തിരുവനന്തപുരം: ലോക കേരളസഭയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ലങ്കിലും അദ്ദേഹത്തെ വാനോളം പുകഴ്ത്താനാണ് പ്രസംഗിച്ചവരെല്ലാം ശ്രദ്ധിച്ചത്. പ്രവാസികളുടെ ഇത്തരമൊരു കൂട്ടായ്്മ ലോകത്താദ്യമാണെന്നും പിണറായി വിജയന്റെ ഭാവനയില്‍ ഉദിച്ചതാണെന്നും പറഞ്ഞു ഫലിപ്പിക്കുയായിരുന്നു മന്ത്രിമാരും എംപിമാരും. വേറൊരു സംസ്ഥാനത്തിനും ഇത്തരമൊന്നു ചിന്തിക്കാന്‍ പോലും കഴിയില്ലന്നും വീമ്പിളക്കി. കേന്ദ്രം പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം കൊടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇവിടെ അവരെ സഭയുടെ ഭാഗമാക്കിയെന്ന തള്ളും ഉണ്ടായി.
ഇവര്‍ക്കൊക്കെയുള്ള മറുപടിയായിരുന്നു നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് കൂടിയായ ഡോ. എം.എ. യൂസഫലിയുടെ പ്രസംഗം. വാജ്പേയി സര്‍ക്കാറിന്റെ കാലത്ത് തുടക്കം കുറിച്ച പ്രവാസി ദിവസിന്റെ മാതൃക പിന്തുടര്ന്നാണ് ലോക കേരളസഭ. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രവാസി ദിവസ് സമ്മേളനം അടുത്ത വര്‍ഷം മധ്യപ്രദേശില്‍ നടക്കുന്നകാര്യവും യൂസഫലി സൂചിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തെ പ്രശംസിച്ച് അദ്ദേഹം അത് മുതലാക്കി കേരളത്തിലെ കുട്ടികള്‍ ഇവിടെ തന്നെ പഠിക്കാനുള്ള അവസരം സൃഷ്ട്രിക്കണമെന്നും ആവശ്യപ്പെട്ടു.
ഗള്‍ഫ് ഭരണധികാരികളെ മുഖ്യമന്ത്രി പിണറായി വിജയനെ പരിചയപ്പെടുത്തിയതിനേയും യൂസഫലി ന്യായീകരിച്ചു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചെയ്തിരുന്ന കാര്യ തന്നെയാണ് പിണറായി മുഖ്യമന്ത്രി ആയപ്പോഴും ചെയ്തതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം ഇല്ലന്നും യുസഫലി പറഞ്ഞു.
പ്രതിപക്ഷം ബഹിഷ്ക്കരിച്ച ഉദ്ഘാടന ചടങ്ങുകള്‍ നിറം മങ്ങിയതായിരുന്നു. അധ്യക്ഷനാകേണ്ടിയിരുന്ന പിണറായി വിജയന് എത്തിയില്ല. പരിപാടി തുടങ്ങും മുന്‍പേ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി.. ഉദ്ഘാടകന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിക്കാനാണ് അവതാരിക ക്ഷണിച്ചത്. ഗവര്‍ണര്‍ വിളക്കിനടുത്തേക്ക് നീങ്ങിയപ്പോളാണ് ദീപം തെളിച്ചിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് പ്രസംഗത്തിനായി പോഡിയത്തിലേക്ക് പോകുകയും ഉദ്ഘാടനം ചെയ്തതായി പറയുക മാത്രമാണ് ചെയ്തത്. പ്രസംഗം കഴിഞ്ഞ ഉടന്‍ ഗവര്‍ണര്‍ വേദി വിടുകയും ചെയ്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേര് പ്രാസംഗികരുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും എത്തിയില്ല. പ്രതിപക്ഷത്തു നിന്ന് ആരും തന്നെ സദസ്സിലും ഇല്ലായിരുന്നു. ഇടതുമുന്നണിയുടെ ഒരു ഷോ എന്ന നിലയില്‍ ഉദ്ഘാടന പരിപാടി തരം താണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: