തിരുവനന്തപുരം: കറുപ്പ് വസ്ത്രമണിഞ്ഞും കരിഓയിലും ചൂലുമായി സെക്രട്ടറിയേറ്റിലേക്ക് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സെക്രട്ടറിയേറ്റിലേക്ക് മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്.
സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ഗേറ്റില്‍ നിന്നും മഹിളാ മോര്‍ച്ചാപ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഗേറ്റിലേക്ക് നീങ്ങിയതോടെ പോലീസ് തടയുകയും ലാത്തിചാര്‍ജിന് ശ്രമിക്കുകയും ചെയ്തു. വനിതാ പോലീസ് ഇല്ലാതെയാണ് പ്രവര്‍ത്തകരെ തടഞ്ഞത്. ഇതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നായതോടെ വനിതാ പോലീസുകാരെ വിന്യസിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ഗേറ്റിലേക്ക് വീണ്ടും മാര്‍ച്ചായെത്തി. പോലീസ് ബാരിക്കേഡ് നിരത്തി പ്രവര്‍ത്തകരെ തടഞ്ഞു. പ്രവര്‍ത്തകരില്‍ ചിലര്‍ ബാരിക്കേഡിനു മുകളിലേക്കു കയറി കരിഓയില്‍ ഒഴിച്ചു.
മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയാരാജീവ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് തിരുമല അനില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കേരളമൊട്ടാകെ ഭയപ്പെട്ട് മുഖ്യമന്ത്രി യാത്ര ചെയ്യുകയാണ്. ചികിത്സയ്ക്കെന്ന് പറഞ്ഞ് അമേരിക്കയില്‍പോയത് എന്തിനെന്നും ബിലിവേഴ്സ് ചര്‍ച്ചുമായുള്ള ഇടപാടെന്തെന്നും സ്വപ്നയുമായുള്ള ബന്ധമെന്തെന്നും ജനങ്ങള്‍ക്ക് അറിയണം. ഇത് വെളിപ്പെടുത്താനാകാത്തതു കൊണ്ടാണ് മുഖ്യമന്ത്രി ജനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആര്.സി. ബീന, ശ്രീകല, ഹിമസിജി, സ്വപ്ന സുദര്ശന്, ലീനാമോഹന്, രജിത തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: