മലപ്പുറം: തിരുനാവായയില്‍ സില്‍വര്‍ ലൈന്‍ അതിരുകല്ലുകള്‍ ഇറക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. തൊഴിലാളികള്‍ ഇറക്കിയ കുറ്റികള്‍ നാട്ടുകാര്‍ വാഹനത്തിലേക്ക് കയറ്റി. ഇവ സൂക്ഷിക്കാന്‍ കൊണ്ടുവന്നതാണെന്നാണ് തൊഴിലാളികള്‍ പറഞ്ഞത്.
ഇരുന്നോറോളം സില്‍വര്‍ ലൈന്‍ കുറ്റികള്‍ ഇറക്കാനുള്ള ശ്രമമുണ്ടായത്. തിരുനാവായ എടക്കുളത്താണ് രണ്ട് വാഹനങ്ങളിലെത്തിച്ച സില്‍വര്‍ ലൈന്‍ കുറ്റികള്‍ ഇറക്കിവച്ചത്. സില്‍വര്‍ ലൈന്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയും നാട്ടുകാരും എത്തി ഇത് തടഞ്ഞു. ഇറക്കിയ കുറ്റികള്‍ തിരിച്ച് വാഹനത്തിലേക്ക് മാറ്റി വാഹനം തിരിച്ചയച്ചു. വീണ്ടും കുറ്റികള്‍ ഇങ്ങോട്ട് എത്തിച്ചാല്‍ വലിയ ജനകീയ പ്രതിഷേധം ഉണ്ടാകുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന കുറ്റികള്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്സജസ് കോര്‍പ്പറേഷന്റെ പക്കലുള്ള ഭൂമിയിലേക്ക് മാറ്റാനായിരുന്നു ശ്രമമെന്നാണ് കെ റെയില്‍ നൽകുന്ന വിശദീകരണം. ഇതിനായി അനുമതി വാങ്ങിയിരുന്നു. പൊതുസ്ഥലമായതിനാല്‍ ഇവിടെ കുറ്റികൾ ഇറക്കുന്നതിന് തടസങ്ങൾ ഒന്നുമില്ല. നാട്ടുകാർ തടഞ്ഞതിനാല്‍ കുറ്റികൾ നേരത്തെ വച്ച സ്ഥലത്തേക്ക് കൊണ്ടുപോയി. കുറ്റികൾ എവിടെ സൂക്ഷിക്കണമെന്ന് ചർച്ച് ചെയ്ത് തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
സില്‍വര്‍ ലൈന്‍ സമരം ഏറ്റവും ശക്തമായ പ്രദേശമാണിത്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പ് കല്ലിടല്‍ നിര്‍ത്തിയത്. ജിപിഎസ് സര്‍വ്വേയിലേക്ക് മാറാനാണ് തീരുമാനം. എന്നാല്‍ അതും തുടങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: