അഞ്ചാലുംമൂട്: പനയം ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടിനെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയ നിലവിലെ പഞ്ചായത്ത് സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സിപിഎം നീക്കം. കഴിഞ്ഞ ഇടതു ഭരണക്കാലത്ത് നടന്നിട്ടുള്ള ലക്ഷങ്ങളുടെ അഴിമതി ഈ ഭരണ സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. പരാതി ലഭിച്ചതോടെ നിലവിലെ സെക്രട്ടറി നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തന്നെ തട്ടിപ്പ് കണ്ടെത്തുകയായിരുന്നു. ഇതോടെ ഭരണ സ്വാധീനം ഉപയോഗിച്ച് തല്‍സ്ഥാനത്ത് നിന്ന് സെക്രട്ടറിയെ മാറ്റി പകരം പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളയാളെ നിയമിക്കാനാണ് നീക്കം നടത്തുന്നത്.
2019, 20, 21 വര്‍ഷത്തില്‍ തൊഴിലുറപ്പ് തൊഴില്‍ പദ്ധതിയിലെ അഴിമതിയിലൂടെ തട്ടിപ്പ് നടത്തിയ തുക ഒരു കോടിക്ക് മുകളിലാണെന്നാണ് ആരോപണം. ഇതിനോടകം തട്ടിപ്പിനിരയായ 40 ഓളം പേര്‍ പഞ്ചായത്തില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.
തൊഴിലുറപ്പ് തൊഴിലില്‍ ഉള്‍പ്പെട്ട ആടിന്‍ കൂട് നിര്‍മ്മാണം, കോഴിക്കൂട് നിര്‍മാണം, കിണര്‍ നിര്‍മ്മാണം, ബയോഗ്യാസ് കാലിത്തൊഴിത്ത് നിര്‍മാണം എന്നീ പദ്ധതിയുടെ മറവിലാണ് കോടികള്‍ തട്ടിയെടുത്തത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന ഒന്നാം ഘട്ട ഗഡുവായ തുക തിരികെ പിന്‍വലിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രാഥമികാന്വേഷണത്തില്‍ തന്നെ തട്ടിപ്പ് പുറത്തുവന്നതോടെ സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് സൂചന. നിലവിലെ പുതിയ ഭരണസമിതിയിലെ മെമ്പര്‍മാര്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് പഞ്ചായത്തില്‍ നടന്നത് ഗുരുതര തട്ടിപ്പാണെന്ന് കണ്ടെത്തിയത്. കാലിത്തൊഴുത്തും, ബയോപ്ലാന്റും, ആട്ടിന്‍ കൂടുമൊക്കെ നിര്‍മ്മിച്ച ഗുണ ഭോക്താകള്‍ ആനുകൂല്യത്തിനായി എത്തിയതോടെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഫണ്ട് അനുവദിച്ചില്ലെന്ന് പറഞ്ഞ് മടക്കി അയയ്‌ക്കുന്നതാണ് ഉദ്യോഗസ്ഥര്‍ ഇതുവരെ ചെയ്തിരുന്നത്.
അതേ സമയം കേന്ദ്ര സര്‍ക്കാര്‍ കൃത്യമായി ഫണ്ട് അനുവദിച്ചിരുന്നു. ഇതിന്റെ രേഖകള്‍ പുറത്തുവന്നതോടെ ഉദ്യോഗസ്ഥര്‍ വെട്ടിലാകുകയും തട്ടിപ്പ് പുറത്തറിയുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: