തിരുവനന്തപുരം: കോടതിയില്‍ നിന്ന് തൊണ്ടി മുതലായ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന് നായരാണ് അറസ്റ്റിലായത്. പേരൂര്‍ക്കട പോലീസ് ഇന്നു പുലര്‍ച്ചെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലുകളുടെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ടായി ഒരു വര്‍ഷത്തോളം ശ്രീകണ്ഠന് നായര്‍ ജോലിചെയ്തിരുന്നു. ഈ സമയമാണ് സ്വര്‍ണം മോഷണം നടന്നത്. ആര്.ഡി.ഒ കോടതിയില്‍നിന്ന് ആകെ 105 പവന് സ്വര്‍ണവും 140 ഗ്രാം വെള്ളിയും 48,000 രൂപയുമാണ് കാണാതായിരിക്കുന്നത്.
സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് ആര്‍ഡിഒ കോടതിയിലെ തൊണ്ടിസ്വര്‍ണം മോഷ്ടിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സ്വര്‍ണം ജൂവലറികള്‍ക്ക് അടക്കം മറിച്ചുവിറ്റെന്നും ഇദേഹം പറഞ്ഞു. തുടര്‍ന്ന് തെളിവെടുപ്പിനായി ശ്രീകണ്ഠന് നായരെ ബാലരാമപുരത്തെ ദേവീ ജൂവലറിയില്‍ എത്തിച്ചു.
ഇവിടെ വിറ്റ സ്വര്‍ണ്ണം അന്വേഷണ സംഘം കണ്ടെത്തി. 93 ഗ്രാം സ്വര്‍ണമാണ് ബാലരാമപുരത്തെ ജൂവലറിയില്‍ പ്രതി വില്‍പ്പന നടത്തിയത്. കുറച്ചു സ്വര്‍ണം മംഗലത്തുകോണത്തെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെക്കുകയും ബാക്കിയുള്ള സ്വര്‍ണം പൂവാറില്‍ വില്‍പ്പന നടത്തുകയും ചെയ്തെന്നാണ് ശ്രീകണ്ഠന് നായര്‍ മൊഴി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: