റിയാദ്: സ്വര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളുമായി സൗദി അറേബ്യന്‍ ഭരണകൂടം. നടപടികളുടെ ഭാഗമായി പ്രതീകാത്മകമായി മഴവില്‍ നിറങ്ങളിലുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും അധികൃതര്‍ പിടിച്ചെടുത്തു. സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നതിനാലാണ് നടപടിയെന്ന് സൗദിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് ദേശീയ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദി തലസ്ഥാനമായ റിയാദിലെ കടകളില്‍ നിന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള നിരവധി സാധനങ്ങള്‍ നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹെയര്‍ ക്ലിപ്പുകള്‍, പോപ്പ്-ഇറ്റുകള്‍, ടി-ഷര്‍ട്ടുകള്‍, തൊപ്പികള്‍, പെന്‍സില്‍ കേസുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
‘കുട്ടികളെയും ചെറുപ്പക്കാരെയും ലക്ഷ്യം വെച്ചുകൊണ്ട് ഹോമോസെക്ഷ്വല്‍ നിറങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഇസ്ലാമിക് വിശ്വാസത്തിനും പൊതു സദാചാരത്തിനും വിരുദ്ധമായി നില്ക്കുന്ന വസ്തുക്കളെയാണ് ഞങ്ങള്‍ പരിശോധിക്കുന്നത്,” സൗദിയുടെ കൊമേഴ്സ് വിഭാഗത്തില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വവര്‍ഗരതിക്ക് ആഹ്വാനം ചെയ്യുന്നതും സാമാന്യബുദ്ധിക്ക് നിരക്കാത്തതുമായ ചിഹ്നങ്ങളും അടയാളങ്ങളും അടങ്ങിയ ഉല്പന്നങ്ങള് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തതായി വാണിജ്യ മന്ത്രാലയവും ട്വീറ്റ് ചെയ്തു. അത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടയുടമകള്‍ ശിക്ഷ നേരിടേണ്ടി വരുമെന്നും സൗദി വാണിജ്യ മന്ത്രാലയം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
ഡിസംബറില്‍, അയല്‍രാജ്യമായ ഖത്തറും സമാനമായ നടപടി സ്വീകരിച്ചിരുന്നു. ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ആഹ്വാനം ചെയ്യുന്നതിനാല്‍ കടകളില്‍ നിന്ന് മഴവില്‍ നിറമുള്ള പോപ്പ്-ഇറ്റുകളും മറ്റ് കളിപ്പാട്ടങ്ങളും കണ്ടുകെട്ടിയതായി ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു.
ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് പറയുന്ന സിനിമകളും നേരത്തെ സൗദിയില്‍ നിരോധിക്കപ്പെട്ടിടുണ്ട്. മാര്‍വല്‍ സിനിമ ഡോക്ടര്‍ സ്ട്രേഞ്ച് സൗദി അറേബ്യയില്‍ നിരോധിച്ചിരുന്നു. സ്വവര്‍ഗാനുരാഗിയായ കഥാപാത്രം സിനിമയിലുള്ളതിനാലായിരുന്നു നിരോധനം. വെസ്റ്റ് വൈഡ് സ്റ്റോറി, മാര്‍വല്‍ ഇറ്റേണല്‍സ് എന്നീ സിനിമകള്‍ക്കും നേരത്തെ സൗദി, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ പ്രദര്‍ശനം നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: