ചണ്ഡിഗഡ്: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മ്മുവിനെ പിന്തുണയ്‌ക്കുമെന്ന് ശിരോമണി അകാലിദള്‍. വെള്ളിയാഴ്ച ചണ്ഡിഗഡില്‍ നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം സുഖ്ബീര്‍ സിംഗ് ബാദല്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുകയായിരുന്നു.
രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ബാദല്‍ പറഞ്ഞു. ബിജെപിയോട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ചൂഷിതരുടെയും സ്ത്രീകളുടെയും അന്തസിന്റെ പ്രതീകമാണ് ദ്രൗപതി മുര്‍മു. അതിനാല്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ അവരെ പിന്തുണയ്‌ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നും ബാദല്‍ വ്യക്തമാക്കി.
സുവര്‍ണ ക്ഷേത്രം ആക്രമിച്ച് സിഖ് സമുദായത്തെ വഞ്ചിക്കുകയും ആയിരക്കണക്കിന് സിഖുകാരെ കൊലപ്പെടുത്തുകയും ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മത്സരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ തന്റെ പാര്‍ട്ടിക്ക് കഴിയില്ലെന്ന് സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു.
തന്റെയും ഭരണപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയുടെയും വ്യക്തിത്വങ്ങള്‍ തമ്മിലല്ല മത്സരം. രാജ്യത്തിന് ഗുണവും ദോഷവും ചെയ്യുന്ന രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലാണ് മത്സരമെന്നും ബാദല്‍ പറഞ്ഞു. ബിജെപിയോട് പലകാര്യങ്ങളിലുള്ള എതിര്‍പ്പും വാര്‍ത്താ സമ്മേളനത്തില്‍ അദേഹം തുറന്നു പറഞ്ഞു.
ദ്രൗപതി മുര്‍മ്മുവിനെ പ്രശംസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തുവന്നിരുന്നു. രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥിയാണ് ബിജെപിയുടെ ദ്രൗപതി മുര്‍മുവെന്ന് അവര്‍ വ്യക്തമാക്കി. മുര്‍മുവാണെന്ന് രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെന്ന് അറിഞ്ഞാല്‍ തന്റെ പാര്‍ട്ടി പൂര്‍ണമായും പിന്തുണയ്‌ക്കുമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിജെപി നേതൃത്വം തന്റെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി ആരാണെന്ന് പറഞ്ഞിരുന്നില്ല. അതാണ് ഇക്കാര്യത്തില്‍ സംഭവിച്ച അബദ്ധം. ദ്രൗപതി മുര്‍മുവിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് പിന്തുണയ്‌ക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും മമത പറഞ്ഞു. ഇസ്‌കോണ്‍ രഥയാത്രയുമായി ബന്ധപ്പെട്ട ചടങ്ങില്‍ കൊല്‍ക്കത്തയില്‍ സംസാരിക്കുമ്പോഴാണ് മമത ഇക്കാര്യം പറഞ്ഞത്.
മമത ബാനര്‍ജിയുടെ ഈ മലക്കം മറിച്ചില്‍ എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: