ഡോ. സന്തോഷ് മാത്യു
ജനീവയില്‍ ജൂണ്‍ 12 മുതല്‍ 17വരെ നടന്ന ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ)യുടെ മന്ത്രിതല സമിതി മത്സ്യമേഖലയിലെ സബ്സിഡി പൂര്‍ണമായി നിര്‍ത്തലാക്കുന്നതിനാണ് തിരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ നീല സമ്പദ്വ്യവസ്ഥയെ ഈ തീരുമാനം കാര്യമായി ബാധിക്കും. ഉച്ചകോടിയില്‍ പങ്കെടുത്ത 164 രാജ്യങ്ങളില്‍ പകുതിയിലേറെ രാജ്യങ്ങളും പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള സബ്സിഡി തുടരണമെന്ന് ആവശ്യപ്പെട്ടു. വികസിത രാജ്യങ്ങള്‍ സമ്മതിച്ചില്ല. അമിത മത്സ്യബന്ധനവും വിനാശകരമായ മത്സ്യബന്ധനരീതിയും തടയുന്നതിനാണ് സബ്സിഡി നിരോധനം എന്നാണ് ലോക വ്യാപാരസംഘടനയുടെ വിശദീകരണം. 1980 കാലഘട്ടത്തില്‍ 10 ശതമാനം മത്സ്യ ഇനങ്ങളാണ് അമിതചൂഷണത്തിന് വിധേയമായിരുന്നത്. തൊണ്ണൂറുകളോടെ ലോക വ്യാപാര സംഘടനയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഉദാരവത്കരണ നയങ്ങളാണ് യഥാര്‍ത്ഥത്തില്‍ വ്യാവസായിക മത്സ്യബന്ധനത്തിന് തുടക്കം കുറിച്ചത്. അമേരിക്ക,യൂറോപ്യന്‍ യൂണിയന് തുടങ്ങിയ വികസിത-മുതലാളിത്ത രാജ്യങ്ങള്‍ വ്യാവസായിക മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടു. 130 മീറ്റര്‍ നീളമുള്ള വന്‍ കപ്പലുകള്‍, കടലിന്റെ ആവാസ വ്യവസ്ഥ തകര്‍ക്കുന്ന മത്സ്യബന്ധനരീതി, ആധുനിക സംസ്കരണ സംവിധാനങ്ങള്‍, കൂറ്റന്‍ ശീതീകരണ ശാലകള്‍ ഇതെല്ലാം ഈ കപ്പലുകളുടെ സവിശേഷതകളാണ്.
വ്യാവസായിക മത്സ്യബന്ധനമാണ് കടലിന്റെ ആവാസവ്യവസ്ഥ തകിടം മറിച്ചതും മത്സ്യ ഇനങ്ങളുടെ തകര്‍ച്ചയിലേക്ക് വഴിയൊരുക്കിയതും. ഇവ ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ചും മാസങ്ങളോളം കടലില്‍ ചെലവഴിച്ചും മറ്റു രാജ്യങ്ങളുടെ പുറംകടലിലെ സമ്പത്ത് കൊള്ളയടിക്കുന്നു. എന്നാല്‍, ചെറു ബോട്ടുകളും വള്ളങ്ങളും ഉപയോഗിച്ചു നടത്തുന്ന മത്സ്യബന്ധനം മുഖ്യമായും തീരത്തോടു ചേര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗമാണ്.
വിവിധ രാജ്യങ്ങളോടു ചേര്‍ന്ന പ്രത്യേക സാമ്പത്തിക മേഖലയില്‍ (200 നോട്ടിക്കല്‍ മൈല്‍)കടല്‍ മത്സ്യബന്ധനത്തിനു നല്‍കിവരുന്ന എല്ലാ സബ്സിഡികളും രണ്ടു വര്‍ഷം കഴിഞ്ഞാല്‍ നിര്‍ത്തലാക്കാനുള്ള ലോക വ്യാപാര സംഘടനയുടെ തീരുമാനം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിലും കാര്‍മേഘങ്ങളായി ഉരുണ്ടുകൂടും. കാറ്റും കോളും തിരയും നിറഞ്ഞ അവരുടെ ജീവിതത്തില്‍ വീണ്ടും പരീക്ഷണത്തിന്റെ നാളുകള്‍ വരികയാണ്. ജനീവയില്‍ നടന്ന ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനം കൈക്കൊണ്ട തീരുമാനം ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെയുള്ള തീര സംസ്ഥാനങ്ങളിലെ ഒന്നരക്കോടിയോളം വരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തെ നടുക്കടലില്‍ തള്ളുന്നതായി. ഡബ്ല്യുടിഒ തീരുമാനം നടപ്പിലാകുന്നതോടെ അടിസ്ഥാന സൗകര്യ വികസനം, തുറമുഖ നിര്‍മാണം,യാനങ്ങളുടെ നിര്‍മാണം, എന്ജിന്, വല, ഇന്ധനം തുടങ്ങിയവയ്ക്കൊക്കെ നിലവില്‍ നല്കിക്കൊണ്ടിരിക്കുന്ന സബ്സിഡികള്‍ ഇല്ലാതാകും.കേരളതീരത്തുനിന്നു പരമ്പരാഗത വള്ളങ്ങളിലും ബോട്ടുകളിലും മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്കു വരും കാലങ്ങളില്‍ സബ്സിഡി ഇനത്തില്‍ ഒരു ആനുകൂല്യവും ഉണ്ടാകില്ല എന്നര്‍ത്ഥം. നിയമവിരുദ്ധവും അനിയന്ത്രിതവുമായ മത്സ്യബന്ധനവും മത്സ്യസമ്പത്തിന്റെ അമിതമായ ചൂഷണവും തടയാനെന്ന പേരിലുള്ള തീരുമാനം 590 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള കേരളത്തെ പ്രതിസന്ധിയുടെ കടലാഴങ്ങളിലേക്കു നയിക്കുമെന്നതില്‍ സംശയമില്ല. സംസ്ഥാനത്തുനിന്നു വള്ളങ്ങളിലും ബോട്ടുകളിലുമായി കടലില്‍ പോകുന്നവരില്‍ ഭൂരിഭാഗവും ചെറുകിട മീന്‍പിടുത്തക്കാരാണ്. അവരിലേറെയും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍. വികസിത അവികസിത രാജ്യങ്ങളെന്നോ ചെറുകിട വന്‍കിടക്കാരെന്നോ വ്യത്യാസമില്ലാതെ സബ്സിഡി നിര്‍ത്തലാക്കുമ്പോള്‍ അതിന്റെ ആഘാതം കടലിനെ ആശ്രയിച്ചു ജീവിക്കുന്ന കേരളത്തിലെ പത്തരലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ചുമലില്‍ അതേപടി പതിക്കും. അത്യാധുനിക സാങ്കേതികവിദ്യയും സംസ്കരണ സംവിധാനവുമൊക്കെയായി കടലില്‍ മാസങ്ങളോളം തമ്പടിച്ചു മീന്‍ പിടിക്കുന്ന വികസിത രാജ്യങ്ങളിലെ കപ്പലുകളെയും ഉപജീവനത്തിനും ഭക്ഷ്യാവശ്യത്തിനുമായി കടലില്‍ പോകുന്ന ചെറുകിടക്കാരെയും ഒരേതട്ടില്‍ കണ്ടത് നീതീകരിക്കാനാവാത്ത മാനദണ്ഡമായി.
ചെറുകിടക്കാര്‍ക്കുള്ള സബ്സിഡി 25 വര്‍ഷത്തേക്കു കൂടി തുടരണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചില്ല. സബ്സിഡി തുച്ഛമാണെങ്കിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ജീവന് പണയം വയ്ക്കുന്നവര്‍ക്ക് അതു ചെറിയൊരാശ്വാസമായിരുന്നു. അതാണ് ഇപ്പോള്‍ ഈ തീരുമാനത്തിലൂടെ നിലച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: