെ പുറം കടലില്‍ വച്ചായിരുന്നു ഇന്ധനക്കുറവ് അനുഭവപ്പെട്ടത്. തുടര്‍ന്ന് മാരിടൈം ബോര്‍ഡിന്റെ നിയന്ത്രണത്തിലുളള വിഴിഞ്ഞം തുറമുഖവുമായി സംഘം ബന്ധപ്പെട്ടു. അടിയന്തരസാഹചര്യം മുന്‍നിര്‍ത്തി വിഴിഞ്ഞം സീവേര്‍ഡ് വാര്‍ഫിലെത്താന്‍ തുറമുഖ വകുപ്പ് അനുമതി നല്കി. എന്നാല്‍ ഇവര്‍ക്ക് കരയില്‍ കയറാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് തുറമുഖ അധികൃതര്‍ അറിയിച്ചതിനുസരിച്ച് വിദേശ പൗരന്മാരുടെ പാസ്പോര്‍ട്ട് വിസയടക്കമുളള രേഖകള്‍ ഇമിഗ്രേഷന്‍ അധികൃതരെത്തി പരിശോധിച്ചു. ഇന്ധനത്തോടൊപ്പം സഞ്ചാരികള്‍ കുടിവെളളവും പലവ്യഞ്ജനങ്ങളും മറ്റ് ഭക്ഷണവസ്തുക്കളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം തുറമുഖ പര്‍സര്‍ വിനുലാല്‍ പറഞ്ഞു.
വിഴിഞ്ഞം മുല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെ.എം. ബക്ഷി കമ്പനിയാണ് സഞ്ചാരികള്‍ക്ക് ഇന്ധനമുള്‍പ്പെട്ട ഭക്ഷ്യവസ്തുക്കള്‍ നല്‍കുക. രാജ്യാന്തര സഞ്ചാരികളായതിനാല്‍ ഇമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സ് അടക്കമുളള നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമേ ഇവരെ തുറമുഖത്ത് അടുപ്പിക്കാനാകൂ. ഇമിഗ്രേഷന്‍ നടപടിക്ക് ശേഷം ഇന്ന് വൈകിട്ടോടെ കസ്റ്റംസ് പരിശോധനയും പൂര്‍ത്തിയാകും. കാലാവസ്ഥ അനുകൂലമായാല്‍ ഇന്ധനം നിറച്ചശേഷം പായ്ക്കപ്പല്‍ വിഴിഞ്ഞം തീരം വിടുമെന്ന് മാരിടൈം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: