കൊച്ചി: ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും സ്വയം നിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ നോര്‍വെയിലേക്ക് അയച്ച് കൊച്ചി കപ്പല്‍ശാലയ്‌ക്ക് ചരിത്ര നേട്ടം. മാരിസ്, തെരേസ എന്നീ വെസലുകളാണ് ഇവിടെ നിര്‍മിച്ചത്. നോര്‍വെയിലെ സപ്ലൈ ചെയിന്‍ കമ്പനിയായ ആസ്‌കോ മാരിടൈമിന് വേണ്ടിയാണ് കൊച്ചി കപ്പല്‍ശാല ഇലക്ട്രിക് കപ്പലുകള്‍ നിര്‍മിച്ച് കൈമാറിയത്.
രാജ്യത്ത് ആദ്യമായാണ് ഒരു കപ്പല്‍ശാലയില്‍ നിര്‍മിച്ച വെസലുകള്‍ ‘യാട്ട് സെര്‍വന്റ്’ എന്ന കൂറ്റന്‍ മദര്‍ഷിപ്പില്‍ കയറ്റി കൊണ്ടുപോകുന്നത്. കപ്പലുകള്‍ കയറ്റുമതി ചെയ്യുന്ന ഡച്ച് കമ്പനിയായ യാട്ട് സെര്‍വന്റിന്റെ കൂറ്റന്‍ കപ്പലില്‍ എട്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിലാണ് 67 മീറ്റര്‍ നീളവും 600 ടണ്‍ ഭാരവുമുള്ള ഇലക്ട്രിക് വെസലുകള്‍ കയറ്റിയത്. വെസലുകളുമായി ഇന്ന് വൈകിട്ട് നോര്‍വെയിലേക്ക് യാത്ര തിരിക്കും. ഒരു മാസം സഞ്ചരിച്ച് കപ്പല്‍ നോര്‍വെയിലെത്തും.
നോര്‍വെയിലെ മലയിടുക്കുകളിലേക്ക് കയറിക്കിടക്കുന്ന പ്രശസ്തമായ അഴിമുഖപ്പാതയായ ഫ്യോര്‍ദിലായിരിക്കും മാരിസും തെരേസയും സര്‍വീസ് നടത്തുക. നോര്‍വീജിയന്‍ സര്‍ക്കാരിന്റെ ഭാഗിക ധനസഹായത്തോടെയാണ് ആസ്‌കോ മാരിടൈം ഈ വെസലുകള്‍ നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: