വീര വിനായക ദാമോദര സാവര്‍ക്കറെപ്പറ്റി നല്ലതെന്തെങ്കിലും എഴുതുകയോ പറയുകയോ ചെയ്താല്‍ കലിതുള്ളുന്നത് കേരളത്തിലെ പത്രങ്ങളുടെയും ചാനലുകളുടെയും സ്ഥിരം പരിപാടിയാണ്. ഈ കഴിഞ്ഞയാഴ്ചയിലും കേന്ദ്ര മന്ത്രിസഭയിലെ ഏതോ അംഗം വീരസാവര്‍ക്കറെ പ്രശംസിച്ചു സംസാരിച്ചതിനെച്ചൊല്ലി ഇത് ആവര്‍ത്തിച്ചുകണ്ടു. ഭാവാത്മക ഹിന്ദുത്വത്തെ അനുകൂലിക്കുന്നതില്‍പരം ആക്ഷേപാര്‍ഹമായി മറ്റൊന്നുമില്ല എന്നാണക്കൂട്ടര്‍ കരുതുന്നത് എന്നു തോന്നുന്നു. അക്കാര്യത്തില്‍ കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റുകളും മറ്റു മതേതര നാട്യക്കാരും ഒരേ തൂവല്‍ പക്ഷികള്‍ തന്നെയാണ് താനും.
അടല്‍ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍, സ്വാതന്ത്ര്യസമര സേനാനികളുടെ പ്രതിമകള്‍ സംസദ് പരിസരത്തില്‍ സ്ഥാപിക്കാന്‍ നിര്‍ണയിച്ചപ്പോള്‍ വീരസാവര്‍ക്കറും അതില്‍ ഉള്‍പ്പെട്ടിരുന്നു. അദ്ദേഹത്തെപ്പോലുള്ള പിന്തിരിപ്പന്‍ വര്‍ഗീയ മൂരാച്ചിയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ പുരോഗമന ഇടതുപക്ഷമതേതര നേതൃവൃന്ദം പ്രതിഷേധിക്കുകയും ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയുമായിരുന്നു. അദ്ദേഹത്തെ അധിക്ഷേപിക്കുകയും പുലഭ്യം പറയുകയും ചെയ്യുന്ന വായ്‌ത്താരി അവര്‍ നിരന്തരം നടത്തുന്നുമുണ്ട്.
ഈ വിപ്ലവക്കാരും പുരോഗമനക്കാരും മറ്റും സ്വാതന്ത്ര്യസമരകാലത്ത് വീരസാവര്‍ക്കര്‍ അനുഭവിച്ചതിന്റെ നൂറിലൊന്ന് പീഡനങ്ങള്‍ അനുഭവിച്ചിട്ടില്ല. കൊട്ടാരസദൃശമായ മന്ദിരങ്ങളായിരുന്നു അവര്‍ക്ക് ജയിലുകള്‍. ഏറ്റവും മികച്ച ഭക്ഷണം, വായിക്കാന്‍ ആവശ്യത്തിനു പുസ്തകങ്ങള്‍, എഴുത്തുപകരണങ്ങള്‍, ഇവയൊക്കെ ലഭ്യമാക്കിയപ്പോള്‍, 1911 ല്‍ രണ്ടു ജീവപര്യന്തം ആന്തമാന്‍ ദ്വീപിലെ സില്‍വര്‍ ജയിലിലെ നരക സമാനമായ കാരാഗൃഹത്തില്‍ കഠിനതടവിനായിരുന്നു വീരസാവര്‍ക്കര്‍ വിധിക്കപ്പെട്ടത്. മുഴുവന്‍ കാലാവധിയായിരുന്നെങ്കില്‍ 1961 ലെ മോചിതനാവുമായിരുന്നുള്ളൂ. തന്റെ ‘ജീവപര്യന്ത’ത്തെപ്പറ്റി അദ്ദേഹം എഴുതിയ ആത്മകഥ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്റെ ജയില്‍ ജീവിത ചരിത്രം എന്ന ആ പുസ്തകം ആ വീരപുരുഷന്റെ അനുഭവങ്ങളുടെ പച്ചയായ വിവരണമാണ്. അദ്ദേഹത്തിനുമേല്‍ കാപട്യത്തിന്റെ ആരോപണം ചാര്‍ത്തുന്നവര്‍, ആ ജീവിതത്തെ അറിയാന്‍ വെറുപ്പു മാറ്റിവച്ചു ശ്രമിക്കേണ്ടതാണ്.
ധര്‍മശാസ്ത്രങ്ങള്‍, ആത്മീയത, രാജനീതി, ചരിത്രം, പുരാണം, ഭാഷാ ശാസ്ത്രം, നിയമം തുടങ്ങി അദ്ദേഹം അവഗാഹം നേടാത്ത ഒരു വിജ്ഞാനശാഖയുമില്ലായിരുന്നു. മറാഠി ഭാഷയെ ആധുനീകരിക്കുന്നതിനദ്ദേഹം നല്‍കിയ സംഭാവനകള്‍ അമൂല്യങ്ങളായിരുന്നു. നൂതനമായ ഒരു വൃത്തം തന്നെ അദ്ദേഹം മെനഞ്ഞെടുത്തു. ആധുനിക മറാഠി ഭാഷയുടെ വികാസത്തില്‍ അദ്വിതീയ സ്ഥാനമദ്ദേഹത്തിനുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ക്രൂരമായ നടപടികള്‍ക്കെതിരെ അദ്ദേഹം സ്വീകരിച്ച നിലപാടുകളും, പ്രായോഗിക നടപടികളും ലോകമെങ്ങുമുള്ള പുരോഗമന ചിന്താഗതിക്കാര്‍ക്കും പ്രചോദനവും മാതൃകയുമായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ലണ്ടനിലെ ബാരിസ്റ്റര്‍ പഠനത്തിനിടയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍ ഭാരതത്തില്‍ നടന്നുവന്ന ഭീകരവാഴ്ചക്കെതിരെ നടത്തിയ ബഹുമുഖമായ സമരപരിപാടികള്‍ ലോകരാജ്യങ്ങളിലെ വിപ്ലവകാരികളുടെയാകെ ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്നിരുന്നു. അവരില്‍ നല്ലൊരു വിഭാഗം റഷ്യയിലെ സാര്‍ ചക്രവര്‍ത്തിമാര്‍ക്കെതിരെ വിപ്ലവം നടത്തി ബഹിഷ്‌കൃതരായ യുവാക്കളായിരുന്നുവെന്ന് എത്ര സഖാക്കള്‍ക്കറിയാം. റഷ്യയില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി സ്ഥാപിതമാകുന്നതിനു മുന്‍പത്തെ നിഹിലിസ്റ്റ് വിപ്ലവക്കാരായിരുന്നു പലരും. അവിടെ അദ്ദേഹത്തിന്റെ സൗഹാര്‍ദ്ദത്തില്‍ സാക്ഷാല്‍ വി.ഐ.ലെനിനുമുണ്ടായിരുന്നു. സാവര്‍ക്കറെ ഇന്നും ഏറ്റവും നികൃഷ്ടമായ ഭാഷയില്‍ അധിക്ഷേപിക്കുന്ന സഖാക്കന്മാര്‍ അറിയേണ്ട കാര്യമാണത്. കേരളത്തില്‍ സംഘശാഖ ആരംഭിക്കാന്‍ ഗുരുജിയുടെ നിര്‍ദ്ദേശപ്രകാരം വന്ന തുടക്കക്കാരനായ ദത്തോപന്ത് ഠേംഗ്ഡി എഴുതിയ കമ്യൂണിസം ഇന്‍ ഇറ്റ്‌സ് ഓണ്‍ ടച്ച് സ്റ്റോണ്‍ എന്ന ചെറുപുസ്തകത്തില്‍ ഒരു രസകരമായ സംഭവം വിവരിക്കുന്നുണ്ട്. 27 വര്‍ഷത്തെ ആന്തമാനിലേയും ഭാരതത്തിലേയും തടവു പൂര്‍ത്തിയാക്കിയശേഷം, 1937 ലെ പുതിയ ഭരണഘടനയനുസരിച്ച് പരിമിതമായ ജനാധികാരഭരണം വന്നപ്പോള്‍ ബോംബേ പ്രസിഡന്‍സിയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വീരസാവര്‍ക്കറുടെ ശിക്ഷ ഇളവു ചെയ്തു സ്വതന്ത്രനാക്കുകയുണ്ടായി. അദ്ദേഹം അന്ന് വിപുലമായി സഞ്ചരിച്ച് സ്വീകരണങ്ങളേറ്റു വാങ്ങുകയും യുവാക്കളുമായി സംവദിക്കുകയും ചെയ്തിരുന്നു. സഖാക്കള്‍ എല്ലായിടങ്ങളിലും അദ്ദേഹത്തിന്റെ ഹിന്ദുത്വ പ്രചാരണത്തെ എതിര്‍ത്ത് പ്രകടനങ്ങള്‍ നടത്തുക പതിവായിരുന്നു. നാഗപൂരിലെ അത്തരമൊരു ചടങ്ങില്‍ കോളജ് വിദ്യാര്‍ത്ഥികളുമായി അദ്ദേഹം ആശയവിനിമയം നടത്തുകയായിരുന്നു. അപ്പോഴാണ് ‘ഗോബാക്ക്’വിളികളുമായി ഒരു പറ്റം കുട്ടി സഖാക്കളെത്തിയത്. അവിടെ സമ്മേളിച്ചിരുന്നവര്‍ക്ക് വിസ്മയമുണ്ടാക്കുമാറു വീരസാവര്‍ക്കര്‍ പ്രതിഷേധക്കാരെ അടുത്തുവിളിച്ച് ഗോബാക്ക് വിളിയുടെ ആവശ്യമില്ല താന്‍ പോകാനാണ് വന്നതെന്നു പറഞ്ഞു. ഇംഗ്ലണ്ടിലായിരുന്നപ്പോള്‍ അവിടത്തെ ലൈബ്രറിയില്‍ വരാറുണ്ടായിരുന്ന സാക്ഷാല്‍ ലെനിനുമായി സൗഹാര്‍ദ്ദത്തിലായിരുന്നുവെന്നു പറഞ്ഞു. കമ്യൂണിസത്തിന്റെ അജണ്ട എന്താണെന്ന് ആരാഞ്ഞപ്പോള്‍ മുന്‍കൂട്ടി തയാറാക്കിയ അജണ്ടയിലല്ല, എന്നാല്‍ അധികാരത്തിലേറിയാല്‍ സ്വാഭാവികമായും അതു രൂപപ്പെടുത്തുകയേയുള്ളൂ എന്നു ലെനിന്‍ വ്യക്തമാക്കി. ഹിന്ദുരാഷ്‌ട്രത്തിന്റെ കാര്യത്തിലും അതാണ് പറയാനുള്ളത് എന്ന് ആ വിദ്യാര്‍ത്ഥികളോട് സാവര്‍ക്കര്‍ പറഞ്ഞു. സോവിയറ്റ് യൂണിയന്റെ സ്ഥാപകനായ ലെനിനുമായി സൗഹൃദം സ്ഥാപിച്ചിരുന്നയാളാണ് തങ്ങളുടെ മുന്നിലുള്ളത് എന്നറിഞ്ഞ ആ യുവാക്കള്‍ ഒന്നും പറയാനാവാതെ മടങ്ങി എന്നാണ് ഠേംഗ്ഡി വിവരിക്കുന്നത്.
വീരസാവര്‍ക്കറുടെ ദൃഷ്ടി കേരളത്തിലേക്കുമെത്തിയിരുന്നു. ആന്തമാന്‍ ജയിലില്‍ കഴിയുമ്പോള്‍ തന്നെ ജയില്‍ സൂപ്രണ്ടിന്റെ ജോലി ചെയ്ത ദാമോദരന്‍ എന്ന ഉദ്യോഗസ്ഥന്‍ 1921 ലെ കാനഷുമാരിക്കാലത്ത് അതിന്റെ ചുമതലയില്‍ അവിടെയെത്തുകയും, സെന്‍സസ് രേഖകള്‍ തയാറാക്കാന്‍ തന്നെ സഹകരിപ്പിക്കുകയും ചെയ്തതായി അദ്ദേഹം എഴുതി. വെള്ളക്കാരായ ജയില്‍ ഉദ്യോഗസ്ഥരെ കൂസാതെ ജോലി ചെയ്ത അദ്ദേഹം മലബാറുകാരനായിരുന്നുവത്രേ. അദ്ദേഹം ആരായിരുന്നു എന്നും മറ്റുമുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അവിടത്തെ ആസ്പത്രിയില്‍ ജോലി ചെയ്ത ഒരു മി. നായരെപ്പറ്റിയും സാവര്‍ക്കര്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങളില്ല. വീരസാവര്‍ക്കറുടെ ജയില്‍ ജീവിതകഥ എണ്ണമറ്റ ആളുകള്‍ക്ക് ആവേശവും പ്രചോദനവും നല്‍കി കാലാപാനി എന്ന മലയാള ചലച്ചിത്രം കേരളീയര്‍ ഹൃദയംകൊണ്ടു സ്വീകരിച്ചത് നാം ഓര്‍ക്കുന്നുണ്ടാവും.
വീരസാവര്‍ക്കര്‍ രത്‌നഗിരിയില്‍ വീട്ടുതടങ്കലില്‍ കഴിയുന്നകാലത്തുണ്ടായിരുന്ന പരിമിതമായ നിയന്ത്രണത്തിനകത്തു നിന്നുകൊണ്ട് ഹിന്ദുസമാജത്തിലെ ജാതിവ്യത്യാസമില്ലാതാക്കാന്‍ ആഡ്യത്വത്തെ അവഗണിക്കാനും ശ്രമിച്ചിരുന്നു. എല്ലാവര്‍ക്കും ദര്‍ശനവും ആരാധനയും നടത്താനായി പതിതപാവനമന്ദിര്‍ എന്നൊരു ക്ഷേത്രവുമാരംഭിച്ചു. ഒരു അയിത്തക്കാരനെത്തന്നെ, പൂജാദി കര്‍മങ്ങള്‍ അഭ്യസിപ്പിച്ച് അവിടെ നിയോഗിച്ചു. സാവര്‍ക്കറുടെ വ്യക്തിപ്രഭാവം മൂലം അതു അതിപ്രശസ്ത ദേവാലയമായി വളര്‍ന്നു. താന്‍ ഹരിജനങ്ങളെന്നു വിശേഷിപ്പിച്ചിരുന്ന വിഭാഗത്തില്‍ പ്പെട്ടവരില്‍ രത്‌നഗിരിയില്‍ വളര്‍ന്നുവന്ന ആത്മവിശ്വാസവും ധര്‍മനിഷ്ഠയും കേട്ടറിഞ്ഞ് വീരസാവര്‍ക്കറെ അഭിനന്ദിക്കാന്‍ മഹാത്മഗാന്ധി തന്നെ അവിടെയെത്തി താമസിച്ചു. ഐതിഹാസികമായിരുന്നു ആ കൂടിക്കാഴ്ച. രാഷ്‌ട്രീയമായി ഗാന്ധിജിയുടെ നയപരിപാടികളുമായി അദ്ദേഹം യോജിച്ചിരുന്നില്ല. അവ ഹിന്ദു സമാജത്തിന് ശക്തിപകരുന്നവയാവില്ല ദുര്‍ബ്ബലമാക്കുകയേള്ളൂ എന്നാണ് സാവര്‍ക്കര്‍ വിചാരിച്ചത്. പരസ്പര ബഹുമാനത്തിനു ഒട്ടു കുറവുണ്ടായില്ല എന്നതു ശ്രദ്ധേയമാണ്.
എന്നാല്‍ പണ്ഡിറ്റ് നെഹ്‌റുവിന് സാവര്‍ക്കറോടുള്ള മനോഭാവം വെറുപ്പിന്റെയും പകപോക്കലിന്റെയുമായിരുന്നു. ഇംഗ്ലണ്ടിലെ പ്രഭുക്കന്മാരും രാജകുമാരന്മാരും പഠിച്ചു വന്ന ഹാരോ, കേംബ്രിഡ്ജ് വിദ്യാപീഠങ്ങളില്‍ പഠിച്ച നെഹ്‌റു ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെപ്പറ്റി ചിന്തിക്കുന്നതിനു മുന്‍പാണ് വീരസാവര്‍ക്കര്‍ ലണ്ടനില്‍ത്തന്നെ ഭാരതീയരെ സംഘടിപ്പിച്ച് സ്വാതന്ത്ര്യസമരം നടത്തിയത്. വിപ്ലവകാരികളുടെ ഭഗവദ്ഗീതയെന്ന് ഭഗത്‌സിങ് വിശേഷിപ്പിച്ച ‘1857 ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം’ എന്ന ഇതിഹാസ തുല്യഗ്രന്ഥം എഴുതിയപ്പോള്‍ സാവര്‍ക്കര്‍ക്ക് 25 കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. അതു അച്ചടിച്ചു പ്രസിദ്ധീകരിച്ചതിന്റെ ചരിത്രം തന്നെ മറ്റൊരിതിഹാസമാണെന്നു പറയാം. അച്ചടിക്കുന്നതിനു മുന്‍പ് നിരോധിക്കപ്പെട്ട ലോകത്തിലെ തന്നെ ആദ്യ പുസ്തകമായിരിക്കുമത്. ഭാരതത്തിലെയും പുറത്തെയും വിവിധ ഭാഷകളില്‍ പ്രസിദ്ധീകൃതമായ ആ പുസ്തകം ലോകമെങ്ങും സ്വാതന്ത്ര്യപ്രേമികള്‍ക്കു പ്രചോദനമായി.
1937 ല്‍ ജയില്‍ വിമുക്തനായ വീരസാവര്‍ക്കറെ പിടിച്ചുകുലുക്കിയ മലബാറിലെ മാപ്പിള ലഹളയെ വിഷയമാക്കിയും അദ്ദേഹം ഒരു പുസ്തകമെഴുതി. ‘മാപ്പിള’ എന്നു തന്നെ പേര്‍. അതൊരു നോവല്‍ രൂപത്തിലാണ്. മലബാര്‍ ജനജീവിതത്തിന്റെ നാനാരൂപങ്ങളെപ്പറ്റി സൂക്ഷ്മഗ്രാഹ്യമില്ലാത്തതിനാലാവാം അത് നമുക്ക് സ്വാഭാവികമായി അനുഭവപ്പെടുന്നില്ല. ഈയിടെ മലയാള വിവര്‍ത്തനം പ്രസിദ്ധീകൃതമായി എന്നറിയുന്നു. വായിക്കാന്‍ അവസരമുണ്ടായില്ല.
സ്വാതന്ത്ര്യത്തിനുശേഷം അധികാരമാളിയ കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ക്ക് അദ്ദേഹം കണ്ണിലെ കരടായിരുന്നു. അദ്ദേഹത്തിന്റെ കണ്ടുകെട്ടപ്പെട്ട കുടുംബസ്വത്തുക്കളും, പിന്‍വലിക്കപ്പെട്ട ബിരുദങ്ങളും തിരിച്ചു സമ്മാനിക്കപ്പെട്ടില്ല. അതിനാവശ്യപ്പെടുന്ന നിവേദനങ്ങളും മറ്റും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുകയായിരുന്നു. 1961 ല്‍ മുഴുവന്‍ തടവുശിക്ഷയും അനുഭവിച്ചാല്‍ വിമുക്തനാവുന്ന അന്ന് സാവര്‍ക്കര്‍ മൃത്യുഞ്ജയ ദിനം ആഘോഷിക്കാന്‍ ആരാധകരും അഭ്യുദയകാംക്ഷികളും തീരുമാനിച്ചു. ആ അവസരത്തിലാണ് കുടുംബസ്വത്തും ബിരുദങ്ങളും തിരിച്ചുനല്‍കപ്പെട്ടത്. സ്വാതന്ത്ര്യസമര പെന്‍ഷനും പത്മാ പുരസ്‌കാരങ്ങളും ഒന്നും കോണ്‍ഗ്രസ്സ് വാഴ്ചയില്‍ അദ്ദേഹത്തെ തേടിയെത്തിയില്ല. മഹാത്മാഗാന്ധി വധക്കേസില്‍ പ്രതിപ്പട്ടികയില്‍പ്പെടുത്തി. എന്നാല്‍ കോടതി അദ്ദേഹത്തെ ആദരപൂര്‍വം കുറ്റവിമുക്തനാക്കുകയായിരുന്നു.
സാവര്‍ക്കര്‍ വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ച് മനസ്സുകളെ വിഷലിപ്തമാക്കുന്നതില്‍ മുന്‍പില്‍ കമ്യൂണിസ്റ്റുകളാണ്. ഇന്നും അങ്ങനെ തന്നെ. പ്രത്യയശാസ്ത്രപരമായി കമ്യൂണിസത്തെ അദ്ദേഹവും എതിര്‍ത്തിരുന്നു. എന്നിട്ടും 1959 ല്‍ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭത്തെ അദ്ദേഹം അനുകൂലിച്ചില്ല. 356-ാം വകുപ്പു പ്രയോഗിച്ച് നിയമസഭ പിരിച്ചുവിട്ട മന്ത്രിസഭയെ പുറത്താക്കിയതിനെ വിമര്‍ശിച്ചു. എതിര്‍ത്ത ഒരേ ഒരു ദേശീയ നേതാവ് സാവര്‍ക്കറായിരുന്നു. കേരളത്തിലെ ഹിന്ദുസമാജത്തെ ദുര്‍ബലമാക്കുകയും, ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളെ ശക്തിപ്പെടുത്തുകയുമാവും അതിന്റെ ആത്യന്തിക ഫലം എന്നദ്ദേഹം പറഞ്ഞു.
വീരസാവര്‍ക്കര്‍ ഹിന്ദു മഹാസഭയുടെ അധ്യക്ഷനായിരുന്നപ്പോള്‍ 1940 ല്‍ എന്‍എസ്എസിന്റെ രജതജൂബിലി സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി ചങ്ങനാശ്ശേരിയില്‍ വരികയുണ്ടായി. മധുരയില്‍നിന്നു തീവണ്ടി മാര്‍ഗം ചെങ്കോട്ടയില്‍ എത്തിയ അദ്ദേഹത്തെ മന്നത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് ആഘോഷപൂര്‍വം പെരുന്നയിലെത്തിക്കുകയായിരുന്നു. അവിടെ അദ്ദേഹത്തിന്റെ ആവേശദായകമായ പ്രഭാഷണം കേട്ടവരില്‍, പ്രതിനിധിയായി പങ്കെടുത്ത എന്റെ അച്ഛനും ഉണ്ടായിരുന്നു. എന്നാല്‍ അതു സംബന്ധമായ രേഖകളോ സ്മാരക ഗ്രന്ഥമോ കാണാന്‍ ഞാന്‍ നടത്തിയ ശ്രമം വിഫലമായി. 1947 ല്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ക്കെതിരെ സൊസൈറ്റി അധ്യക്ഷന്‍ മന്നത്തു പത്മനാഭന്‍ സമരത്തിനിറങ്ങിയപ്പോള്‍ സി.പി എന്‍എസ്എസിനെ നിരോധിച്ചു. തുടര്‍ന്ന് ഹെഡ് ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ രേഖകളും എവിടേയ്‌ക്കോ മാറ്റിയെന്നും, അതു സൂക്ഷിച്ചിരുന്നവര്‍ നശിപ്പിച്ചിരിക്കാമെന്നുമാണ്, സാവര്‍ക്കര്‍ മൃത്യുഞ്ജയ ഘോഷക്കാലത്തു ചങ്ങനാശ്ശേരിയില്‍ പ്രചാരകനായിരുന്ന എനിക്കു ജനറല്‍ സെക്രട്ടറിയില്‍നിന്നു ലഭിച്ച വിവരം. അന്ന് രജതജൂബിലി സ്മാരക ഗ്രന്ഥം പുറത്തിറക്കിയിരുന്നു. ആരെങ്കിലും അതു സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ആശിക്കാനുള്ളൂ.
ഏറ്റവും കടുത്ത ആപല്‍ക്കാലത്ത് തങ്ങളെ പരസ്യമായി അനുകൂലിച്ച ഒരേ ഒരു ദേശീയ നേതാവിനെ അവഹേളിക്കുന്നതു ഇന്നും തുടരുന്ന കമ്യൂണിസ്റ്റുകളെക്കുറിച്ച് ലജ്ജയോടെ ഓര്‍മിക്കാനാണീ കുറിപ്പെഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: