കാഞ്ഞങ്ങാട്: വിയറ്റ്നാമില്‍ മാത്രം കണ്ടുവരുന്ന ഗാക് ഫ്രൂട്ട് വിജയകരമായി കൃഷി ചെയ്ത് വിജയിച്ചിരിക്കുകയാണ് മുന്‍ പ്രവാസി കൂടിയായ മടിക്കൈ കോട്ടക്കുന്നിലെ മജീദ്. കേരളത്തില്‍ ഇപ്പോള്‍ ഒന്ന് രണ്ടിടങ്ങളില്‍ മാത്രമെ ഈ ചെടിയുള്ളു. പരീക്ഷണാടിസ്ഥാനത്തില്‍ നട്ടുവളര്‍ത്തിയ ഗാക്ക് ഇപ്പോള്‍ നിറയെ കായ്ച്ച് നില്‍ക്കുകയാണ്. റംബുട്ടാന്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയ വിദേശ പഴങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണ് ഗാക് ഫ്രൂട്ട്. വള്ളിയായി പടര്‍ന്നു വളരുന്ന ചെടിയിലെ ഒരു പഴത്തിന് 900 ഗ്രം മുതല്‍ ഒന്നരക്കിലോ വരെ തൂക്കമുണ്ടാവും.
മടിക്കൈ സ്വദേശിയായ മജീദ് ഒരു വര്‍ഷം മുന്‍പ് അങ്കമാലിയില്‍ നിന്നും ഗാക്കിന്റെ വിത്ത് വാങ്ങി മുളപ്പിച്ചാണ് ചെടിയുണ്ടാക്കിയത്. 6 മാസത്തിനുള്ളില്‍ പൂക്കും. ആണ് പൂവും, പെണ്‍പൂവുമുള്ള ചെടിയില്‍ കൃത്യമായി പരാഗണം നടന്നില്ലെങ്കില്‍ കായ്ഫലം കുറയും. പഴുത്തു തുടങ്ങിയ മജീദിന്റെ ഗാക്ക് നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും കൗതുക കാഴ്ചയാണിപ്പോള്‍.
പഴം കായ്ക്കുമ്പോള്‍ പച്ച നിറവും മൂപ്പെത്തുന്നതോടെ മഞ്ഞയും പഴുക്കുമ്പോള്‍ ചുവപ്പ് നിറവുമാകും. പഴത്തിനകത്ത് വിത്തിനോട് ചേര്‍ന്ന് ചുവപ്പ് നിറത്തില്‍ കാണുന്ന ഭാഗവും പള്‍പ്പുമാണ് ഭക്ഷ്യയോഗ്യം. ഇത് ജ്യൂസായും ഭക്ഷണത്തോടൊപ്പവും കഴിക്കാം. ഗാകിന് ഔഷധഗുണവുമേറെ. പച്ച കായും ഇലയും കൊണ്ട് കറിയുണ്ടാക്കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: