ഗായത്രിയുടെ 24 ശക്തിധാരകള്‍
ഗായത്രിയുടെ ഒരു ധാരയാണ് ദുര്‍ഗ. ദുര്‍ഗയെത്തന്നെ കാളി എന്നും പറയുന്നു. കാളിയെ കാലാധിപതിയുടെ (മഹാകാലത്തിന്റെ) സഹധര്‍മിണിയായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. മഹാകാലം എന്നു പറഞ്ഞാല്‍ വിശാലമായ സമയാകാശം. സമയത്തിന്റെ മഹിമയെ അംഗീകരിക്കുന്നവര്‍, സമയത്തിന്റെ ഉപയോഗം മനസ്സിലാക്കുന്നവര്‍, അതിനെ സദുപയോഗപ്പെടുത്തുന്നവര് കാളിയുടെ ഉപാസകന്മാരായി കരുതപ്പെടുന്നു.
ആലസ്യംമൂലം ശരീരവും പ്രമാദംമൂലം മാനസികശക്തിയും നഷ്ടപ്പെടാതിരുന്നാല്‍ സാമാന്യനിലയിലുള്ള മനുഷ്യര്‍ക്കുപോലും അഭീഷ്ടസിദ്ധിയുടെ അത്യുന്നത തലത്തിലെത്താന്‍ സാധിക്കുന്നതാണ്. ശരിയാംവണ്ണം ഉപയോഗപ്പെടുത്തി, മനുഷ്യന് ഏതു സാഫല്യവും നേടാന്‍ കഴിയുന്ന ഈശ്വരദത്തമായ സമ്പത്താണ് സമയം. ഈശ്വരന് സൂക്ഷ്മമാണ്. ഈശ്വരന്റെ സന്തതിയായ ജീവിയും സൂക്ഷ്മമാണ്. പിതാവില്‍നിന്നും സന്താനത്തിന് മനുഷ്യജന്മമെന്ന മഹത്തായ അനുദാനം ലഭിച്ചതോടൊപ്പം, ആലസ്യത്തിലും പ്രമാദത്തിലും നഷ്ടപ്പെടുത്താതെ ഏതെങ്കിലും വിശിഷ്ടപ്രയേജനത്തിനായി വിനിയോഗിച്ചാല്‍ പകരം ലൗകികവും ആദ്ധ്യാത്കിമവുമായ സമ്പത്തുകള്‍ ധാരാളമായി ലഭ്യമാക്കുന്ന സമയമെന്ന അദൃശ്യധനവും ലഭിച്ചിട്ടുണ്ട്. ഈ വസ്തുതയാണ് ഗായത്രിയുടെ കാളീവ്യാഖ്യാനത്തില് സ്പഷ്ടമായിരിക്കുന്നത്.
ഓരോ ദിവസവും ജോലിത്തിരക്കോടെ കഴിയാനുള്ള പദ്ധതികള്‍ രൂപീകരിക്കുകയും അതില്‍ സമ്പൂര്ണനിഷ്ഠയോടെ വ്യാപൃതരാകുകയും ചെയ്യുന്നത് അഭീഷ്ടസാദ്ധ്യത്തിന്റെ അടിസ്ഥാനമാണ്. ഈ പരിപാടി ദൃഢവിശ്വാസത്തോടെ അനുവര്‍ത്തിക്കുക എന്നത് മഹാകാലത്തിന്റെ(കാലാധിപതിയുടെ) ഉപാസനയാണ്. ഈ ആലംബത്തെ അംഗീകരിക്കുന്നവര്‍ക്ക് മഹാത്മാക്കളുടെ ഔന്നത്യത്തിലേയ്ക്ക് ഉയരുവാന് സാധിക്കുന്നു.
കാളിക്കു വേറെയും പല നാമങ്ങളുണ്ട്. ദുര്‍ഗ, ചണ്ഡി, അംബ, ശിവാ, പാര്‍വതി മുതലായവയും കാളിയുടെ പേരുകളാണ്. സംഘടിതശക്തിയും ഇതിന്റെ ഒരു രൂപമാണ്. എത്രതന്നെ സുയോഗ്യവും സമര്‍ത്ഥവും സമ്പന്നവും ആയിരുന്നാല്‍ തന്നെയും ഏകാകിത്വം അപൂര്ണാവസ്ഥയില്തന്നെ നിലകൊള്ളുന്നു. ആര്‍ക്ക്, എത്രമാത്രം സഹകരണം ലഭിക്കുന്നുവോ അവര്‍ അതേ അനുപാതത്തില്‍ പുരോഗതി കൈവരിക്കുന്നു. സംഘടനയുടെ മാഹാത്മ്യം അപാരമാണ്. വ്യക്തിയുടെയായാലും സമുദായത്തിന്റെയായാലും സകല പുരോഗതിയുടേയും സമൃദ്ധിയുടേയും ശാന്തിയുടേയും അടിസ്ഥാനം സാമൂഹികത്വവും സഹകരണവുമാണ്. മനൂഷ്യന്റെ ഇന്നേവരെയുള്ള നേട്ടങ്ങളെല്ലാം സഹകരണസ്വഭാവംമൂലമാണ് സാദ്ധ്യമായിരിക്കുന്നത്. ഭാവിയിലും മഹത്വമേറിയ നേട്ടങ്ങള്‍ കൈവരിക്കപ്പെടുന്നത് സഹകരണാടിസ്ഥാനത്തില്തന്നെ ആയിരിക്കും.
ദുര്ഗാവതാരത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണല്ലോ: അസുരന്മാരുടെ ഉപദ്രവംമൂലം ഗതിമുട്ടിയ ദേവന്മാരെ ഉദ്ധരിക്കാന്വേണ്ടി ബ്രഹ്മാവ് ദേവന്മാരുടെ തേജസ്സ് സ്വരൂപിച്ച് കാളിയെ നിര്‍മിച്ച് പ്രചണ്ഡമായ ശക്തി ഉല്പാദിപ്പിച്ചു. ഈ ചണ്ഡി തന്റെ ശൗര്യം കൊണ്ട് അസുരന്മാരെ പരാജയപ്പെടുത്തുകയും ദേവന്മാര്ക്കു അവരുടെ ഉചിതമായ സ്ഥാനം വീണ്ടെടുത്തു കൊടുക്കുകയും ചെയ്തു. സാമൂഹികത്വത്തിന്റെ ശക്തി അപാരമാണെന്നുള്ളതാണ് ഈ കഥയുടെ സാരം. എതേതുദ്ദേശ്യത്തിനുവേണ്ടി പ്രയോഗിക്കുന്നുവോ, അതില്‍ അസാമാന്യവിജയം ലഭിക്കുന്നതാണ്.
ദുര്‍ഗയുടെ വാഹനം സിംഹമാണ്. ഇത് വീരതയുടെ പ്രതീകമാണ്. ദുര്‍ഗയുടെ പ്രവര്‍ത്തനമേഖലയില്‍ സംഘര്‍ഷത്തിനാണ് പ്രാധാന്യം. ജീവിതസമരത്തില്‍ വിജയം കൈവരിക്കാന്‍ ഏതൊരുവനും തന്റെ ആന്തരികദൗര്ബല്യങ്ങളോടും സ്വഭാവത്തിലെ ദുഷ്പ്രവണതകളോടും നിരന്തരം മല്ലടിച്ചുകൊണ്ടിരിക്കണം. ബാഹ്യജീവിതത്തില്‍ അരുതായ്മകളും അനീതികളും ആക്രമിച്ചുകൊണ്ടിരിക്കും, തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. അവയെ അഭിമുഖീകരിക്കുകയല്ലാതെ വേറെ വഴിയില്ല. ശാന്തിയോടെ ജീവിക്കാന്‍ എല്ലാവര്ക്കും ആഗ്രഹമുണ്ട്. പക്ഷേ, ആക്രമങ്ങളില്നിന്നു തടസ്സങ്ങളില്‍നിന്നും ഒഴിഞ്ഞുമാറി കഴിയുക പ്രയാസമാണ്. അവയെ നേരിടുകയല്ലാതെ നിവൃത്തിയില്ല. ഇതിനു വേണ്ടതായ ശൗര്യവും സാഹസവും ഗായത്രിയിലെ ദുര്ഗാതത്വം ഉണരുന്നതോടെ സംജാതമാകുന്നു. ഗായത്രീ ഉപാസനമൂലം അന്തരാളത്തില്‍ ഇത്തരം തീവ്രത ഉയരുന്നു. ഇതിനെ സാധകന് ലഭിക്കുന്ന ദുര്‍ഗയുടെ അനുഗ്രഹമായി കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: