തിരുവനന്തപുരം : യുഎഇ സന്ദര്‍ശനത്തിനിടെ ബാഗ് മറന്നിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ തള്ളി എം. ശിവശങ്കറിന്റെമൊഴി പുറത്ത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎഇ സന്ദര്‍ശന വേളയില്‍ ബാഗേജൊന്നും മറന്നില്ലായിരുന്നുവെന്നാണ് പിണറായി തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞത്.
എന്നാല്‍ അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കാനുള്ളത് അടങ്ങിയ ബാഗ് മുഖ്യമന്ത്രി മറന്നുവെച്ചെന്നാണ് ശിവശങ്കറിന്റെ മൊഴിയില്‍ പറയുന്നത്. ഇത് പിന്നീട് യുഎഇ കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെ എത്തിച്ചു നല്‍കിയെന്നുമാണ് ശിവശങ്കറിന്റെ മൊഴിയില്‍ പറയുന്നത്.
2016ലായിരുന്നു മുഖ്യമന്ത്രി യുഎഇ സന്ദര്‍ശിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുമ്പാകെയുള്ള സ്വപ്നയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെയാണ് വിവാദം ഉയരുന്നത്. പിണറായിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ശിവശങ്കര്‍ താനുമായി ബന്ധപ്പെടുന്നത്. അന്ന് താന്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയായിരുന്നെന്നും സ്വപ്ന കസ്റ്റംസിന് മൊഴിനല്‍കിയശേഷം മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി.
മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും അത് എത്രയും പെട്ടന്ന് ദുബായിയില്‍ എത്തിച്ചു നല്‍കണമെന്നും ശിവശങ്കര്‍ ആവശ്യപ്പെടുകയായിരുന്നു. അന്ന് കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ബാഗ് കൊടുത്തുവിട്ടത്. ആ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍ നമ്മള് മനസ്സിലാക്കിയത് അത് കറന്‍സിയായിരുന്നു എന്നാണ്.
അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. പിന്നീട് ബിരിയാണി പാത്രങ്ങളും കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല മറ്റെന്തൊക്കെയോ ലോഹവസ്തുക്കള്‍ ഇതില്‍ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നായായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍.
അതേസമയം സംഭവം വിവാദമാവുകയും വിഷയം സഭയില്‍ ഉന്നയിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രി സ്വപ്നയുടെ പ്രസ്താവനകളെ തള്ളുകയും താന്‍ ബാഗേജ് ഒന്നും മറന്നിരുന്നില്ലെന്ന് അറിയിക്കുകയുമായിരുന്നു. എന്നാല്‍ ശിവശങ്കറിന്റെ മൊഴി പുറത്തുവന്നതോടെ ഇതെല്ലാം കള്ളമാണെന്ന് വ്യക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: