മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദം ഒഴിയുന്നതിന് മുമ്പ് ഉദ്ധവ് താക്കറേ പൊതുസമൂഹ സമക്ഷം കൈകൂപ്പിയത് ഹിന്ദു ഹൃദയ സാമ്രാട്ട് ബാലാ സാഹേബ് താക്കറെയുടെ സ്മരണയ്ക്കു മുമ്പില്‍ മാപ്പു പറയാനായിരുന്നോ? അതിനാണ് സാദ്ധ്യത. അതു മനസ്സിലാക്കണമെങ്കില്‍ എന്തായിരുന്നു ശിവസേനാ സ്ഥാപകന്‍ പറഞ്ഞറിയിച്ചതും പ്രവര്‍ത്തിച്ച് മാതൃകയാക്കിയതുമായ രാഷ്ട്രീയ പാരമ്പര്യം എന്നത് വിശകലനം ചെയ്യേണ്ടതുണ്ട്.
‘രാഷ്ട്രീയം ഒരു പറ്റം തെമ്മാടികളുടെ കളിയാണെന്നല്ലേ പറയുന്നത്? താനൊരു മാന്യനാകണോ തെമ്മാടിയാകണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്കുണ്ട്. ഒരാള്‍ തെമ്മാടിയാകണമെന്ന് നിശ്ചയിച്ചാല്‍ എനിക്കെന്തു ചെയ്യാന്‍ കഴിയും? പക്ഷേ ഞാനൊരിക്കലും തെമ്മാടിയുടെ കൂടെച്ചേരില്ല; അതാരായാലും. അടല്‍ജിയുടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ നെറികെട്ട കൂട്ടുകെട്ടിന് ചുക്കാന്‍ പിടിച്ച ഒരാള്‍ക്ക് ഹസ്തദാനം ചെയ്യാന്‍ ഞാനൊരിക്കലും തയ്യാറല്ല. ശത്രു എന്നും ശത്രുതന്നെയാണ്’. സംശയത്തിനൊരിടയും നല്‍കാതെയാണ് ബാലാസാഹേബ് താക്കറേ, എന്‍സിപിയുമായുള്ള കൂട്ടുകെട്ടിന്റെ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍, 1999ല്‍, തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.
ആ പാരമ്പര്യം ഉദ്ധവ് താക്കറെയില്‍ പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം 2019ല്‍ മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാന്‍ മഹാവികാസ് അഘാഡിയെന്ന അവസരവാദ രാഷ്ട്രീയത്തിന്റെ അവിശുദ്ധ കൂട്ടുകെട്ടില്‍ ചേര്‍ന്നത്. ബിജെപി ജമ്മു-കശ്മീരില്‍ മുഫ്തി മുഹമ്മദ് സെയ്ദിന്റെ പിഡിപിയുമായി ചേര്‍ന്ന് ഭരണം പങ്കിട്ടതിനെ ഉയര്‍ത്തിക്കാട്ടിയാണ് സോണിയാ-പവാര്‍-ഉദ്ധവ്-യച്ചൂരി പക്ഷം മഹാരാഷ്ട്രയിലെ ‘വൈരുദ്ധ്യാത്മക’ മുന്നണിയെ ന്യായീകരിച്ചത്. കടന്നുകയറാന്‍ ഇടം കിട്ടാനിടയില്ലാത്ത രാവണന് കോട്ടയില്‍ നിലയുറപ്പിക്കാന്‍ ശത്രുപക്ഷവുമായി സഖ്യം ചേരുകയെന്ന അനിവാര്യമായ കൂട്ടുകെട്ടിന് തയ്യാറായപ്പോഴും ദേശീയബോധത്തിലധിഷ്ഠിതമായ തങ്ങളുടെ അടിസ്ഥാന നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയും വരെ കാര്യങ്ങളെത്തിച്ച ബിജെപിയെ വിമര്‍ശിക്കുന്നത് കാര്യമറിയാത്തവരാണ്. അതേ ശൈലിയില്‍ ശിവസേന കോണ്‍ഗ്രസിനോടും എന്‍സിപിയോടും ചേര്‍ന്ന് ബാല്‍ താക്കറേയുടെ അടിസ്ഥാന നിലപാടുതറയായ ഹിന്ദുത്വവ അജണ്ട നടപ്പാക്കിയിരുന്നെങ്കില്‍ ഉദ്ധവിനെ ആരാണ് എതിര്‍ക്കുക.
പാല്‍ഘറില്‍ ഹിന്ദു സംന്യാസിമാരെ അതിക്രൂരമായി ആള്‍ക്കൂട്ടത്തെക്കൊണ്ട് തല്ലിക്കൊല്ലിച്ച കമ്മ്യൂണിസ്റ്റ്-ഹിന്ദുവിരുദ്ധ വര്ഗീയക്കൂട്ടായ്മയ്ക്ക് വഴിയൊരുക്കുകയും സംരക്ഷണം നല്‍കുകയും ചെയ്താണ് ബാല്‍ താക്കറെയുടെ പുത്രന് അധികാരം ആഘോഷിച്ചത്. കോണ്‍ഗ്രസിനേയും സോണിയയേയും വിമര്‍ശിച്ചതിന്റെ പേരിലാണ് മാധ്യമ പ്രവര്ത്തകന് അര്‍ണബ് ഗോസാമിയെ അധികാരം ഉപയോഗിച്ച് വേട്ടയാടിയത്. ചലച്ചിത്ര പ്രതിഭ കങ്കണാ റണാവത് ദേശീയതയ്ക്കൊപ്പമാണെന്നു കണ്ടതോടെ അവര്‍ക്കു നേരേയുണ്ടായി രാഷ്ട്രീയ ഗുണ്ടകളുടെ കടന്നാക്രമണം; അവരുടെ വീടിനു നേരെ അധികാരത്തിന്റെ ബുള്‍ഡോസര്‍! അവിടെയാണ് ബാലാസാഹേബിന്റെ സ്മരണകള്‍ ഉദ്ധവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
ബാല്‍ താക്കറെയെന്ന കര്‍മ്മയോഗി
സോണിയയും ചിദംബരവും ചേര്‍ന്ന് ഇല്ലാത്ത ഹൈന്ദവ തീവ്രവാദം പടച്ചെടുത്ത്, പാകിസ്ഥാന്റെ ഇസ്ലാമിക തീവ്രവാദത്തെ പ്രതിരോധിക്കാന്‍ ന്യായീകരണ ക്യാപ്സൂളൊരുക്കുന്ന പണിയേറ്റെടുത്തു. കള്ളക്കേസില്‍ കുടുക്കാന്‍ വേണ്ടി പ്രഗ്യാ സിങ് ഠാക്കൂറെന്ന യുവസന്യാസിനിയെ കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചവശയാക്കി. ശരീരം നുറുങ്ങുന്ന വേദനയുമായി ജീവിക്കുന്ന അവര്‍ അടുത്ത കാലത്ത് അക്കാര്യത്തില്‍ ബാലാസാഹേബ് താക്കറെ നടത്തിയ ഇടപെടല്‍ രേഖപ്പെടുത്തിട്ടുണ്ട്. ബാലാസാഹേബ് എടിഎസ് എന്ന അന്വേഷണ സംഘത്തോട് വ്യക്തമായി പറഞ്ഞു: ‘അവര്‍ക്കെതിരെ അന്യായം ചെയ്യരുത്. അവര്‍ തെറ്റുകാരിയല്ല; അവരെ വിട്ടയക്കണം. എനിക്കറിയാം നിങ്ങളുടെ ഗൂഢാലോചന. ഞാന്‍ പറയുന്നതു പോലെ ചെയ്തില്ലെങ്കില്‍ ഞാന്‍ നിങ്ങളുടെ നമ്പറുകള്‍ പരസ്യമാക്കും; അപ്പോള്‍ പൊതുജനം നിങ്ങളുടെ ഭവനങ്ങളില്‍ കയറി നിങ്ങളെ കൈകാര്യം ചെയ്യും. നിങ്ങള്‍ അവരെ വിട്ടയച്ചില്ലെങ്കില്‍ ഞങ്ങള്‍ നവംബര്‍ മുപ്പതിന് ബന്ദ് നടത്തും’. ആ ധീരനായ കര്‍മ്മയോഗിയുടെ മകന്റെ അധികാരമോഹം വരുത്തിയ വിനയാണ് മഹാ വിപത്തായി മാറിയ മഹാരാഷ്ട്രയിലെ രാഷ്ട്രീയ മുന്നണി!
കള്ളപ്പണവും ഇസ്ലാമിക തീവ്രവാദവും പിടിമുറുക്കുന്ന ബോംബെ അധോലോകത്തിന്റെ രാഷ്ട്രീയ മുഖമായ ശരത് പവാര്‍ സ്വന്തം ആരോഗ്യാവസ്ഥ പോലും മറന്ന് കൊടും മഴ നനഞ്ഞ് 2019ലെ മഹാരാഷ്ട്രാ തെരഞ്ഞെടുപ്പില്‍ കഠിനാദ്ധ്വാനം ചെയ്തതുതന്നെ തന്റെയും പ്രഫുല്‍ പട്ടേലുള്പ്പടെയുള്ളവരുടെയും അനധികൃത സമ്പാദ്യങ്ങള്‍ ഭാരതത്തിന്റെ സാമ്പത്തിക കുറ്റാന്വേഷകരുടെ വലയില്‍ പെട്ടുതുടങ്ങിയപ്പോള് പ്രതിരോധം തീര്‍ക്കാനായിരുന്നു. അത്തരം കള്ളപ്പണ സമ്പാദ്യങ്ങളുടെ ഉറവിടങ്ങളൊരുക്കിയ അധോലോക ബന്ധുക്കളും അവരെ നയിക്കുന്ന പാകിസ്ഥാനുള്‍പ്പടെയുള്ള വൈദേശിക ശക്തികളും കളത്തിലിറങ്ങി കളിച്ചു നേടാന്‍ പവാറിനെ നിര്ബന്ധിച്ചിട്ടുമുണ്ടാകാം.
എന്തൊക്കെ ചെയ്തിട്ടും പൊതുവികാരം ഹൈന്ദവ ദേശീയതക്കൊപ്പമായതോടെ ബിജെപിയും ശിവസേനയും ചേര്‍ന്നുള്ള ദേശീയ ജനാധിപത്യ മുന്നണിക്കാണ് ജനങ്ങളുടെ അംഗീകാരം കിട്ടിയത്. 288 അസംബ്ലി സീറ്റുകളില്‍ 105 ബിജെപിക്ക്; കൂടെ നിന്ന ശിവസേനയ്ക്ക് 56. അവിടെയാണ് മുഖ്യമന്ത്രിപദത്തിനായി സ്വയം വില്‍ക്കാനിറങ്ങിയ ഉദ്ധവ് താക്കറയെ വിലയ്ക്ക് വാങ്ങാന്‍ ശരത്പവാറും സോണിയയും കളത്തിലിറങ്ങി കച്ചവടമുറപ്പിച്ചത്. അന്നു മുതല്‍ തന്നെ ആത്മഹത്യാപരമായ ആ നടപടിയോട് പ്രതിഷേധമുയര്‍ത്തിയവരാണ് ഏക്നാഥ് ഷിന്‍ഡെയും അദ്ദേഹത്തോടൊപ്പം നിന്ന ശിവസേനാ സാമാജികരും, താക്കറെയുടെ യഥാര്‍ത്ഥ അനുയായികളായ സാധാരണ ശിവസൈനികരുടെ സമൂഹവും. ഹിന്ദുവില്‍ നിന്ന് അകലുകയും ഹിന്ദുവിരുദ്ധ വര്‍ഗീയതയോട് വിധേയത്വം സ്ഥാപിക്കുകയും ചെയ്ത ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയത്തോടുള്ള വിയോജിപ്പാണ് വിമതപക്ഷത്തിന് ശരിയുടെ വഴിയില്‍ ധീരമായി മുന്നേറാന്‍ പ്രചോദനമായത്.
അവിശുദ്ധ കൂട്ടുകെട്ടില്‍ നിന്നകന്ന് വിമതര്‍
1993ല്‍ ബോംബെയില്‍ 12 ഹൈന്ദവ ആരാധനാലയങ്ങള്‍ സ്ഫോടനങ്ങളില്‍ തകര്‍ത്ത് അക്രമകാരികളായ ഇസ്ലാമിക തീവ്രവാദികള്‍ ഏകപക്ഷീയമായി അഴിഞ്ഞാടിയ വാര്‍ത്ത അറിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു മുസ്ലീം പള്ളിയും ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന പച്ചക്കള്ളം മാധ്യമങ്ങളോട് പറഞ്ഞു പ്രചരിപ്പിച്ചു, അന്നത്തെ മുഖ്യമന്ത്രി ശരത് പവാര്‍. അക്രമകാരികള്‍ക്ക് ന്യായീകരണവും പ്രേരണയും നല്‍കും വിധത്തില്‍ പ്രതികരിച്ച പവാറിന്റെ നേരില്ലായ്മ മഹാരാഷ്ട്ര മറന്നിട്ടുണ്ടാകില്ലെന്ന തിരിച്ചറിവും ഹിന്ദുവിരുദ്ധവര്ഗീയതയുടെയും ദേശ വിരുദ്ധ രാഷ്ട്രീയത്തിന്റെയും കൂട് പൊളിക്കുവാന്‍ വിമതര്‍ക്ക് പ്രേരണയായിട്ടുണ്ടാകണം.
മഹാരാഷ്ട്രയിലെ ഇന്നത്തെ വിമതനീക്കത്തിനു പിന്നില്‍ പണവും പ്രലോഭനങ്ങളുമാണെന്ന് പറയുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് സഖാക്കളുള്‍പ്പടെയുള്ളവര്‍ 2019 ല്‍ ജനഹിതം അട്ടിമറിച്ച് ദേശീയജനാധിപത്യ മുന്നണിയില്‍ നിന്ന് ഉദ്ധവ് താക്കറെയെയും ശിവസേനയെയും അടര്‍ത്തിയെടുക്കാന്‍ എത്ര പണവും എന്തൊക്കെ പ്രലോഭനങ്ങളും കൊടുത്തുവെന്ന കണക്കു പറയണം. ദേശീയ തലത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ കേരളനേതാക്കളെ മറുകണ്ടം ചാടിക്കാന്‍ ശരത്പവാറിന്റെ എന്‍സിപി, പി.സി. ചാക്കോയെ കളത്തിലിറക്കിയപ്പോള്‍ വാരിയെറിഞ്ഞ തുകയുടെ കണക്കു പറയണം.
കമ്യൂണിസ്റ്റുകള്‍ ഓര്‍ത്തെടുക്കേണ്ട ഒരു ചരിത്ര സംഭവം കൂടിയുണ്ട്. 1967ല്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇഎംഎസിന്റെ നേതൃത്വത്തില്‍, വര്‍ഗസമരം ഉപേക്ഷിച്ച് മുസ്ലീം ലീഗെന്ന വര്‍ഗീയകക്ഷിയുമായി കൂട്ടു ചേര്‍ന്ന് ഈര്‍ക്കില്‍ പാര്‍ട്ടികളുള്‍പ്പടെ ഏഴ് കൂട്ടരെ ഉള്‍പ്പെടുത്തി തട്ടിക്കൂട്ടിയ അവസരവാദ മുന്നണി അന്നത്തെ കേരള തിരഞ്ഞെടുപ്പില്‍ 133 ല്‍ 117 സീറ്റും നേടി; പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് ഒമ്പതും കേരളാ കോണ്‍ഗ്രസ്സിന അഞ്ചും സീറ്റുകള്‍. ഇന്ദിരയുടെ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏത് ചെകുത്താനോടും കൂട്ടുചേരുമെന്നാണ് ഇഎംഎസ് പറഞ്ഞ ന്യായം. അങ്ങനെ അധികാരത്തില്‍ വന്ന ഇഎംഎസ് സര്‍ക്കാരിനെയാണ് വലത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുള്‍പ്പടെ വിമതരെ ഉപയോഗിച്ചു കൊണ്ട് ഇന്ദിരയുടെ കോണ്‍ഗ്രസ് അട്ടിമറിയിലൂടെ ചവിട്ടി പുറത്താക്കിയത്. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കിയത്. അത് ചേലല്ലാത്ത പണിയായിപ്പോയിയെന്ന് അന്നും ഇന്നും പറയുന്ന ഇടതുസഖാക്കള്‍, മഹാരാഷ്ട്രയില്‍ 2019ല്‍ ജനം തെരഞ്ഞെടുത്ത എന്‍ഡിഎയില്‍ നിന്ന് ശിവസേനയെ അടര്‍ത്തിയെടുത്ത് ജനവിധി അട്ടിമറിച്ചതിലെ നെറികേടിനെ ന്യായീകരിക്കരുത്. ആ തെറ്റ് തിരുത്തി ജനവിധിക്കനുസരിച്ച് അധികാരം ദേശീയ ജനാധിപത്യ മുന്നണിക്ക് തിരിച്ചു നല്‍കുന്നതിന് തയ്യാറെടുക്കുമ്പോള്‍ അതിലെന്താണ് അപാകത?
ഭാവിയിലും നിര്‍ണ്ണായകമാകും മാറ്റം
മഹാരാഷ്ട്രയിലെ ‘മഹാ’വിപത്ത് ഒഴിഞ്ഞതോടെ ഭാരതീയ ജനാധിപത്യത്തില്‍, സമീപഭാവിയിലും വരുംകാലത്തും കൂടുതല്‍ സകാരാത്മക മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങും. ദിവസങ്ങള്‍ക്കുള്ളില്‍ നടക്കേണ്ട രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തന്നെ മാറ്റം പ്രകടമാകും. അധോലോകവുമായുള്ള അടുപ്പം കൊണ്ട് പിടിച്ചു നിന്നിരുന്ന രാഷ്ട്രീയത്തിനെതിരെ സ്വന്തം മുന്നണിയുടെ പാളയത്തില്‍ തന്നെ പടപ്പുറപ്പാട് തുടങ്ങിക്കഴിഞ്ഞെന്ന തിരിച്ചറിവ് ഉള്‍ക്കൊണ്ടതുകൊണ്ടാകണം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രതിപക്ഷ നിര്‍ദേശം പവാര്‍ നിരസിച്ചത്. വയസ്സ് 82 കഴിഞ്ഞു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷം ഒന്നടങ്കം നിര്‍ദേശിച്ചതുപോലെ, പ്രധാനമന്ത്രി പദത്തിലേക്ക് പവാറിനനുകൂലമായ ഒരു സമവായം ഉരുത്തിരിയാനുള്ള സാഹചര്യവും നിലവിലില്ല. ദേശീയ ജനാധിപത്യ മുന്നണിക്ക് നിര്‍ണായക ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പരിഗണിക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികളിലും പോരാട്ട സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു ശരത് പവര്‍. അത്രയൊക്കെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നിട്ടും മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത് മഹാരാഷ്ട്രയിലെ മാറ്റം മുന്‍കൂട്ടി കണ്ടുകൊണ്ടായിരിക്കും. എന്തായാലും മഹാരാഷ്ട്രയിലെ മഹാവിപത്തൊഴിഞ്ഞതോടെ ദ്രൗപദീ മുര്‍മൂ നേടാനിടയുള്ള വോട്ടുകളുടെ മൂല്യം 2017ല്‍ രാം നാഥ് കോവിന്ദ് നേടിയ 702044 വോട്ടുകളെക്കാള്‍ അധികമാകാനിടയുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നത്.
ഛത്രപതി ശിവജിയും വീരസവര്‍ക്കറും ഡോ.കേശവ് ബലിറാം ഹെഡ്ഗേവാറും അടിത്തറ പാകിയ ഹൈന്ദവ സാംസ്കാരികതയുടെ പ്രയോഗശാലയായ മഹാരാഷ്ട്ര അതിന്റെ സ്വാഭാവിക തനിമയും ഗരിമയും വീണ്ടെടുത്താല്‍ 2024 ലെ പൊതുതെരഞ്ഞെടുപ്പിലും അത് നിര്‍ണായക സ്വാധീനമായി മാറും. സോണിയാ-പവാര്‍-ഉദ്ധവ് അവിശുദ്ധ മുന്നണി പടിയിറങ്ങി ദേശീയതയുടെ പക്ഷം അധികാരത്തിലെത്തുന്നതോടെ ഭാരത രാഷ്ട്രീയത്തില്‍ പവാറിന്റെ പിടിയഴിയും. സോണിയയും മമതയും ചന്ദ്രശേഖര്‍ റാവുവും നേതൃത്വം നല്കുന്ന തട്ടിക്കൂട്ടുകെട്ട് അന്തര്‍ സംഘര്‍ഷങ്ങളില്‍ ആടിയുലയും. ആദര്‍ശവും ആശയവും ആശയും ഇല്ലാത്ത അവസരവാദ അവിയല്‍ മുന്നണിയെന്ന പ്രതിപക്ഷരാഷ്ട്രീയ ബദലിന്റെ അപ്രായോഗികത പൊതുജനങ്ങളില്‍ നിന്ന് മറച്ചു പിടിക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമാകും. ഭാരതീയ ജനാധിപത്യം അതിശക്തമാകും. നരേന്ദ്രമോദിയുടെ ജൈത്രയാത്ര തുടരും. അമൃതകാലത്ത് അഞ്ച് ട്രില്യണ്‍ യുഎസ് ഡോളര്‍ സാമ്പത്തിക ശക്തിയായി ഭാരതം കുതിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: