ലണ്ടന്‍: വിംബ്ള്‍ഡണ്‍ ടെന്നീസ് കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിന് നൊവാക് ദ്യോകൊവിച്ച് തുടക്കം കുറിച്ചു. ടൂര്‍ണമെന്റിലെ ടോപ് സീഡായ ദ്യോകൊവിച്ച് ദക്ഷിണ കൊറിയയുടെ സീഡില്ലാ താരം സൂണ്വൂ ക്വോണിനെ കീഴടക്കി (6-3, 3-6, 6-3, 6-4). വനിതകളില്‍ ലോക രണ്ടാം നമ്പര്‍ താരം ടൂണീഷ്യയുടെ ഒന്‍സ് ജാബ്യുറും രണ്ടാം റൗണ്ടിലെത്തി.
മഴ തടസപ്പെടുത്തിയ കളിയില്‍ ഒന്നിനെതിരെ മൂന്ന് സെറ്റിനായിരുന്നു ദ്യോകൊയുടെ ജയം. ആദ്യ സെറ്റ് അനായാസം നേടിയെ ദ്യോകൊയെ ഞെട്ടിച്ച് കൊറിയന്‍ താരം രണ്ടാം സെറ്റ് വിജയിച്ചു. മൂന്ന്, നാല് സെറ്റുകള്‍ അനാസായം നേടി നിലവിലെ ചാമ്പ്യന്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
ഇന്നലത്തെ ജയത്തോടെ നാല് ഗ്രാന്‍ഡ്സ്ലാമിലും 80 ജയം പൂര്‍ത്തിയാക്കിയ ആദ്യ താരമെന്ന നേട്ടവും ദ്യോകൊവിച്ചിന് സ്വന്തം. വിംബ്ള്‍ഡണിലെ 80-ാം ജയമാണ് കുറിച്ചത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ 82, ഫ്രഞ്ച് ഓപ്പണില്‍ 85, യുഎസ് ഓപ്പണില്‍ 81 ജയങ്ങള്‍ സെര്‍ബിയന്‍ താരത്തിന്റെ പേരിലുണ്ട്.
ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സീഡായ ജാബ്യുര്‍ സീഡില്ലാ താരം സ്വീഡന്റെ മിരാജം ബ്യോര്ക്ലുന്ഡിനെ തകര്‍ത്തു (6-1, 6-3). പുരുഷന്മാരില് ഒമ്പതാം സീഡ് ബ്രിട്ടന്റെ കാമറോണ്‍ നോറിയും രണ്ടാം റൗണ്ടില്‍. സ്പെയ്ന്റെ പാബ്ലൊ അന്ഡുജറിനെ കീഴടക്കി (6-0, 7-6, 6-3).
പുരുഷന്മാരില് യുഎസിന്റെ ടോമി പോള്‍, ഫ്രാന്‍സിന്റെ ക്വെന്റിന്‍ ഹാലിസ്, സ്പെയ്ന്റെ ജാമി മുനര്‍, യുഎസിന്റെ ഫ്രാന്‍സിസ് ടിയൊഫെയും, വനിതകളില്‍ ഉക്രെയ്ന്റെ അന്‍ഹെലിന കാലിനിന, ലെസിയ സുരെങ്കൊ, യുഎസിന്റെ അലിസണ് റിസ്കെ എന്നിവരും രണ്ടാം റൗണ്ടിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: