ഹൈദരാബാദ്: തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടിയെന്ന് പ്രധാനമന്ത്രി മോദി. അതേ സമയം സംസ്ഥാനത്ത് തുടരുന്ന രാജവാഴ്ചയുടെ രാഷ്‌ട്രീയത്തിന് സമാപനം കുറിക്കാൻ സമയമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. തെലങ്കാനയിൽ ബിജെപി സംഘടിപ്പിക്കുന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. .
ബിജെപിയുടെ കഴിഞ്ഞ എട്ടുവര്‍ഷത്തെ ഭരണത്തില്‍ പാവങ്ങളുടെയും ദളിതരുടെയും പിന്നാക്കവിഭാഗക്കാരുടെയും ആദിവാസി ഗോദ്രവര്‍ഗ്ഗക്കാരുടെയും ഉന്നമനത്തിനും ക്ഷേമത്തിനും ബിജെപി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു. അതുകൊണ്ട് തന്നെ ബിജെപിയുടെ ജനപിന്തുണ വര്‍ധിക്കുകയാണ്.
ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള പ്രചാരണത്തിന് തുടക്കമിട്ടത് സർദാർ പട്ടേലാണ്. അദ്ദേഹം ഭാഗ്യനഗറിൽ നിന്നാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നുവെന്നും മോദി പറഞ്ഞു.
രാജവാഴ്ചയെ ജനങ്ങൾ മടുത്തു. രാജവാഴ്ചയും അത്തരം രാഷ്‌ട്രീയവും ജനങ്ങൾക്കിനിയും പേറാനാകില്ല. രാജവംശ പാർട്ടികൾക്ക് അധികം കാലം നിലനിൽക്കാനാകില്ലെന്നും മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിനെതിരെ പരോക്ഷ വിമര്‍ശനം തൊടുത്ത് മോദി വ്യക്തമാക്കി.
ദീർഘകാലം രാജ്യം ഭരിച്ചിരുന്ന രാഷ്‌ട്രീയ പാർട്ടികൾ പലതും അധഃപതിച്ചുകൊണ്ടിരിക്കുകയാണ്. അവരെ നാം പരിഹസിക്കരുത്. പക്ഷേ അവർക്ക് പറ്റിയ തെറ്റുകളിൽ നിന്ന് നാം പഠിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ബിജെപിയ്‌ക്കുള്ളിലെ ജനാധിപത്യത്തെ ചോദ്യം ചെയ്ത പ്രതിപക്ഷത്തിനും മോദി മറുപടി നൽകി. വിമർശകരുടെ സംഘടനകൾക്കുള്ളിലെ ജനാധിപത്യ യോഗ്യതകളുടെ അവസ്ഥയെന്താണെന്നും മോദി ചോദിച്ചു.
പുലി വന്നപ്പോള്‍ കുറുക്കന്‍ ഓടിപ്പോയി: ബണ്ടി സഞ്ജയ്
ഹൈദരാബാദില്‍ പുലി വന്നതോടെ കുറുക്കന്‍ ഓടിപ്പോയെന്ന് ബിജെപി തെലുങ്കാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ്. പ്രധാനമന്ത്രി തെലങ്കാനയില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയായ ചന്ദ്രശേഖര റാവു എത്താതിരുന്നതിനെ പരിഹസിച്ചായിരുന്നു ബണ്ടി സഞ്ജയിന്റെ ഈ പരിഹാസം.
രാഷ്‌ട്രീയം കെസിആറിന് ഒരു സര്‍ക്കസായിരിക്കും പക്ഷെ ബിജെപിയ്‌ക്ക് ഇത് സമൂഹ്യവിമോചനവും രാഷ്‌ട്രനിര്‍മ്മാണവുമാണെന്ന് ഹൈദരാബാദില്‍ സമ്മേളനത്തിനെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: