തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റ കറുപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് മഹിളാമോര്‍ച്ചാ ഇന്നും പ്രതിഷേധ മാര്‍ച്ച് നടത്തി. കറുത്ത സാരിയും മാസ്കും ധരിച്ച് ക്ലിഫ് ഹൗസിന് മുന്നിലായിട്ടായിരുന്നു മഹിളാ മോര്‍ച്ചയുടെ പ്രതിഷേധ മാര്‍ച്ച്. സംഭവത്തില്‍ നാല് വനിതാ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് മുഖ്യമന്ത്രിയെ കടത്തിവിട്ടത്.
മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന സമയത്താണ് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. കൂടാതെ മുഖ്യമന്ത്രിക്ക് നേരെ ഇവര്‍ കരിങ്കൊടിയും ഉയര്‍ത്തി. ഇതോടെ പത്തോളം മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഭവത്തില്‍ നാല് യുവമോര്‍ച്ച പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്ലിഫ് ഹൗസ് പരിസരത്ത് പല വഴികളിലായി നിന്ന പ്രതിഷേധക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കറുപ്പ് മാസ്ക് നിരോധനം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ പിണറായിയുടെ ജന്മനാട്ടില് ഉള്‍പ്പടെ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. തലസ്ഥാനത്ത് ഇന്ന് രണ്ട് പൊതുപരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് മുന്‍ ദിവസങ്ങളിലേപോലെ തന്നെ വന്‍ പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വിളപ്പില്‍ശാല ഇ എം എസ് അക്കാദമിയിലും വഴിയില്‍ ഉടനീളവും പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. കൂടാതെ ഇഎംഎസ് അക്കാദമിയിലെ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: