കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ സിനിമ തന്റെ കുടുംബത്തെ അപമാനിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് പാലാ സ്വദേശിയും പ്ലാന്ററും കേരള കോണ്‍ഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേല്‍. അദേഹം സിനിമക്കെതിരെ നല്കി ഹര്‍ജിയിലാണ് ഇക്കാര്യം ആരോപിച്ചിരിക്കുന്നത്. ഈ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ് നല്‍കുകയും സിനിമയുടെ റിലീസ് നീട്ടി വെയ്ക്കുകയും ചെയ്തത്.
കുരുവിനാക്കുന്നേല്‍ കുറുവച്ചന് എന്നാണു താന്‍ അറിയപ്പെടുന്നതെന്നും സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും അദേഹം പറയുന്നു. തന്റെ ജീവിതത്തിലുണ്ടായ യഥാര്‍ഥ സംഭവങ്ങളും അതിനൊപ്പം വ്യാജ സംഭവങ്ങളും ഇടകലര്‍ത്തിയുമാണു സിനിമ. വ്യാജ സീനുകളും തന്റെ ജീവിതത്തില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതാണെന്നു പ്രേക്ഷകര്‍ കരുതും. ഇതുവഴി തന്റെ സ്വകാര്യതയ്ക്കും അന്തസ്സിനും ഹാനിയുണ്ടാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഒരു ഐപിഎസ് ഓഫിസറുമായി താന്‍ നടത്തിയ നിയമയുദ്ധം അക്കാലത്ത് മാധ്യമങ്ങളിലുള്‍പ്പെടെ വന്നിരുന്നു. തന്നെപ്പോലെ സിനിമയിലെ കഥാപാത്രവും ക്രിസ്ത്യന്‍ വിശ്വാസിയും പാലായിലെ ഭൂവുടമയും ബാര്‍ ഹോട്ടല്‍ ഉടമയുമാണെന്ന് ജോസ് പറയുന്നു. സ്ഥലവും ഇടവകയും തൊഴിലും എല്ലാം ഒരുപോലെ വന്നതും തനിക്കുള്ളതുപോലെ തേനിയിലും പുളിയന്മലയിലും കഥാപാത്രത്തിനും എസ്റ്റേറ്റ് ഉള്ളതും തന്റെ ജീവിതമാണ് സിനിമയാക്കിയിരിക്കുന്നത്. തന്റെ വാഹനമായ ഡബ്ല്യു 123 മോഡല്‍ ബെന്‍സ് കാറാണ് കഥാപാത്രവും ഉപയോഗിക്കുന്നതെന്നും ജോസ് പരാതിയില്‍ പറഞ്ഞു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുണ്‍ ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിക്കുകയായിരുന്നു. ഇതിനുശേഷമേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെയാണ് പൃഥ്വിരാജ് നായകനായ കടുവയുടെ റിലീസ് പ്രതിസന്ധിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: