ന്യൂദല്‍ഹി: കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴില്‍ ജലവിഭവ വകുപ്പിന്റെ ഭാഗമായുള്ള സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്, 2022 ജൂണ്‍ 16ന് ന്യൂദല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ അണക്കെട്ട് സുരക്ഷാ നിയമം, 2021 എന്ന വിഷയത്തില്‍ ഒരു ഏകദിന ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. അണക്കെട്ട് സുരക്ഷാനിയമം 2021ലെ വ്യവസ്ഥകളെ കുറിച്ച് എല്ലാ പങ്കാളികളെയും ബോധവത്കരിക്കാനും ഇന്ത്യയിലെ അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച ഭരണ നിര്‍വഹണത്തെ കുറിച്ച് അവബോധം നല്‍കാനുമാണ് ശില്പശാല ലക്ഷ്യമിടുന്നത്.
ഇന്ത്യയില്‍ 5334 വലിയ അണക്കെട്ടുകള്‍ നിലവിലുണ്ട്. കൂടാതെ 411 വലിയ അണക്കെട്ടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇന്ത്യയിലെ അണക്കെട്ടുകള്‍ പ്രതിവര്‍ഷം 300 ശതകോടി ക്യുബിക് മീറ്റര്‍ ജലം സംഭരിക്കുന്നു. ഈ അണക്കെട്ടുകള്‍ വര്‍ഷങ്ങളായി കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു. ഏകദേശം 80% അണക്കെട്ടുകള്‍ 25 വര്‍ഷത്തില്‍ കൂടുതലും, 227 അണക്കെട്ടുകള്‍ 100 വര്‍ഷത്തില്‍ കൂടുതലും പഴക്കമുള്ളവയാണ്. അണക്കെട്ടുകളുടെ കാലപ്പഴക്കവും യഥാസമയം അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്താത്തതും ഇവയുടെ സുരക്ഷ ആശങ്കപ്പെടുത്തുന്ന വിഷയമാക്കിയിട്ടുണ്ട്.
അണക്കെട്ടിന്റെ തകര്‍ച്ചയും അതുമായി ബന്ധപ്പെട്ട ദുരന്തങ്ങളും തടയുന്നതിന് നിര്‍ദ്ദിഷ്ട അണക്കെട്ടിന്റെ നിരീക്ഷണവും പരിശോധനയും പ്രവര്‍ത്തനവും അറ്റകുറ്റപ്പണിയും ഉറപ്പാക്കും. കൂടാതെ,അവയുടെ സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുള്ള ഒരു സ്ഥാപനപരമായ സംവിധാനം സൃഷ്ടിക്കുന്നതിനും അണക്കെട്ട് സുരക്ഷാ നിയമം, 2021 ലക്ഷ്യമിടുന്നു.
നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്, ഏകീകൃതമായ അണക്കെട്ട് സുരക്ഷാ നയങ്ങളും പ്രോട്ടോക്കോളുകളും നടപടിക്രമങ്ങളും വികസിപ്പിക്കുന്നതിന് സഹായിക്കുന്നതിനായി കേന്ദ്ര ജല കമ്മീഷന് ചെയര്‍മാന്റെ നേതൃത്വത്തില്‍ ഡാം സുരക്ഷ സംബന്ധിച്ച ദേശീയ സമിതി രൂപീകരിച്ചു കേന്ദ്ര ഗവണ്മെന്റ് ഇതിനകം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, അണക്കെട്ട് സുരക്ഷാ നയങ്ങളും മാനദണ്ഡങ്ങളും നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനുള്ള ഒരു നിയന്ത്രണ സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റി (എന്ഡിഎസ്എ) സ്ഥാപിച്ചിട്ടുമുണ്ട്.
അണക്കെട്ടുകള്‍, ഡാമുകളുടെ സുരക്ഷിതമായ ഭരണനിര്‍വഹണം എന്നിവയുമായി ബന്ധപ്പെട്ട മന്ത്രിമാര്‍/നയ നിര്‍മ്മാതാക്കള്‍, കേന്ദ്ര ജലശക്തി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കേന്ദ്ര/സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശ ഗവണ്മെന്റുകളുടെ സാങ്കേതിക വിദഗ്ധര്‍, കേന്ദ്ര ജല കമ്മീഷന്, അക്കാദമിക വിദഗ്ധര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല അണക്കെട്ട് ഉടമകള്‍ എന്നിവര്‍ ശില്പശാലയില് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: