ന്യൂദല്‍ഹി:ഇപ്പോഴുള്ള 4 ജിയേക്കാള്‍ മൊബൈല്‍ സേവനങ്ങളുടെ വേഗം 10 മടങ്ങ് കൂട്ടാനുതകുന്ന 5ജിയിലേക്ക് പോകാന്‍ സ്പെക്ട്രം ലേലത്തിനൊരുങ്ങി മോദി സര്‍ക്കാര്‍. 20 വര്‍ഷക്കാലത്തേക്ക് 72 ജിഗാ ഹെര്‍ട്സ് സ്പെക്ട്രമാണ് ലേലത്തില്‍ നല്‍കുക. ജൂലായ് അവസാനത്തോടെ 5ജി സ്പെക്ട്രം ലേലം ആരംഭിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 5ജി സ്പെക്ട്രം ലഭിയ്ക്കുന്നതോടെ ഇന്ത്യയില്‍ മൊബൈല്‍ സേവനദാതാക്കള്‍ 5ജി സേവനം ആരംഭിയ്ക്കും.
5ജിയോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ പ്രൈവറ്റ് കാപ്റ്റീവ് നെറ്റ് വര്‍ക്കുകളും പരിചയപ്പെടുത്തും. ഇതുവഴി മെഷീന് ടു മെഷീന് കമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( എഐ) എന്നീ നാലാം തലമുറയില്‍പ്പെട്ട വ്യവസായ സേവനങ്ങള്‍ ലഭ്യമാകും. ഈ പുതുതലമുറ സേവനങ്ങള്‍ ഓട്ടോമോട്ടീവ്, ആരോഗ്യരംഗം, കൃഷി, ഊര്‍ജ്ജം, മറ്റ് മേഖലകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കപ്പെടും. അതുപോലെ മൊബൈല്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്നീ മേഖലകളിലും വലിയ മാറ്റങ്ങള്‍ 5ജി വഴി ഉണ്ടാകും.
ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ സര്‍ക്കാരിന്റെ നയപരിപാടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കൂടുതല്‍ വേഗതയുള്ള ഡിജിറ്റല്‍ കണക്ടിവിറ്റി പ്രധാനമാണ്.
വിവിധ ഫ്രീക്വന്‍സി ബാന്റിലുള്ള സ്പെക്ട്രങ്ങള് ലേലം ചെയ്യും. 600 മെഗാഹെര്‍ട്സ്, 700 മെഗാ ഹെര്‍ട്സ്, 800 മെഗാ ഹെര്‍ട്സ്, 900 മെഗാ ഹെര്‍ട്സ്, 1800 മെഗാ ഹെര്‍ട്സ്, 2100 മെഗാ ഹെര്‍ട്സ്, 2300 മെഗാ ഹെര്‍ട്സ് എന്നീ ലോ ഫ്രീക്വന്‍സികളിലും 3300 മെഗാഹെര്‍ട്സ് എന്ന മിഡ് ഫ്രീക്വന്‍സിയിലും 26 ജിഗാ ഹെര്‍ട്സ് എന്ന ഹൈ ഫ്രീക്വന്‍സിയിലുമുള്ള സ്പെക്ട്രങ്ങള് ലേലം ചെയ്യും.
മൊബൈല്‍ ബ്രോഡ്ബാന്റ് ഇപ്പോള്‍ ദൈനംദിന ജീവിതത്തിലെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. 2015ല്‍ 4 ജി എത്തിയതോടെ ഈ മേഖലയില്‍ വന്‍ മാറ്റമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: