മുംബൈ : ഏ്കനാഥ് ഷിന്‍ഡേയ്ക്കൊപ്പം 42 എംഎല്‍എമാരാണെന്ന് തെളിയിച്ച് വീഡിയോ പങ്കുവെച്ചു. ഗുവാഹത്തിയിലെ ഹോട്ടലില്‍ വെച്ച് ചിത്രീകരിച്ച വീഡിയോ ഷിന്‍ഡേ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. എംഎല്‍എമാര്‍ വിമത പക്ഷത്തിലേക്ക് എത്തിയതോടെ ശിവസേന എംഎല്‍എമാരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തെങ്കിലും അതില്‍ ആദിത്യ താക്കറെ അടക്കം 13 പേര് മാത്രമാണ് പങ്കെടുത്തത്.
ഇന്ന് രാവിലെ മൂന്ന് എംഎല്‍എമാര്‍ കൂടി ഗുവാഹത്തിയിലേക്ക് എത്തിയതോടെയാണ് വിമത സംഘത്തിന്റെ എണ്ണം 42 ആയത്. സാവന്ത്വാഡിയില്‍ നിന്നുള്ള ദീപക് കേശകര്‍, ചെമ്പൂരില്‍ നിന്നുള്ള മങ്കേഷ് കുടല്‍ക്കര്‍, ദാദറില്‍ നിന്നുള്ള സദാ സര്‍വങ്കര്‍ എന്നിവരാണ് പുതിയതായി വിമത സംഘത്തിലേക്ക് എത്തിയത്. ബുധനാഴ്ച രാത്രി മൂന്ന് ശിവസേന എംഎല്‍മാരും ഒരു സ്വതന്ത്രനും വിമത ക്യാംപില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി പിടിക്കാന്‍ വിമത സംഘത്തിന് ഒരു എംഎല്‍എയെ കൂടിയാണ് ഇനി വേണ്ടതുള്ളൂ.
സര്‍ക്കാര്‍ ഭരണം പ്രതിസന്ധിയിലായതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉടന്‍ രാജിവെച്ചൊഴിയുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന് മുന്നോടിയായി ഉദ്ധവ് കഴിഞ്ഞ ദിവസം ഔദ്യോഗിക വസതിയില്‍ നിന്നും താമസം മാറുകയും മകന് ആദിത്യ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്നും സംസ്ഥാന ടൂറിസം മന്ത്രിയാണെന്നത് മാറ്റുകയും ചെയ്തിരുന്നു.
ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത സംഘം കൂടുതല്‍ കരുത്താര്‍ജ്ജിച്ചതോടെ എന്‍സിപി നേതാവ് ശരദ് പവാറിന്റെ നേൃതൃത്വത്തില്‍ എംഎല്‍എമാരുടെ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എംഎല്‍എമാരോട് രാഷ്ട്രീയ പോരാട്ടത്തിന് സജ്ജരായിട്ടിരിക്കാന്‍ പവാര്‍ നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. സഖ്യം നിലനിര്‍ത്താനായി ഷിന്‍ഡേയെ മുഖ്യമന്ത്രിയാക്കി പ്രശ്നങ്ങള്‍ ഒഴിവാക്കാനും പവാര്‍ ഉദ്ധവ് താക്കറേയോട് നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് ഇക്കാര്യം അറിയിച്ചെങ്കിലും ഷിന്‍ഡേ ആവശ്യം തള്ളുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: