തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമൊത്ത് നിരവധി തവണ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രി അത് മറന്നിട്ടുണ്ടെങ്കില്‍ സാഹചര്യം അനുസരിച്ച് മാദ്ധ്യമങ്ങള്‍ വഴി ഓര്‍മിപ്പിക്കാമെന്നും സ്വപ്ന പറഞ്ഞു.
ജയിലില്‍ കിടക്കുമ്പോള്‍ വിവാദ വനിതയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയും കുടുംബവുമൊത്ത് ക്ലിഫ് ഹൗസില്‍ ഒരുപാട് കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പല നീക്കങ്ങളും നടത്തിയിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോള്‍ മറന്നുപോയെങ്കില്‍ അവസരം വരുന്നതനുസരിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓര്‍മിപ്പിച്ചു കൊടുക്കാം’ സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
എനിക്കെതിരെ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളില്‍ മകസ് കൊടുത്തോളൂ. ഒരു പ്രശ്നവുമില്ല. കോടതിയില്‍ കൊടുത്ത രഹസ്യമൊഴിയില്‍ ഉറച്ച് നില്ക്കുന്നു. മൊഴികള്‍ പിന്‍വലിക്കാന്‍ പോകുന്നില്ല. ഇത് തന്നെ ശക്തമായ തീരുമാനം ആണ്. മൊഴി പിന്‍വലിക്കണമെങ്കില്‍ നിങ്ങള്‍ എന്നെ കൊല്ലണം. കൊന്നു കഴിഞ്ഞാല്‍ എല്ലാ കാര്യങ്ങളും ഇവിടെ നിലയ്ക്കും.
താന്‍ എല്ലാ തെളിവുകളും എല്ലാവര്ക്കും കൈമാറിയിട്ടുണ്ട്. തന്നെ കൊന്നതുകൊണ്ട് മാത്രം എല്ലാം ഇവിടെ അവസാനിക്കുമെന്ന കരുതണ്ട. ജയിലിലിട്ട് തല്ലിച്ചതച്ച് ഏതെങ്കിലും സ്റ്റേറ്റ്മെന്റില്‍ ഒപ്പിടീക്കാനാണ് ശ്രമം എങ്കില്‍ നമുക്ക് നോക്കാം. കസ്റ്റംസിന് നല്‍കിയിരിക്കുന്ന രഹസ്യമൊഴിയും ഇഡി കോടതിയില്‍ കൊടുത്തിരിക്കുന്ന രഹസ്യമൊഴിയും വ്യത്യസ്തമാണെന്നാണ് പറയുന്നത്. കോടതിയുടെ സുരക്ഷയില്‍ ഇരിക്കുന്ന കാര്യങ്ങള്‍ എങ്ങനെ മുതിര്‍ന്ന സിപിഎം നേതാവിന് അറിയാന്‍ കഴിഞ്ഞു. സ്വാധീനം ഉപയോഗിച്ച് അദ്ദേഹമോ അദ്ദേഹത്തിന്റെ അനുയായികളോ അല്ലെങ്കില്‍ മുഖ്യമന്ത്രിയോ മൊഴി വായിച്ചിരിക്കുന്നു. എന്റെ രഹസ്യമൊഴിയില്‍ വ്യത്യാസമില്ലെന്ന് എല്ലാവരോടും എപ്പോഴും പറയുന്നതാണെന്നും സ്വപ്ന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: