ചെന്നൈ: ഹരിവരാസനം ശതാബ്ദി ആഘോഷസമിതി രൂപീകരണയോഗത്തില്‍ പങ്കെടുത്തതിന് തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവിക്കെതിരെ ഡിഎംകെ. ആയിരക്കണക്കിന് വര്‍ഷങ്ങളായി സനാതന ധര്‍മ്മം ഭാരതത്തെ നയിച്ചിട്ടുണ്ടെന്ന ഗവര്‍ണറുടെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്ന ആരോപണമുയര്‍ത്തി മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ടി.ആര്. ബാലുവാണ് രംഗത്തെത്തിയത്.
ഹരിവരാസനം ശതാബ്ദി സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് സനാതനധര്‍മ്മമാണ് ഭാരതത്തിന്റെ ആധാരമെന്ന് ഗവര്‍ണര്‍ ആര്.എന്‍. രവി പറഞ്ഞത്. ഭാരതം, ഏതെങ്കിലും രാജാക്കന്മാര് സൃഷ്ടിച്ചതല്ല. ഋഷികളുടെ തപസ്സിന്റെ ഫലമാണ്. ഭരണഘടന ഭരണനിര്‍വഹണത്തിനായുള്ളതാണ്. എന്നാല്‍ അത് എഴുതുന്നതിനും ആയിരക്കണക്കിന് വര്‍ഷം മുമ്പ് ഭാരതമിവിടെയുണ്ട്. നമ്മുടെ ദൗത്യം ഏകഭാരതം ആണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികളുണ്ട്, അവര്‍ ഒന്നിലധികം മുഖങ്ങള്‍ ധരിച്ച് രാജ്യത്തിനുള്ളില്‍ നമ്മളെ വെല്ലുവിളിക്കുന്നു. അതിനെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണം,’ ഗവര്‍ണര്‍ പറഞ്ഞു.
എന്നാല്‍ ഗവര്‍ണറുടെ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്കുനിരക്കുന്നതല്ലെന്നാണ് ഡിഎംകെയുടെ വാദം. ഭരണഘടനയാണ് ഇന്ത്യയെ നയിക്കുന്നത്, സനാതനധര്‍മ്മമല്ല; മനു ധര്‍മ്മമല്ല, ജനാധിപത്യമാണ് ഭരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസംഗം ഭരണഘടനാ തത്വങ്ങളെ തകര്‍ക്കുന്നതാണ്. മതേതര തത്വങ്ങള്‍ പ്രചരിപ്പിക്കേണ്ട ഒരു വ്യക്തി ഒരു പ്രത്യേക മതത്തിന് വേണ്ടി പൊതുവേദിയില്‍ പറയുന്നത് മറ്റുള്ളവര്‍ക്കെതിരെ അക്രമത്തിന് പ്രോത്സാഹിപ്പിക്കലാണെന്ന് ബാലു ആരോപിച്ചു.
ബാലുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഗവര്‍ണറെ കടന്നാക്രമിച്ച് ഡിഎംകെ മുഖപത്രമായ മുരശൊലിയും രംഗത്തെത്തി. സനാതനധര്‍മ്മം വര്‍ണാശ്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സാമൂഹിക നീതിക്ക് എതിരാണെന്നും ഗവര്‍ണര്‍ അത്തരം കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും മുരശൊലി മുഖപ്രസംഗത്തില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: