ടി.എസ്. രാധാകൃഷ്ണന്
ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് നല്ലൊരു മനുഷ്യനെ. ഗുരുവായൂരപ്പന് സമര്‍പ്പിത ജീവിതം നയിച്ച അദ്ദേഹത്തിന്റെ അകവും പുറവും ഒരുപോലെ ആയിരുന്നു. നാല്‍പ്പത്തിരണ്ടു വര്‍ഷത്തെ ബന്ധമാണ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുമായി. 1982 മാര്‍ച്ചിലെ ഗുരുവായൂര്‍ ക്ഷേത്രോത്സവ നാളില്‍ ഗുരുവായൂരില്‍ എത്തിയപ്പോള്‍, ഒരു പാട്ടെഴുതിത്തന്നാല്‍ വൈകിട്ട് ഗാനമേളയ്ക്ക് ചിട്ടപ്പെടുത്തി പാടാമോ എന്ന് അദ്ദേഹം എന്നോടു ചോദിച്ചു.
എഴുതിത്തരൂ പാടാം എന്നായിരുന്നു എന്റെ മറുപടി. കടലാസും പേനയും കൈയിലെടുത്തപ്പോള്‍ത്തന്നെ പല്ലവി പൊട്ടിവീണു ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന് ദിവ്യരൂപം, ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന് മുരളി പൊഴിക്കുന്ന ഗാനാലാപം’. ഗുരുവായൂരപ്പനെ തൊഴാന്‍ കഴിയാത്ത ഒരു ദിവസമെങ്കിലും ചിന്തിക്കാനാവാത്ത ചൊവ്വല്ലൂരിന്റെ മനസ് തന്നെയായിരുന്നു ആ വരികള്‍. മണിക്കൂറുകള്‍ക്ക് മുമ്പ് ചൊവ്വല്ലൂര്‍ എഴുതിത്തന്ന പാട്ടാണ് പാടുന്നതെന്ന ആമുഖത്തോടെയാണ് പാടിയത്. പാട്ട് തുടങ്ങിയപ്പോള്‍ ചൊവ്വല്ലൂരിന്റെ കണ്ണുകള്‍ നിറഞ്ഞു.
നാലുവര്‍ഷം കഴിഞ്ഞ് യേശുദാസിന്റെ ‘തുളസീതീര്‍ത്ഥം’ എന്ന ആല്‍ബത്തിലും ഗാനഗന്ധര്‍വന്റെ സ്വരമാധുരിയില്‍ ഈ ഗാനം ഇടംപിടിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ ജന്മദിനാഘോഷത്തില് ഒരുമിച്ച് പങ്കെടുത്തിരുന്നു. ഗുരുവായൂരില്‍ എത്തുമ്പോഴെല്ലാം തമ്മില്‍ കണ്ടിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്രയെറെ പരിപാടികള്‍ അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചത് ചൊവ്വല്ലൂരുമായിട്ടുള അടുപ്പമാണ്. ഗുരുവായൂരപ്പനാണ് പാട്ടുകള്‍ എഴുതിത്തരുന്നതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.
പത്രപ്രവര്‍ത്തനം, വാദ്യം, കഥകളി, എഴുത്ത്, അഭിനയം, തിരക്കഥ രചന, പാട്ട്, കവിത, ആക്ഷേപഹാസ്യം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മേഖലകളിലെല്ലാം വെന്നിക്കൊടി നാട്ടി അംഗീകാരങ്ങള്‍ തേടിയെത്തുമ്പോഴും ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിക്കിഷ്ടം ഗുരുവായൂര്‍ സന്നിധിയായിരുന്നു. അത് സത്യമാണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ചിത കത്തിയപ്പോള്‍ തീര്‍ഥം തളിക്കുന്നത് പേലെ ചെറുതായി പെയ്ത മഴ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: