ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്തിടെ കേരളത്തില്‍ എത്തിയപ്പോള്‍ ഉദയ്പൂരിലെ തയ്യല്‍ക്കാരന്റെ കൊലപാതകത്തെക്കുറിച്ചുള്ള പരാമര്‍ശം എന്ന മട്ടില്‍ കാണിച്ച് വ്യാജപ്രചരണം നടത്തിയെന്നാരോപിച്ച് ബിജെപി ദേശീയ വക്താവ് രാജ്യവര്‍ദ്ധന്‍ റാത്തോഡിനെതിരേ ഛത്തീസ്ഗഡ് പോലീസ് കേസെടുത്തു. വിഷയത്തില്‍ സീ ടിവി വാര്‍ത്താ അവതാരകന് രോഹിത് രഞ്ജനെ പോലീസ് അറസ്റ്റ് ചെയ്തു.
ഐപിസി സെക്ഷന്‍ 504 (മനഃപൂര്‍വം അപമാനിക്കല്‍), 505 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 153 എ (മതം, വംശം, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) പ്രകാരം പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രാം സിംഗ് ബാന്‍പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ചാനലിനെ വിമര്‍ശിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഛത്തീസ്ഗഡ് പോലീസിന്റെ നീക്കം.
സീ ന്യൂസ് അവതാരകന് രോഹിത് രഞ്ജന്‍ തന്റെ വയനാട്ടിലെ ഓഫീസില്‍ എസ്എഫ്ഐ അക്രമത്തില്‍ കുട്ടികളോട് താന്‍ ക്ഷമിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന സംപ്രേഷണം ചെയ്യുകയും ഉദയ്പൂരില്‍ കനയ്യ ലാലിന്റെ നിഷ്ഠൂരമായ കൊലപാതകത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് ഇതെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജപ്രാചരണം നടത്തിയെന്നും പരാതിക്കാരന് ആരോപിച്ചു. മുന്‍ കേന്ദ്രമന്ത്രി റാത്തോഡ്, മേജര്‍ സുരേന്ദ്ര പൂനിയ, കമലേഷ് സൈനി എന്നിവരുമായി ഗൂഢാലോചന നടത്തിയാണ് മാധ്യമ സംഘം ഇത് ചെയ്തതെന്നാണ് പരാതി. അതേസമയം, തങ്ങള്‍ക്ക് ലഭിച്ച വിവരം തെറ്റായിരുന്നെന്നും മാനുഷികമായ പിഴവായിരുന്നെന്നും വ്യക്തമാക്കി ചാനലും രോഹിത് രഞ്ജനും വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: