സക്ഷമ എന്ന സംഘടനയെ പറ്റി അധികം കേട്ടിട്ടുണ്ടായിരുന്നില്ല. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി ദേശീയ തലത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന സംഘടനയാണ് സക്ഷമ. ‘സമദൃഷ്ടി ക്ഷമതാ വികാസ് ഏവം അനുസന്ധാന്‍ മണ്ഡല്’ എന്നതിന്റെ ചുരുക്കപ്പേരാണ് സക്ഷമ. സക്ഷമ തിരുവനന്തപുരം ജില്ലാസമിതിയും, കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് തലസ്ഥാനത്ത് സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. ചിത്രരചന, കളറിംഗ്, ദേശഭക്തി ഗാനമത്സരം എന്നിവയായിരുന്നു അരങ്ങേറിയത്. ഒപ്പം പായസം കൂട്ടി ഒരൂണും. വാസ്തവത്തില്‍ നമ്മളോരോരുത്തരും കാഴ്ച പരിമിതരല്ലേ എന്ന ചോദ്യമാണ് ഈ സമ്മേളനം എന്നിലുയര്‍ത്തിയത്. നമ്മള് ഈ ലോകത്ത് ജീവിയ്ക്കുമ്പോഴും എന്തെല്ലാം കാണാതെ പോകുന്നു ! അറിയാതെ പോകുന്നു ! അതല്ലേ യഥാര്‍ത്ഥ കാഴ്ച പരിമിതി ?
പലരീതിയിലും വലിയ കഴിവുകള്‍ ഉള്ളവരാണ് പുറമേ അംഗപരിമിതര്‍ ആയി കാണപ്പെടുന്ന പലരും എന്ന കാര്യം അവരോട് ഇടപഴകുമ്പോഴേ മറ്റുള്ളവര്‍ക്ക് മനസ്സിലാകൂ. അതുകൊണ്ടാണ് വളരെ അര്‍ത്ഥപൂര്‍ണ്ണമായി ദിവ്യാംഗര്‍ എന്ന് അവരെ നമ്മുടെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. സമൂഹത്തിലെ മറ്റാരേയും പോലെയോ, ഒരു പക്ഷേ അവരെക്കാള്‍ ഒരുപടി മേലേയോ രാഷ്ട്ര നിര്‍മ്മാണത്തില്‍ സംഭാവനകള്‍ അര്‍പ്പിയ്ക്കാന്‍ കഴിയുന്നവരാണ് അവരില്‍ പലരും. എന്തുകൊണ്ടാണ് ഒരു പടി മേലെ എന്നു പറഞ്ഞത് ? തങ്ങളുടെ പരിമിതിയെ കുറിച്ച് ബോധമുള്ള അവര്‍, തങ്ങള്‍ക്കുള്ള കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ പ്രത്യേകമായ ശ്രദ്ധയും പരിശ്രമവും കൊടുക്കും. അതൊരു എകാഗ്ര തപസ്സാണ്. ഒപ്പം അവരെ സ്നേഹിയ്ക്കുന്നവരും അതേ രീതിയിലുള്ള പിന്തുണയും പ്രചോദനവും കൊടുത്താല്‍ ആ തപസ്സിന് ഫലമുണ്ടാകും. മറ്റുള്ളവരെ കവച്ചു വയ്ക്കുന്ന നൈപുണ്യം അവര്‍ക്ക് നേടാന്‍ കഴിയും. അങ്ങനെയുള്ള ധാരാളം വ്യക്തികള്‍ നമുക്ക് ചുറ്റുമുണ്ട്.
ശാസ്ത്ര സാങ്കേതിക വിദ്യകളാണ് മനുഷ്യന്റെ ഭൗതിക പരിമിതികളെ അതിലംഘിയ്ക്കാന് സഹായിയ്ക്കുന്നത്. ദിവ്യാംഗരുടെ കാര്യത്തിലും അങ്ങനെയാണ്. സ്വന്തം ശരീരത്തിന്റെ ഒരിഞ്ചു പോലും സ്വയം ചലിപ്പിയ്ക്കാനോ സ്വയം സംസരിയ്ക്കാനോ കഴിയാതിരുന്ന സ്റ്റീഫന്‍ ഹോക്കിംഗ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന് ലോകപ്രസിദ്ധ സര്‍വ്വകലാശാലയായ കേംബ്രിഡ്ജില്‍ പ്രൊഫസറും, റിസര്‍ച്ച് ഡയറക്ടറുമായി. ലോകം കാതോര്‍ക്കുന്ന ശാസ്ത്ര പ്രഭാഷകനായി. സാങ്കേതിക വിദ്യകള്‍ നല്കിയ സൗകര്യങ്ങളായിരുന്നു അദ്ദേഹത്തെ അതിന് പ്രാപ്തനാക്കിയത്. സാങ്കേതിക വിദ്യ പലപ്പോഴും വളരെ ചെലവേറിയതാണ്. യഥാര്‍ത്ഥ ഉപയോക്താക്കള്‍ക്ക് അത് ലഭ്യമാകുവാന്‍ തടസ്സമായി നില്‍ക്കുന്നത് അതിന്റെ ചെലവാണ്. ആ കടമ്പ കടക്കാന്‍ സര്‍ക്കാരുകളുടെ സഹായം കൂടിയേ തീരൂ. ദിവ്യാംഗരുടെ പ്രശ്നങ്ങളും അവരിലെ ഒളിഞ്ഞു കിടക്കുന്ന കഴിവുകളും സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതില്‍ സക്ഷമ പോലുള്ള സാമൂഹ്യ സംഘടനകള്‍ക്ക് വഹിയ്ക്കാനുള്ള പങ്ക് വളരെ വലുതാണ്. സമൂഹ ശ്രദ്ധയില്‍ വന്നാല്‍ മാത്രമേ അവര്‍ക്കാവശ്യമുള്ള സാങ്കേതിക വിദ്യകളും സംവിധാനങ്ങളും തദ്ദേശീയമായി വികസിപ്പിയ്ക്കാനും, അതിലൂടെ ചെലവു കുറഞ്ഞ പരിഹാരങ്ങള്‍ കണ്ടെത്തുവാനും അത് എല്ലാവര്ക്കും എത്തിച്ചു കൊടുക്കാനും കഴിയൂ.
അമൃത് മഹോത്സവ് പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് സംസാരിച്ച കുമാരി ട്രിഫാനി ബ്രാര്‍ കാഴ്ച പരിമിതര്‍ നേരിടുന്ന പല പ്രശ്നങ്ങളും സൂചിപ്പിയ്ക്കുകയുണ്ടായി. കറന്‍സി നോട്ടുകള്‍ അന്ധര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ പരിഷ്ക്കരിയ്ക്കണം എന്ന് അവര്‍ പറയുമ്പോള്‍ മാത്രമാണ് അത് കാഴ്ച പരിമിതര്‍ നേരിടുന്ന വലിയ പ്രശ്നമാണല്ലോ എന്നു മറ്റുള്ളവര്‍ തിരിച്ചറിയുന്നത്. അതുപോലെ ദിവ്യാംഗര്‍ക്കുള്ള റെയില്‍വേ ബോഗികള്‍ ട്രെയിനിന്റെ നടുക്ക് വരണമെന്നും, പല രാജ്യങ്ങളിലും ഇപ്പോഴുള്ളതു പോലെ ബസ്സുകളിലും ട്രെയിനുകളിലും സ്റ്റോപ്പുകള്‍ അറിയിയ്ക്കുന്ന അനൗന്‍സ്മെന്റ് നമ്മുടെ നാട്ടിലും ഉണ്ടാവണം എന്നവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകളും പൊതു കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കണം. ചെറുപ്പത്തിലേ അഞ്ചു ഭാഷകളില്‍ പ്രവീണ്യം നേടിയ, 2018 ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളിയായതിന് ഭാരത സര്‍ക്കാരിന്റെ അഭിനന്ദനത്തിന് പാത്രമായ, ജ്യോതിര്‍ ഗമയ എന്ന സാമൂഹ്യ സംഘടനയുടെ സ്ഥാപകയായ ട്രിഫാനി ബ്രാര്‍ ദിവ്യാംഗര്‍ക്ക് എന്നും ഒരു പ്രചോദനമാണ്.
പതിമൂന്ന് വിഭാഗങ്ങളിലായിട്ടായിരുന്നു ചിത്ര രചനാ / കളറിംഗ് മത്സരം നടന്നത്. ചില കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ മികവ് ആരെയും അതിശയിപ്പിയ്ക്കുന്നതായിരുന്നു. സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ടവയായിരുന്നു വിഷയങ്ങള്‍. ദേശീയ പതാക, നേതാജി, ചെങ്കോട്ട, വീരസവര്‍ക്കര്‍, ഗാന്ധിജിയുടെ ദണ്ഡിയാത്ര, സൈനികന്, ദേശീയ പക്ഷി തുടങ്ങിയവയായിരുന്നു കുട്ടികള്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് കടലാസുകളില്‍ രചിച്ചത്. നറുക്കെടുപ്പിലൂടെ ദേശഭക്തിഗാന മത്സരത്തിനുള്ള ടീമുകളുടെ പേര് നിശ്ചയിച്ചത് വ്യത്യസ്തത പുലര്‍ത്തി. പഴശ്ശിരാജ മുതല്‍ വക്കം അബ്ദുള്‍ ഖാദര്‍ വരെയുള്ള സ്വാതന്ത്യസമര പോരാളികളുടെ പേരുകളില്‍ നിന്നും ടീമംഗങ്ങള്‍ തങ്ങളുടെ ടീമിന്റെ പേര് നറുക്കെടുത്തു. പങ്കെടുത്ത എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരുന്നു. അവ സ്വീകരിയ്ക്കുമ്പോള്‍ സ്വര്‍ഗ്ഗം കിട്ടിയ സന്തോഷം ഓരോരുത്തരിലും അലതല്ലി. പ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകന് ജി വേണുഗോപാല്‍ സക്ഷമയ്ക്കായി ആലപിച്ച ഗാനം അമൃത് മഹോത്സവത്തിന് ഊര്‍ജ്ജം പകര്‍ന്നു. മത്സരാര്‍ഥികള്‍ക്ക് കൊടുത്ത എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും നേരിട്ട് കൈയ്യൊപ്പിടാനും അദ്ദേഹം സന്മനസ് കാണിച്ചു എന്നറിഞ്ഞു.
ഇന്ന് ലോക പ്രശസ്തയായ ഹെലന് കെല്ലറെ അനുസ്മരിയ്ക്കുമ്പോള് കുട്ടിക്കാലത്ത് സ്വന്തം കുടുംബത്തിനു പോലും പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഹെലന് എന്നോര്‍ക്കണം. അന്ന് ഹെലനെ പഠിപ്പിയ്ക്കാം എന്ന ദൃഡനിശ്ചയത്തോടെ മുന്നോട്ട് വന്ന് ആ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിച്ച അവരുടെ അദ്ധ്യാപികയായ ആനി സള്ളിവനെ നമ്മള് വിസ്മരിക്കാന്‍ പാടില്ല. നിംസ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ ഫൈസല്‍ ഖാന് തന്റെ പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു.
എടുത്തു പറയേണ്ട വസ്തുത നിസ്വാര്‍ത്ഥ സേവകരായി ഓരോ മുക്കിലും മൂലയിലും ഓടിനടന്ന വളണ്ടിയര്‍മാരുടെ സേവന സന്നദ്ധതയാണ്. NIMS നഴ്സിംഗ് കോളേജിലെ റെഡ് ക്രോസ് വളണ്ടിയര്‍മാരും, നഗരത്തിലെ കോളേജുകളില്‍ നിന്നെത്തിയ കുട്ടികളും അടങ്ങുന്ന ചെറുപ്പക്കാരുടെ ഒരു സംഘം എന്തിനും റെഡിയായി വിളിപ്പുറത്തുണ്ടായിരുന്നു. ഭക്ഷണം വിളമ്പാനും, ഭക്ഷണം കഴിച്ച പാത്രങ്ങള്‍ കഴുകാനും, വീല്‍ ചെയറുകള്‍ ഉരുട്ടാനും, കുട്ടികളെ വേദികളിലേക്ക് കൈപിടിച്ച് കൊണ്ടു പോകാനും തിരിച്ചിറക്കാനും, സര്‍ട്ടിഫിക്കറ്റുകള്‍ എഴുതാനും എല്ലാറ്റിനും എവിടേയും അവരെ കാണാമായിരുന്നു. ഇതൊക്കെ കാണ്ടപ്പോള്‍ നമ്മുടെ ചെറുപ്പക്കാരില്‍ അച്ചടക്കവും സേവന സന്നദ്ധതയും തീര്‍ത്തും നഷ്ടപ്പെട്ടിട്ടില്ല എന്ന് ബോദ്ധ്യമായി.
സര്‍വ്വചരാചരങ്ങളിലും പരമാത്മാവ് കുടികൊള്ളുന്നു എന്ന് ഭാരതീയ ദാര്ശനികന്മാര് ദര്‍ശിച്ചു. അതില്‍ ഈശ്വരന് ഏറ്റവും പ്രകടീകൃതമായി കാണപ്പെടുന്നത് ജീവന്റെ രൂപത്തിലാണ്. അതുകൊണ്ട് ‘ജീവന് തന്നെ ശിവന്’ എന്ന് ഋഷിമാര്‍ ഉറപ്പിച്ചു പറഞ്ഞു. ഈശ്വരനെ സേവിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ അവിടുത്തെ ഏറ്റവും പ്രകട ഭാവമായ ജീവന്മാരെ സേവിയ്ക്കണം എന്ന് അവര്‍ ഉപദേശിച്ചു. മാനവ സേവ തന്നെ മാധവ സേവ. സഹജീവന്മാരോടുള്ള സ്നേഹാനുകമ്പകളും അവരെ സേവിയ്ക്കലും അങ്ങനെയാണ് ഈശ്വരോപാസനയായി മാറുന്നത്.
ജയചന്ദ്ര കുമാര്‍ എസ് ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: