ഗായത്രിയുടെ 24 ശക്തിധാരകള്‍
ആദിശക്തിക്കു രണ്ടു ധാരകളുണ്ട്; 1. ആത്മീയം; 2. ഭൗതികം. ആത്മീയധാരയ്ക്കു ഗായത്രി എന്നും ഭൗതികധാരയ്ക്ക് സാവിത്രി എന്നും പറയുന്നു. ഗായത്രി ഏകമുഖിയാണ്, അതിന് ഏകാത്മവാദം, അദ്വൈതവാദം, ആത്മീയവാദം എന്നിങ്ങനെ പറയുന്നു. സാവിത്രി പഞ്ചമുഖിയാണ്. പഞ്ചതത്ത്വങ്ങള്കൊണ്ടാണ് ശരീരം നിര്‍മ്മിച്ചിരിക്കുന്നത്. ഇവയുടെ ഇന്ദ്രിയാനുഭൂതി അഞ്ചു തന്മാത്രകളുടെ സഹായത്താല്‍ ശബ്ദം, രൂപം, രസം, ഗന്ധം, സ്പര്‍ശം എന്നീ രൂപത്തില്‍ ഉളവാകുന്നു. ചേതന സ്പന്ദിക്കുന്നത് അഞ്ചു പ്രാണന് മുഖേനയാണ്. പഞ്ചതത്ത്വങ്ങളും പഞ്ചപ്രാണനും ചേര്‍ന്ന് ചലിപ്പിക്കുന്ന ജീവശക്തിയുടെ അധിഷ്ഠാത്രി സാവിത്രി ആണ്. അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കര്‍മ്മേന്ദ്രിയങ്ങളും ചേര്‍ന്ന് ഈ ജീവചര്യയെ ചലിപ്പിച്ചുകൊണ്ടിരിക്കുന്നു.
സൂക്ഷ്മശരീരം പഞ്ചകോശങ്ങളുടെ സാമഗ്രികൊണ്ടു നിര്‍മ്മിക്കപ്പെട്ടതാണ്. ശാസ്ത്രഭാഷയില്‍, ഇതിന് ഫിസിക്കല്‍ ബോഡി, ആസ്ട്രല്‍ ബോഡി, മെന്റല്‍ ബോഡി, കോസല്‍ ബോഡി, കോസ്മിക് ബോഡി എന്നിങ്ങനെ പറയുന്നു.
ആദ്ധ്യാത്മികഭാഷയില് ഇവയ്ക്ക് അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നു പറയുന്നു. ഈ അഞ്ച് അമൂല്യനിധികള്‍ ശരീരത്തിന്റെ ഉള്ളറയില്‍ സ്ഥിതിചെയ്യുന്നു. ഇവയെ ദേവതകള്‍ എന്നും പറയുന്നു. ഇവ പ്രസുപ്താവസ്ഥയില് കഴിയുന്നിടത്തോളം കാലം മനുഷ്യന് ദീനതയും ദൗര്‍ബല്യവും അനുഭവിക്കുന്നു. അവ ജാഗൃതമായിക്കഴിഞ്ഞാല് അഞ്ചു ദേവതകള്‍ മനുഷ്യനെ വിവിധ വിധത്തില്‍ സഹായിക്കുന്നതായി കാണാം. ദക്ഷിണമാര്ഗസാധനയില് ഗായത്രിക്കും വാമമാര്ഗസാധനയില് സാവിത്രിക്കും പ്രാധാന്യം കല്പിച്ചിരിക്കുന്നു. ഉദ്ദിഷ്ടപൂര്ത്തിക്കുള്ള സാധന സാവിത്രീപ്രധാനമാണ്. ഇതില്‍ ഉദ്ദിഷ്ടത്തിനനുസൃതമായി ബീജമന്ത്രം കൂടി ചേര്‍ക്കുന്നു. ഗായത്രി ആത്മോര്ക്കര്ഷത്തിനുവേണ്ടിയാണ് പ്രയോഗിക്കപ്പെടുന്നത്. സ്ഥൂലസൂക്ഷ്മകാരണ ശരീരങ്ങളെ സമുന്നതമാക്കാന്വേണ്ടി ഇതില്‍ ‘ഭൂഃ, ഭുവഃ, സ്വഃ’ എന്നീ ബീജമന്ത്രങ്ങള് ആദിയില്‍തന്നെ ചേര്‍ത്തിട്ടുണ്ട്. ബ്രഹ്മവര്‍ച്ചസ്സ് സാധനയില്‍ ഇവമൂന്നും സന്തുലിതരൂപത്തില് സമന്വയിപ്പിച്ചിട്ടുണ്ട്.
പഞ്ചമുഖീ സാവിത്രിയുടെ ജ്ഞാനപക്ഷത്തില് ജീവിതത്തിന്റെ വിഭിന്നതുറകളില് പ്രയോഗിക്കപ്പെടുന്ന പഞ്ചശീലപരിപാലനത്തെ ചൂണ്ടിക്കാട്ടുന്നുണ്ട്. സാമാന്യജീവിതത്തില്‍ അദ്ധ്വാനശീലം, മിതവ്യയശീലം, വിനയം, സഹകരണം, മാന്യമായ പെരുമാറ്റരീതി എന്നിവയുടെ നടപടികള്‍ക്ക് പഞ്ചശീലം എന്നു പറയുന്നു. വിഭിന്നവര്ഗക്കാര്ക്കും വിഭിന്ന പ്രയോജനങ്ങള്‍ക്കും പഞ്ചശീലങ്ങള്‍ വ്യത്യസ്തമാണ്. ഇവയുടെ പരിപാലനത്തിന്റെ ഫലമായി അഭീഷ്ടസിദ്ധിക്കുള്ള മാര്‍ഗം തെളിയുന്നു. പഞ്ചശീലം തന്നെയാണ് പഞ്ചദേവന്മാര്.
ഗായത്രിയുടെ അസംഖ്യം ദിവ്യധാരകളില് ഏറ്റവും സമീപസ്ഥവും ഏറ്റവും സാമര്ത്ഥ്യമാര്ന്നതും സാവിത്രിയാണ്. രണ്ടും പരസ്പരം ഇത്രയധികം യോജിച്ചിരിക്കുന്നതിനാല്‍ പ്രായേണ രണ്ടിനെയും ഒന്നായിട്ടാണ് കണക്കാക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവരണ്ടും ശരീരവും ആത്മാവും എന്നപോലെ ഭൗതികവും ആത്മീയവുമായി പരിഗണിച്ച് ആവശ്യാനുസരണം അഭീഷ്ടമായ ഉദ്ദിഷ്ടങ്ങള്ക്കുവേണ്ടി ഇവയെ ആശ്രയിക്കുകയാണ് വേണ്ടത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: