(ഗായത്രിയുടെ 24 ശക്തിധാരകള്‍)
ത്രിപദാഗായത്രിയുടെ മൂന്നാമത്തെ പ്രവാഹധാരയാണ് ശാംഭവി. ഇത് പ്രയോജനാത്മകമായ പരിവര്‍ത്തനശക്തി ആണെന്നു പരിഗണിക്കപ്പെടുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജീര്‍ണതയില്‍നിന്നും പുതുമയെ രൂപപ്പെടുത്തുവാനും, ജഡരൂപത്തെ ചൈതന്യമയമാക്കുവാനും, അലസതയെ ഉല്ലാസപൂര്ണമാക്കുവാനും, മരണത്തെ ജീവിതമാക്കി മാറ്റുവാനും കഴിയുന്ന കായാകല്പശക്തിയാണിത്. ഇതിനുതന്നെയാണ് പുനര്ജീവിതമെന്നും നവനിര്മാണമെന്നും പറയുന്നത്. അശക്തനെ സശക്തനും വിരൂപനെ സുന്ദരനും ആക്കുന്നതില്‍ സദാ വ്യാപൃതമായിയിരിക്കുന്ന ഗായത്രിയുടെ വിശിഷ്ടശക്തിയാണ് ശാംഭവി. മറ്റൊരു വിധത്തില്‍ ഇതിന് ശിവശക്തിയെന്നും പറയാം.
ശാംഭവിക്ക് രണ്ട് ആയുധങ്ങളുണ്ട്. ത്രിശൂലവും തുടിയും. ത്രിശൂലമെന്നാല് മനുഷ്യന്റെ ആധിഭൗതികവും, ആദ്ധ്യാത്മികവും, ആധിദൈവികവുമായ വിപത്തുകളെ നിര്‍വീര്യമാക്കാന്‍ കഴിവുള്ള മൂന്നു മുനയുള്ള ആയുധം. മനുഷ്യജീവിതത്തില്‍ ദുഃഖങ്ങളും കഷ്ടപ്പാടുകളും ഉണ്ടാകുന്നത് മൂന്നു കാരണങ്ങള്‍ മൂലമാണ്.
1. അജ്ഞാനം,
2. അഭാവം (ഇല്ലായ്മ),
3. അശക്തി.
ഇവ മൂന്നും പരിഹരിക്കാന്‍ ജ്ഞാനം, അദ്ധ്വാനം, സംയമനം എന്നി മൂന്നു ആയുധങ്ങള്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നു. ഇവ മൂന്നും ചേര്‍ന്നുള്ളതാണ് ത്രിശൂലം. ശാംഭവിയെ ഉപാസിക്കുന്നവര്‍ ത്രിശൂലധാരി ആയിത്തീരുന്നു. (ത്രിശൂലം പ്രതിനിധാനം ചെയ്യുന്ന മൂന്നു ശക്തികളും അവനില്‍ ഉണ്ടാകുന്നു) ഗായത്രീസാധനയില്‍ ശരിയായ താല്പര്യം ഉണ്ടായാല്‍ പിന്നോക്കമനസ്ഥിതിയും പരിതസ്ഥിതിയും മാറി പുരോഗമനാത്മകത്വം ഉത്ഭൂതമാകുകയും സമൃദ്ധിയും സമ്പന്നതയും നേടത്തക്ക വ്യക്തിത്വവികസനം സംഭവിക്കുകയും ചെയ്യും.
തുടി (ഡമരു) ഉണര്‍വിന്റെയും ഉത്സാഹത്തിന്റെയും പുരോഗമനത്തിന്റെയും പ്രതീകമാണ്. ശാംഭവിയുടെ കയ്യില്‍ ഡമരു ഉണ്ടായിരിക്കുന്നതിന്റെ അര്‍ത്ഥം, ഈ ശക്തിധാരയുമായി ബന്ധപ്പെടുമ്പോള്‍ ഉണര്‍വും ഉത്സാഹവും ഉളവാകുന്നതിനോടൊപ്പം ഉന്നതിക്കും പുരോഗമനത്തിനുമുള്ള ആത്മധൈര്യം വര്‍ദ്ധിക്കുന്നുവെന്നതാണ്.
ശാംഭവിയുടെ വാഹനം വൃഷഭ(കാള)മാണ്. സകല പ്രാണികളിലും വെച്ച് ഇതിനെയാണ് ശിവന് തന്റെ സ്വഭാവത്തിന് അനുയോജ്യയായി ഇഷ്ടപ്പെട്ടത്. കാളയ്ക്കു നല്ല ശക്തിയുണ്ട്. അത് അദ്ധ്വാനിയാണ്. സൗമ്യസ്വഭാവിയും സഹിഷ്ണുതാശീലനുമാണ്. അതിന്റെ ശക്തി പ്രയോജനപ്രദമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്. ശക്തിയും ശേഷിയും ഉണ്ടെങ്കിലും അതുമുഴുവന്‍ സദാ സല്പ്രയോജനങ്ങള്ക്കുവേണ്ടി ഉപയോഗിക്കുന്നതില്‍ അതു മുഴുകിയിരിക്കുന്നു. വിധ്വംസനപ്രവര്ത്തനങ്ങള്ക്കായി അതു തന്റെ ശക്തി ഉപയോഗിക്കാറില്ലെന്നുതന്നെ പറയാം. കാള അദ്ധ്വാനത്തിന്റെയും ധൈര്യത്തിന്റെയും ദാക്ഷിണ്യത്തിന്റെയും പ്രതീകമാണ്. ഈ ഗുണങ്ങള്‍ ആരില്‍ എത്രമാത്രം ഉണ്ടായിരിക്കുന്നുവോ, അതനുസരിച്ച് അവരില്‍ ശാംഭവിയുടെ സ്നേഹവും സഹകരണവും വര്‍ഷിച്ചുകൊണ്ടിരിക്കും. ഈ സല്‍ഗുണങ്ങള്‍ വളര്‍ത്തുന്നതിനുവേണ്ടിയാണ് ശാംഭവിയുടെ ഉപാസന നടത്തുന്നത്.
ശാംഭവിയുടെ മസ്തിഷ്കത്തിണന്റെ മധ്യത്തിലായി മൂന്നാമതൊരു നേത്രമുണ്ട്. മൂന്നാമത്തെ നേത്രമെന്നു പറഞ്ഞാല്‍ ദിവ്യദൃഷ്ടി ദൂരദര്‍ശിത്വത്തിന്റെ ഉറവിടം. ഇതിന് ജ്ഞാനചക്ഷു എന്നു പറയുന്നു. അതീന്ദ്രിയശക്തികളെപ്പറ്റി പറയുമ്പോള്‍ വിദൂരവീക്ഷണം, പരോക്ഷദര്ശനം, ഭാവിദര്‍ശനം എന്നിവയുടെ കേന്ദ്രസ്ഥാനമായി ഇതിനെ കണക്കാക്കുന്നു. ഇതുതന്നെയാണ് തത്ത്വദര്‍ശികളുടെ ബിന്ദുസാധനയുടെ ലക്ഷ്യസ്ഥാനമായ ആജ്ഞാചക്രം. ഇതു തുറന്നുകഴിഞ്ഞാല്‍ അശുഭവും അനിഷ്ടകരവുമായ തത്ത്വങ്ങളെ പരാജയപ്പെടുത്താന്‍ കഴിയും. ഭഗവാന് ശിവന് ഈ നേത്രം തുറന്നാണ് കാമദേവനെ ഭസ്മമാക്കിയത്. ഇത് ആജ്ഞാചക്രത്തിലെ ശപിക്കാനുള്ള ശക്തിയെയാണ് സൂചിപ്പിക്കുന്നത്. തൃതീയനേത്രം, അതായത് ആജ്ഞാചക്രം, ഉണര്‍ന്നുകഴിഞ്ഞാല്‍ വിവേകശക്തി വര്‍ധിക്കുകയും നമ്മിലെ ദൂഷ്യങ്ങളും കുറ്റങ്ങളും കുറവുകളും സ്പഷ്ടമായി കാണാന്‍ സാധിക്കുകയും ചെയ്യും എന്നതാണ് ഇതിന്റെ മറ്റൊരു വ്യാഖ്യാനം. സാധാരണ മനുഷ്യന് താല്കാലികപ്രയോജനങ്ങള്ക്കുവേണ്ടി ഭാവിയെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ വിവേകമതികള്‍ ഭാവി പരിണാമങ്ങളെ പരിഗണിക്കുകയും അതിന്‍പ്രകാരം വര്‍ത്തമാനകാലത്തിലെ പ്രവര്‍ത്തനങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്നു.
ഈ പദ്ധതി അവലംബിച്ചാണ് സാമാന്യമനുഷ്യന്, അസാമാന്യനും മഹാപുരുഷനും ആകാന്‍ സാധിക്കുന്നത്. ശാംഭവിയെ ഉപാസിക്കുമ്പോള്‍ മൂന്നാമത്തെ നേത്രം തുറക്കുകയും അര്‍ജുനനെപ്പോലെ ആത്മദര്‍ശനവും ബ്രഹ്മദര്‍ശനവും സാദ്ധ്യമാകുകയും ചെയ്യും. കൂടാതെ സാമാന്യമനുഷ്യന്റെ സങ്കല്പത്തിനും സ്വഭാവത്തിനും അതീതമായ ബോധം ഉളവാകുകയും ചെയ്യും
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: