എസ്. ശ്രീനിവാസ് അയ്യര്‍
നമ്മുടെ ഒരു പൊതുബോധ്യം അവനവന്റെ ജന്മനക്ഷത്രം മാത്രമാണ് പ്രധാനം എന്നാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ അതിനുമാത്രമേ നമ്മളുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുള്ളൂ എന്നാണ്. മറ്റുളള ഇരുപത്തിയാറ് നക്ഷത്രങ്ങള്‍ വരുന്നദിവസങ്ങള് നമ്മെ ഒരുതരത്തിലും സ്വാധീനിക്കുന്നില്ല എന്നാണ് ശക്തമായ ധാരണ. അതൊക്കെ ആരാന്റെ കാര്യമാണ്! അതിനാല്‍ ഓരോ ദിവസത്തെയും നാള്/നക്ഷത്രം എന്തായാലും നമുക്കൊന്നുമില്ല. ഇതാണ് നമ്മുടെ തോന്നല്‍. ഈ വിചാരം ഒട്ടും ശരിയല്ല. എന്നല്ല, തീര്‍ത്തും അബദ്ധമാണുതാനും. ജനിച്ചനക്ഷത്രം പോലെ മറ്റുള്ള ഇരുപത്തിയാറ് നക്ഷത്രങ്ങളും, നമുക്ക് നല്ലതോ ചീത്തയോ ആയ അനുഭവങ്ങള്‍ സമ്മാനിക്കുന്നുണ്ട്. അഥവാ ഓരോ നക്ഷത്രം വരുന്ന ദിവസവും ഗുണമോ ദോഷമോ നമുക്ക് നല്‍കുന്നുണ്ട്. അതിനാല്‍ ഒരു നക്ഷത്രത്തേയും നിസ്സംഗതയോടെ കാണരുത്. അവയ്ക്ക് നമ്മുടെ മേല്‍ സ്പഷ്ടമായ പ്രഭാവമുണ്ട്. അക്കാര്യമാണ് ഈ ലേഖനത്തില്‍ വിചിന്തനം ചെയ്യുന്നത്.
ഇന്ന് വിശാഖം നക്ഷത്രമാണ്. (12/06/2022, ഞായര്‍). ഇടവമാസത്തിലെ വിശാഖം നാളില്‍ ജനിച്ചവരുടെ ആണ്ടുപിറന്നാള്‍ ദിവസമാണ്. മറ്റ് മലയാള മാസങ്ങളിലെ വിശാഖം നാളില്‍ ജനിച്ചവരുടെ ‘പക്കപ്പിറന്നാള്‍’ ദിനവുമാണ്. ആണ്ടുപിറന്നാള്‍, പക്കപ്പിറന്നാള്‍ എന്നിവ വരുന്നദിവസത്തില് ക്ഷേത്രദര്‍ശനം, ദൈവസമര്‍പ്പണം, പൂജാദികള്‍, ദാനധര്‍മ്മങ്ങള്‍ തുടങ്ങിയവ അനുഷ്ഠിക്കണം. ദീര്‍ഘയാത്ര അരുത് എന്നുമുണ്ട്. അതുപോലെ വിശാഖം നാളിന്റെ അനുജന്മനക്ഷത്രങ്ങളായ പൂരുട്ടാതി, പുണര്‍തം എന്നിവയില്‍ ജനിച്ചവര്‍ക്കും ഒട്ടൊക്കെ ഇതേകാര്യങ്ങളും ഫലങ്ങളുമാണ്.
അതും പ്രത്യേകമായി മനസ്സിലാക്കപ്പെടണം.
ചോതിയിലും അതിന്റെ അനുജന്മങ്ങളായ ചതയം, തിരുവാതിര എന്നിവയിലും ജനിച്ചവര്‍ക്ക് ഇന്ന് രണ്ടാം നക്ഷത്രമാണ്. (ചതയത്തിന്റെ രണ്ടാംനാള്‍ പൂരുട്ടാതി, തിരുവാതിരയുടെ രണ്ടാം നാള് പുണര്‍തം, അവയുടെ അനുജന്മമാണ് വിശാഖം). രണ്ടാംനക്ഷത്രത്തെ ‘ധന നക്ഷത്രം’ എന്നാണ് പറയുക. അന്ന് നല്ലഅനുഭവങ്ങള്‍ ഉണ്ടാവും. വിശേഷിച്ച് ധനപരമായി വലിയതോ ചെറിയതോ ആയ നേട്ടങ്ങള്‍ സംജാതമാവും.
ചിത്തിരയിലും അതിന്റെ അനുജന്മങ്ങളായ അവിട്ടം, മകയിരം എന്നിവയിലും ജനിച്ചവര്‍ക്ക് വിശാഖം നാള് വരുന്ന ദിവസം, അതായത് ഇന്ന്, മൂന്നാംനാള്‍ അഥവാ മുന്നാള് ആണ്. (അവിട്ടത്തിന്റെ മൂന്നാംനാള്‍ പൂരുട്ടാതി, മകയിരത്തിന്റെ മൂന്നാംനാള്‍ പുണര്‍തം അവയുടെ അനുജന്മം വിശാഖം). മുന്നാളിനെ ‘ആപന്ന അഥവാ വിപന്ന നക്ഷത്രം’ എന്നുപറയുന്നു. ആപത്തുണ്ടാക്കുന്ന, പലതരം ശാരീരികവും മാനസികവും ആയ ക്ലേശങ്ങള്‍ക്ക് വഴിവെക്കുന്ന ദിവസമെന്ന് ആശയം. അതിനാല്‍ ചിത്തിര, അവിട്ടം, മകയിരം നാളുകാര്‍, ഇന്നേ ദിവസം എല്ലാക്കാര്യത്തിലും ജാഗ്രത കൈക്കൊള്ളണം. അത്തം നാളിലും അതിന്റെ അനുജന്മങ്ങളായ തിരുവോണം, രോഹിണി എന്നിവയിലും ജനിച്ചവര്‍ക്ക് വിശാഖം നാലാം നക്ഷത്രം. (തിരുവോണത്തിന്റെ നാലാംനാള്‍ പൂരുട്ടാതി, രോഹിണിയുടെ നാലാംനാള്‍ പുണര്‍തം അവയുടെ അനുജന്മമാണ് വിശാഖം) അതിനെ
‘ക്ഷേമ നക്ഷത്രം’ എന്ന് ആചാര്യന്മാര് സംബോധന ചെയ്യുന്നു. ക്ഷേമമുള്ള ദിവസമായിരിക്കും വിശാഖം വരുന്ന നാളെന്നു ചുരുക്കം. ആ പേരില്‍ എല്ലാമടങ്ങിയിട്ടുണ്ട്.
ഉത്രം നാളിലും അനുജന്മങ്ങളായ ഉത്രാടം, കാര്‍ത്തിക എന്നിവയിലും ജനിച്ചവര്‍ക്ക് വിശാഖം അഞ്ചാം നാളാണ്. (ഉത്രാടത്തിന്റെ
അഞ്ചാംനാള്‍ പൂരുട്ടാതി, കാര്‍ത്തികയുടെ അഞ്ചാംനാള്‍ പുണര്‍തം, ഇവയുടെ അനുജന്മം വിശാഖം). അഞ്ചാം നാളിനെ ‘പ്രത്യരി’ നക്ഷത്രം എന്നു പറയും. ശത്രുതയ്ക്ക്, ശത്രുക്കളെക്കൊണ്ടുള്ള ക്ലേശങ്ങള്‍ക്ക് കാരണമാകുന്ന നാള് എന്നര്‍ത്ഥം. അതിനാല്‍ വിശാഖം നക്ഷത്രം വരുന്ന ദിവസം ഉത്രം, ഉത്രാടം, കാര്‍ത്തിക നാളുകാര്‍ മനോവാക്കര്‍മ്മങ്ങളില്‍ കരുതല്‍ സ്വീകരിക്കണമെന്നുള്ളതാണ് ജ്യോതിഷോപദേശം .
പൂരത്തിനും അതിന്റെ അനുജന്മങ്ങളായ പൂരാടം, ഭരണി എന്നിവയ്ക്കും വിശാഖം ആറാംനാളാണ്. (പൂരാടത്തിന് പൂരുട്ടാതിയും, ഭരണിക്ക് പുണര്‍തവും ആറാം നക്ഷത്രം. അവയുടെ അനുജന്മമാണ്, വിശാഖം). ‘സാധക നക്ഷത്രം’ എന്ന് ആറാം നാള് സംബോധന ചെയ്യപ്പെടുന്നു. കുറച്ചുനാളായി ആഗ്രഹിച്ചിരിക്കുന്ന ചില കാര്യങ്ങളെങ്കിലും നടന്നുകിട്ടുന്ന ദിവസമായിരിക്കും. പൊതുവേ ശുഭദിവസമായി പരിഗണിക്കുന്നു.
മകം നാളിലും അനുജന്മങ്ങളായ മൂലം, അശ്വതി എന്നിവയിലും ജനിച്ചവര്‍ക്ക് വിശാഖം ഏഴാംനാള്‍ ആണ്. (മൂലത്തിന്റെ ഏഴാംനാള്‍ പൂരുട്ടാതി, അശ്വതിയുടെ ഏഴാംനാള്‍ പുണര്‍തം, അവയുടെ അനുജന്മമാണ് വിശാഖം). ഏഴാം നാളിനെ
‘വധ നക്ഷത്രം’ എന്ന് വിശേഷിപ്പിക്കുന്നു. പേരില്‍ നിന്നുമൂഹിക്കാം, നാളിന്റെ പ്രതിലോമത്വവും ദോഷശക്തിയും. കാര്യതടസ്സം, മനക്ലേശം, കലഹം, അപകടം ഇവയെ കരുതണം. വലുതും ചെറുതുമായ കാര്യങ്ങളില്‍ ഒന്നുപോലെ ജാഗ്രത കൈവെടിയരുത്. ശുഭകാര്യങ്ങള്‍ ചെയ്യുകയുമരുത്.
ആയില്യം നക്ഷത്രത്തിലും അനുജന്മങ്ങളായ തൃക്കേട്ട, രേവതി എന്നിവയിലും ജനിച്ചവര്‍ക്ക് വിശാഖം എട്ടാം നക്ഷത്രമാണ്. (തൃക്കേട്ടയുടെ എട്ടാംനാള്‍ പൂരുട്ടാതി, രേവതിയുടെ എട്ടാംനാള്‍ പുണര്‍തം ഇവയുടെ അനുജന്മം വിശാഖം).
‘മൈത്രീ നക്ഷത്രം’ എന്ന് എട്ടാം നാള് അറിയപ്പെടുന്നു.
ആ നാളിന് നല്ലഫലം തരാന്‍ കഴിയുമെന്നും, പ്രസ്തുത നക്ഷത്രം വരുന്ന ദിവസം ശുഭാനുഭവങ്ങള്‍ വന്നെത്തുമെന്നും ഊഹിക്കുന്നതില്‍ തെറ്റില്ല.
പൂയം നാളിലും, അതിന്റെ അനുജാതങ്ങളിലും ജനിക്കുന്നവര്‍ക്ക് ഒമ്പതാം നക്ഷത്രമാണ് വിശാഖം. (അനിഴത്തിന്റെ ഒമ്പതാംനാള്‍ പൂരുട്ടാതി, ഉത്രട്ടാതിയുടെ ഒമ്പതാംനാള്‍ പുണര്‍തം ഇവ രണ്ടും വിശാഖത്തിന്റെ അനുജന്മങ്ങള്‍). ‘പരമ മൈത്രി’ എന്നും ‘അതി മൈത്രി’ എന്നും ഒമ്പതാം നാള് പ്രശംസിക്കപ്പെടുന്നു. ആകയാല്‍ അന്നത്തെ അനുഭവങ്ങള്‍ ഏറ്റവും ഊഷ്മളമായിരിക്കും പൂയം, അനിഴം, ഉത്രട്ടാതി നാളുകാര്‍ക്ക് എന്ന് സുവ്യക്തമാണ്. അങ്ങനെ വിശാഖം എന്ന ഒരു നക്ഷത്രം വരുന്ന ദിവസം ആ നാളുകാര്‍ക്ക് മാത്രമല്ല കാര്യമുള്ളതെന്നും എല്ലാ നാളുകാര്‍ക്കും നല്ലതോ ചീത്തയോ ആയ അനുഭവങ്ങള്‍ ഏറിയോ കുറഞ്ഞോ അനുഭവത്തിലെത്തുമെന്നും ജ്യോതിഷമുനിമാര് പറഞ്ഞുവെച്ചിട്ടുണ്ട്. പൊതുവേ പറയുകയാണെങ്കില്‍ ജന്മനക്ഷത്രവും അവയുടെ 10, 19 നാളുകളും സമ്മിശ്രമായ ഫലങ്ങള്‍ സൃഷ്ടിക്കും. ജന്മനക്ഷത്രത്തിന്റെ 2, 4,6,8,9,11,13,15,17,18, 20, 22,24,26,27 ആയി വരുന്ന നക്ഷത്രങ്ങള്‍ (അവ വരുന്ന ദിവസം) നല്ലഫലങ്ങള്‍ സംഭവിക്കാം. ജന്മനക്ഷത്രത്തിന്റെ 3,5,7,12,14,16,21,23,25 എന്നീ നക്ഷത്രങ്ങള്‍ വരുന്ന ദിവസം ദോഷപ്രദമോ/ഗുണരഹിതമോ ആവുകയും ചെയ്യും. ഈവിധം ഓരോ നാളിലും ഓരോതരം അനുഭവങ്ങള്‍ എല്ലാ നക്ഷത്രക്കാര്‍ക്കും വന്നുഭവിക്കും. അവയിലേക്കുള്ള നേത്രോന്മീലനത്തിന് ഈ ഹ്രസ്വനിബന്ധം വഴിതുറക്കുമന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: