എസ്. ശ്രീനിവാസ് അയ്യര്‍
അല്പമൊന്ന് കനംകൂട്ടി പറഞ്ഞെന്നേയുള്ളു, മുഴുനാള്‍ എന്നും മുറിനാള്‍ എന്നും നക്ഷത്രങ്ങളെ രണ്ടായി വിഭജിച്ചിട്ടുണ്ട്. പതിനെട്ട് നക്ഷത്രങ്ങള്‍ മുഴുനാളുകള്‍, ഒമ്പത് നക്ഷത്രങ്ങള്‍ മുറിനാളുകളും. അവയെ യഥാക്രമം അദ്വൈത/അഖണ്ഡനക്ഷത്രങ്ങള്‍ എന്നും ദ്വൈത/ഖണ്ഡനക്ഷത്രങ്ങള്‍ എന്നും പറയാറുണ്ട്. അഥവാ അങ്ങനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.
കാര്‍ത്തികയും അനുജന്മങ്ങളായ ഉത്രം, ഉത്രാടം എന്നിവയും, മകയിരവും അനുജന്മങ്ങളായ ചിത്തിര, അവിട്ടം എന്നിവയും, പുണര്‍തവും അനുജന്മങ്ങളായ വിശാഖം, പൂരുട്ടാതി എന്നിവയും ചേര്‍ന്ന ഒമ്പത് നാളുകളാണ് ‘മുറിനാളുകള്‍’. ശേഷിക്കുന്നവ പതിനെട്ടും മുഴുനാളുകളും.
മുറിനാളുകള്‍ എന്ന് പേരുവരാന്‍ കാരണമെന്ത്? ഇരുരാശികളിലായി വരുന്നതുകൊണ്ടാണ് എന്ന് ഉത്തരം. ഒരു നക്ഷത്രത്തിന് നാലുപാദങ്ങള്‍ അഥവാ നാലുകാലുകളാണല്ലോ ഉള്ളത്! അവ എല്ലാം ഒരു രാശിയില്‍ തന്നെ ഉള്‍ച്ചേര്‍ന്നാല്‍ മുഴുനക്ഷത്രമായി. ഉദാഹരണം നോക്കാം. അശ്വതിയുടേയും ഭരണിയുടേയും നാലുപാദങ്ങളും മേടം രാശിയില്‍ തന്നെ വരുന്നു. മൂന്നാം നാളായ കാര്‍ത്തികയുടെ ഒന്നാംപാദം മാത്രമാണ് മേടം രാശിയില്‍ വരുന്നത്. 2,3,4 എന്നീ ശേഷിക്കുന്ന മൂന്ന് പാദങ്ങള്‍ ഇടവം രാശിയില്‍ വരുന്നു. ഇങ്ങനെ ഇരുരാശികളില്‍ വരികയാല്‍, കാര്‍ത്തിക ഒരു ‘മുറിനാള്‍’ ആയി..
കാര്‍ത്തികയുടെ ഒന്നാം പാദം മേടം രാശിയില്‍, 2, 3, 4 പാദങ്ങള്‍ ഇടവം രാശിയില്‍. ഈ ‘പാറ്റേണ്‍’ ഉത്രം, ഉത്രാടം എന്നിവയിലും കാണാം. ഉത്രം ഒന്നാം പാദം ചിങ്ങം രാശിയില്‍, 2,3,4 പാദങ്ങള്‍ കന്നിരാശിയില്‍. ഉത്രാടത്തിന്റെ ഒന്നാംപാദം ധനുരാശിയില്‍ വരുന്നു. ശേഷിക്കുന്ന മൂന്നുപാദങ്ങള്‍ മകരം രാശിയിലും. ഇവിടെപ്പറഞ്ഞ മൂന്നുനാളുകള് 1+3 എന്ന രീതിയിലാണ് മുറിഞ്ഞുമാറുന്നത്. ഇനി പറയുന്ന മൂന്ന് നക്ഷത്രങ്ങള്‍ 2+2 എന്ന രീതിയിലാണ് വിഭജിതമായിരിക്കുന്നത്. മകയിരത്തിന്റെ 1,2 പാദങ്ങള്‍ ഇടവം രാശിയില്‍. 3,4 പാദങ്ങള്‍ മിഥുനം രാശിയിലും. ചിത്തിരയുടെ 1,2 പാദങ്ങള്‍ കന്നിയില്‍, 3,4 പാദങ്ങള്‍ തുലാത്തിലും. അവിട്ടത്തിന്റെ 1,2 പാദങ്ങള്‍ മകരത്തില്‍ വരുന്നു. 3,4 പാദങ്ങള്‍ കുംഭത്തിലും വരുന്നു.
അടുത്തതായി 3+1 എന്ന രീതി കാണാം. പുണര്‍തത്തിന്റെ ആദ്യ മൂന്ന് പാദങ്ങള്‍ മിഥുനത്തില്, നാലാംപാദം കര്‍ക്കടകത്തില്‍. വിശാഖത്തിന്റെ ആദ്യ മൂന്ന് പാദങ്ങള്‍ തുലാം രാശിയിലാണ് വരുന്നത്, നാലാം പാദമാകട്ടെ വൃശ്ചികം രാശിയിലും. പൂരുട്ടാതിയുടെ 1,2,3 പാദങ്ങള്‍ കുംഭത്തില്‍, നാലാം പാദം മീനത്തിലും.
മുഴുനാളുകളില്‍ ജനിക്കുന്നവരുടെ വ്യക്തിത്വം ഏതാണ്ട് ഏകാഗ്രമായിരിക്കും. സമഗ്രമായിരിക്കുമെന്നും പറയാം. നാലുകുതിരകളും ഒരേ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഒരുരഥവുമായി അവരുടെ വ്യക്തിത്വത്തെ സാദ്യശ്യപ്പെടുത്താം. മുറിനാളുകാരില്‍ വ്യക്തിത്വശൈഥില്യം കാണാം. രണ്ടു രാശികള്‍ അവരുടെ സ്വഭാവത്തെ സ്വാധീനിക്കുന്നു എന്നതാണ് കാരണം. കുതിരകള്‍ പലവഴിക്ക് പായുകയാണവിടെ. ആത്മസംഘര്‍ഷമേറാം. ലക്ഷ്യം കൈവരിക്കുക കൂടുതല്‍ ശ്രമകരമായിരിക്കും. ബഹുശാഖാഞ്ചിതമായ വൃക്ഷം പോലെ ഒരു വ്യക്തിത്വമാവും അവരുടേത് എന്നും ചമത്കരിക്കാം.
നക്ഷത്രങ്ങളുടെ ആധിപത്യം ഗ്രഹങ്ങള്‍ക്കാണല്ലോ? ഒരു ഗ്രഹത്തിന് മൂന്ന് നാളുകളുടെ ആധിപത്യം എന്നാണ് കണക്ക്. ഗ്രഹങ്ങളില്‍ സൂര്യന്റെ നാളുകളും (കാര്‍ത്തിക, ഉത്രം, ഉത്രാടം), ചൊവ്വയുടെ നാളുകളും (മകയിരം, ചിത്തിര, അവിട്ടം), വ്യാഴത്തിന്റെ നാളുകളും (പുണര്‍തം, വിശാഖം, പൂരുട്ടാതി), ആണ് ഇരുരാശികളിലായി വരുന്നത്. ഗ്രഹങ്ങളെ പുരുഷഗ്രഹം, സ്ത്രീഗ്രഹം, നപുംസകഗ്രഹം എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും മൂന്ന് ഗ്രഹങ്ങള്‍ വരുന്നു. അതില്‍ സൂര്യനും ചൊവ്വയും വ്യാഴവുമാണ് പുരുഷഗ്രഹങ്ങള്‍.
‘പുംഗ്രഹം ഗുരുദിനേശ ഭൗമനും
സ്ത്രീഗ്രഹം ഭുജഗചന്ദ്ര ശുക്രനും
കേതുവും കുമുദബന്ധു പുത്രനും
സൂര്യജോളപി നപുംസക ഗ്രഹം’
എന്ന ജ്യോതിഷദീപമാലയിലെ ശ്ലോകം ഇവിടെ സ്മരിക്കാം.
പുരുഷ ഗ്രഹങ്ങളുടെ നക്ഷത്രങ്ങളെ ഇങ്ങനെ ഇരുരാശികളിലാക്കിയതിന്റെ പൊരുളെന്താണാവോ? പണ്ഡിതന്മാര് ചിന്തിക്കട്ടെ! നക്ഷത്രങ്ങളെയും പുരുഷ-സ്ത്രീ വിഭാഗമാക്കിയിട്ടുണ്ട്! പതിന്നാല് പുരുഷനക്ഷത്രങ്ങള്‍, പതിമ്മൂന്ന് സ്ത്രീനക്ഷത്രങ്ങള്‍ എന്നിങ്ങനെയാണ് വിഭാഗീകരണം. സൂര്യന്റെ നാളുകളില്‍ കാര്‍ത്തികയും വ്യാഴത്തിന്റെ നാളുകളില്‍ പുണര്‍തവും സ്ത്രീനക്ഷത്രങ്ങള്‍. ശേഷിക്കുന്നവ (ഉത്രം, ഉത്രാടം, വിശാഖം, പൂരുട്ടാതി) പുരുഷ നക്ഷത്രങ്ങളാകുന്നു. ചൊവ്വയുടെ മൂന്ന് നക്ഷത്രങ്ങളും (മകയിരം, ചിത്തിര, അവിട്ടം) പെണ്‍നാളുകള്‍ എന്ന വിഭാഗത്തിലാണ് വരുന്നത്. ഇതിന്റെയും കാതല്‍, അന്തരാര്‍ത്ഥങ്ങള്‍ എന്തായിരിക്കും.?
ജ്യോതിഷവിദ്യ എന്നത് ഒരുമുഴു ജീവിതപഠനോപാധിയാണ്. പിന്നെയും പിന്നെയും പഠിച്ചു കൊണ്ടിരിക്കണം. അവിരാമമായ ഊര്‍ജ്ജം വേണ്ടുന്ന, ഉന്മേഷം നല്കുന്ന സജീവപ്രക്രിയയാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: