തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവയവമാറ്റ ശസ്ത്രക്രിയ നടത്താന്‍ വൈകിയതു മൂലം ഒരാള്‍ മരിക്കാനിടയായ സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണ്. മസ്തിഷ്ക മരണം സംഭവിച്ചയാളുടെ വൃക്ക എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് മൂന്നുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ശസ്ത്രക്രിയ നടത്താന്‍ നാല് മണിക്കൂറോളം വൈകിച്ചതാണ് വിലപ്പെട്ട ഒരു ജീവന് പൊലിയാനിടയായതെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. മാറ്റിവയ്ക്കേണ്ട അവയവം ഐസ് ബോക്സിലാക്കി ആശുപത്രിയിലെത്തിച്ചെങ്കിലും അത് ഏറ്റുവാങ്ങാനോ ഓപ്പറേഷന് തിയറ്ററിലേക്ക് കൊണ്ടുപോകാനോ ആരുമുണ്ടായിരുന്നില്ല. ദാതാവിന്റെ അവയവം കൊണ്ടുവരുന്നതിനായി രണ്ട് ഡോക്ടര്‍മാരെ തലേദിവസം തന്നെ എറണാകുളത്തേക്ക് പറഞ്ഞയച്ചിരുന്നെങ്കിലും അവര്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് ആരും വിശദീകരിച്ചിട്ടില്ല. ദാതാവില്‍ നിന്ന് സ്വീകര്‍ത്താവിലേക്ക് അവയവം എത്തിക്കേണ്ട ചുമതല ഡോക്ടര്‍മാര്‍ക്കുള്ളതാണ്. ഇതിനു പകരം തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാണാനിടയായത് മറ്റ് ചില ദൃശ്യങ്ങളാണ്. വൃക്കയടങ്ങിയ ഐസ് ബോക്സ് എടുത്ത് ആംബുലന്‍സ് ജീവനക്കാര്‍ ഓപ്പറേഷന് തിയറ്ററിലേക്ക് ഓടുന്ന കാഴ്ചയാണ് കണ്ടത്. ലിഫ്റ്റ് വൈകിയെന്നു മാത്രമല്ല, ഓപ്പറേഷന് തിയറ്റര്‍ സജ്ജവുമായിരുന്നില്ല. അനാസ്ഥ ഉണ്ടായതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി യൂറോളജി-നെഫ്രോളജി വകുപ്പു മേധാവികളെ സസ്പെന്‍ഡു ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രിയും ഡോക്ടര്‍മാരും പരസ്പരാരോപണങ്ങള്‍ ഉന്നയിക്കുകയാണ്.
രോഗിയുടെ ഡയാലിസിസ് നീണ്ടതാണ് അവയവമാറ്റ ശസ്ത്രക്രിയ വൈകാന്‍ കാരണമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അത് മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ല. വീഴ്ചകള്‍ വേറെയും പ്രത്യക്ഷത്തില്‍തന്നെ വ്യക്തമാണ്. യൂറോളജിയുടെയും നെഫ്രോളജിയുടെയും മേധാവികള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ആര്‍ക്കും പകരം ചുമതല നല്കിയിരുന്നുമില്ല. വൃക്ക സ്വീകരിക്കാന്‍ മുതിര്‍ന്ന സര്ജന്മാരെയും ചുമതലപ്പെടുത്തിയിരുന്നില്ല. യൂറോളജി-നെഫ്രോളജി വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നടന്നതായും പറയപ്പെടുന്നു. സര്‍ക്കാര്‍ ആശുപത്രികളുടെ സംവിധാനങ്ങളുമായി പരിചയമുള്ളവര്‍ക്ക് ഇതൊന്നും അതിശയമായി തോന്നില്ല. അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെങ്കിലും അപൂര്‍വം ഡോക്ടര്‍മാര്‍ മാത്രമാണ് രോഗികളോട് മനുഷ്യപ്പറ്റോടെ പെരുമാറുന്നത്. ചില സംവിധാനങ്ങളൊക്കെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചികിത്സയ്ക്കെത്തുന്ന പാവപ്പെട്ടവര്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. ആരോടും ഒന്നിനെക്കുറിച്ചും പരാതി പറഞ്ഞിട്ടു കാര്യമില്ല. രോഗികളുടെ കാര്യമോര്‍ക്കുമ്പോള്‍ ആരും ഇതിനൊന്നും മുതിരുകയുമില്ല. എല്ലാം സൗജന്യമാണെന്നും കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെട്ടുകൊള്ളണമെന്നുമുള്ള മനോഭാവമാണ് ആശുപത്രി അധികൃതരില്‍ ബഹുഭൂരിപക്ഷത്തെയും നയിക്കുന്നത്. ഇതിനൊരു മാറ്റം വന്നാലല്ലാതെ സര്‍ക്കാരിന്റെ ആതുരസേവനത്തിന്റെ ശരിയായ ഗുണഭോക്താക്കളാവാന്‍ പാവപ്പെട്ടവര്‍ക്കാവില്ല. സംവിധാനത്തെ പഴിക്കുകയല്ല, അതിന്റെ അപര്യാപ്തതകള്‍ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.
സര്‍ക്കാര്‍ ആരുടെതായാലും ആരോഗ്യവകുപ്പ് ഏറ്റവും ജനാഭിമുഖ്യത്തോടെ പ്രവര്‍ത്തിക്കേണ്ട ഒന്നാണ്. ഇതില്‍ ഒരു തരത്തിലുള്ള കക്ഷിരാഷ്ട്രീയവും കലര്‍ത്തേണ്ടതില്ല. കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന രീതികള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് തിരുവനന്തപുരത്ത് അവയവമാറ്റ ശാസ്ത്രക്രിയയിലൂടെ രോഗി മരിക്കാനിടയായ സംഭവത്തെ മുന്‍നിര്‍ത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നതില്‍ കാര്യമുണ്ട്. നമ്മുടെ ആരോഗ്യ സംവിധാനം ലോകോത്തരമാണെന്നും, കേരള മോഡലിന്റെ സവിശേഷതയാണ് അതെന്നുമുള്ള അവകാശവാദങ്ങള്‍ ആദ്യം അവസാനിപ്പിക്കണം. നമ്മുടെ ആരോഗ്യ സംവിധാനത്തില്‍ അപര്യാപ്
തതകള്‍ നിരവധിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയും ഇതില്‍നിന്ന് വ്യത്യസ്തമല്ല. ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ സര്‍ക്കാരിനു കീഴിലുള്ള മറ്റ് ആശുപത്രികളുടെയും ചികിത്സാ സംവിധാനങ്ങളുടെയും അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. സംവിധാനങ്ങളുടെ അപര്യാപ്തതകൊണ്ടും ചികിത്സാപ്പിഴവുകള്കൊണ്ടും എത്രമാത്രം ദാരുണ സംഭവങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. രോഗിയായി ഒരാളെ കിട്ടിയാല്‍ ആ ഹതഭാഗ്യന്റെ ജീവനും ജീവിതവും തുലച്ചുകളയുന്ന ചികിത്സാമുറകളാണ് പലയിടങ്ങളിലും പ്രയോഗിക്കുന്നത്. സ്വന്തം വീഴ്ചകൊണ്ട് ഏതെങ്കിലുമൊരു രോഗി മരിക്കാനിടയായാല്‍ അത് സ്വാഭാവിക മരണമായി കയ്യൊഴിയുന്ന രീതി ആശുപത്രി അധികൃതര്‍ക്കുണ്ട്. പണക്കൊതികൊണ്ട് മനുഷ്യരെ ചൂഷണം ചെയ്യുന്നതും, അവരുടെ ജീവന് വച്ച് പന്താടുന്നതും അവസാനിക്കുക തന്നെ വേണം. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇതിനായി ശക്തമായ നടപടികള്‍ എടുത്തേ മതിയാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: