വയനാട് : രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടില്‍ റോഡ് നിര്‍മ്മിച്ചത് കേന്ദസര്‍ക്കാര്‍ പദ്ധതിയായ പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന വഴി. എന്നാല‍് ആ റോഡ് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുല്‍ ഗാന്ധി. വയനാട്ടില്‍ അധികസമയവും സന്നിഹിതനല്ലാത്ത രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തിലാണെങ്കില്‍ പോലും വികസനമെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികളും ഫണ്ടുകളും തന്നെ വേണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ പരിഹസിച്ചു.
വയനാട്ടിലെ കരുളായി ടൗണിലാണ് റോഡിന്റെ നിർമ്മാണം പൂർത്തിയായത്. ഗ്രാമീണ മേഖലയിലെ റോഡ് ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനുമാണ് ഈ കേന്ദ്ര സർക്കാർ പദ്ധതി. ഇതിന്റെ ഉദ്ഘാടനമാണ് രാഹുൽ ഗാന്ധി നിര്‍വ്വഹിച്ചത്. ഈ റോഡ് നിര്‍മ്മിക്കാനാവശ്യമായ നൂറ് ശതമാനം തുകയും നല്‍കിയത് കേന്ദ്രമാണ്.
കേന്ദ്രപദ്ധതി പ്രകാരം ഏകദേശം 2.75 കോടി ചെലവിൽ നിർമ്മിച്ചതാണ് 3.2 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ്. കേന്ദ്ര പദ്ധതിയെ പുകഴ്‌ത്തിക്കൊണ്ട് കോൺഗ്രസും അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും പോസ്റ്റ് പങ്കുവെച്ചു.
“കേരളത്തിന്റെ വികസനത്തിലേക്കുള്ള യാത്രയിൽ ഒരു നാഴികക്കല്ല് കൂടി. മലപ്പുറം നിലമ്പൂർ എൽഎസി, കരുളായി ഗ്രാമപഞ്ചായത്ത് കരുളായി ടൗണിൽ പിഎംജിഎസ്‌വൈക്ക് കീഴിൽ നിർമ്മിച്ച അമ്പലപ്പടി-വലമ്പ്പുരം-കൊട്ടൻപാറ റോഡ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു” എന്നാണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ നടത്തിയ ട്വീറ്റ്.
2000 ത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് ആരംഭിച്ച പദ്ധതിയാണിത്. കേരളത്തിലെ എംപി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ പോലും നരേന്ദ്ര മോദി സർക്കാരിന്റെ പദ്ധതികളും ഫണ്ടുകളും കൊണ്ട് മാത്രമാണ് വികസനം എത്തുന്നത് എന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആരംഭിച്ച കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിക്ക് കീഴിൽ നിർമ്മിച്ച ഒരു റോഡ് ഉദ്ഘാടനം ചെയ്ത് വയനാട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി കേരളവികസനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നുവെന്ന വിമര്‍ശനങ്ങളാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: