മുംബൈ: ഡപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാള്‍ ഉദ്ധവ് താക്കറെയുടെ നിര്‍ദേശമനുസരിച്ച് നീങ്ങുകയാണ്. വിമത ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെയ്‌ക്കും അദ്ദേഹത്തിന്റെ 15 അനുയായികളെയും അയോഗ്യരാക്കുമെന്ന് കാണിച്ച് ഡപ്യൂട്ടി സ്പീക്കര്‍ കത്തയച്ചിരിക്കുന്നു. ഇത് യഥാര്‍ത്ഥ്യമായാല്‍ മഹാ വികാസ് അഘാദി സര്‍ക്കാരില്‍ എന്‍സിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. അങ്ങിനെ സംഭവിച്ചാല്‍ മുഖ്യമന്ത്രി പദം ആവശ്യപ്പെടാന്‍ കാത്തിരിക്കുകയാണ് ശരത് പവാര്‍.
എന്നാല്‍ ഡപ്യൂട്ടി സ്പീക്കറുടെ ഈ നീക്കത്തിനും ഉദ്ധവ് താക്കറെ പക്ഷത്തുള്ള അജയ് ചൗധരിയെ ശിവസേന നേതാവായി നിയമിച്ചതിനും എതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഷിന്‍ഡെ പക്ഷം. അജയ് ചൗധരിയെ ശിവസേന നിയമസഭാ കക്ഷി നേതാവായി നിയമിച്ച ഡപ്യൂട്ടി സ്പീക്കറുടെ തീരുമാനത്തിന് സുപ്രീംകോടതി സ്റ്റേ അനുവദിച്ചാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് ഒരു കൈ നോക്കാന്‍ ഏക് നാഥ് ഷിന്‍ഡേയ്‌ക്കാവും. കഴിഞ്ഞ ഒന്നരവര്‍ഷമായി സ്പീക്കര്‍ കസേര ഒഴിഞ്ഞു കിടക്കുകയാണ്. ഗവര്‍ണര്‍ ഭഗത് കോഷിയാരി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അനുമതി നല്‍കിയാല്‍ ഏക്നാഥ് ഷിന്‍ഡെയ്‌ക്ക് ബിജെപിയും സ്വതന്ത്രരുമായി കൈകോര്‍ത്ത് ആ സ്ഥാനം പിടിക്കാന്‍ ശ്രമിക്കാം.
ഇനി ഡപ്യൂട്ടി സ്പീക്കര്‍ അയോഗ്യരാക്കാന്‍ ശ്രമിക്കുന്ന ഷിന്‍ഡെ ഉള്‍പ്പെടെയുള്ള 16 വിമത ശിവസേന എംഎല്‍എമാരെ അയോഗ്യരാക്കിയാല്‍ ഷിന്‍ഡെ പക്ഷം അവശേഷിക്കുന്ന 30 എംഎല്‍എമാരെയും കൂട്ടി ബിജെപി പക്ഷത്തേക്ക് നീങ്ങിയാല്‍ ഉദ്ധവ് സര്‍ക്കാര്‍ നിലംപൊത്തും. ബിജെപിയ്‌ക്ക് ഇപ്പോള്‍ 123 എംഎല്‍എമാരുണ്ട്. ഇതോടൊപ്പം 30 വിമത എംഎല്‍എമാര്‍ കൂടി ചേര്‍ന്നാല്‍ 153 ആയി. ഇത് കേവല ഭൂരിപക്ഷമായ 145നേക്കാള്‍ മുകളിലായതിനാല്‍ ഉദ്ധവ് സര്‍ക്കാര്‍ നിലംപൊത്തും.
ശിവസേന പ്രവര്‍ത്തകരെ തെരുവിലിറക്കി ക്രമസമാധാനപ്രശ്നമുയര്‍ത്തി വിമത പക്ഷത്തുള്ള ഏതാനും ശിവസേന എംഎല്‍എമാരെ സ്വന്തം പക്ഷത്തേക്ക് കൂട്ടാനുള്ള ശ്രമത്തിലാണ് ഉദ്ധവ് താക്കറെ. പക്ഷെ ഇതിനെതിരെ മറുപക്ഷവും ഗുണ്ടായിസമിറക്കിയാല്‍ ക്രമസമാധാന നില വഷളാവും. ഇപ്പോഴെ, നവനീത് കൗര്‍ റാണ എംപി ഉള്‍പ്പെടെ നിരവധി പേര്‍ സംസ്ഥാനത്ത് രാഷ്ടപതി ഭരണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ക്രമസമാധാന നില തകര്‍ന്നാല്‍ കേന്ദ്രം ഈ വഴിക്ക് നീങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: