കോട്ടയം : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളില്‍ ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രിയുടെ പോലീസ് സുരക്ഷ ശക്തമാക്കി. ഒപ്പം മാധ്യമ പ്രവര്‍ത്തകര്‍ക്കായും പ്രത്യേക നിയന്ത്രണങ്ങള്‍. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഇത്തരത്തില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രതികരണം.
കോട്ടയത്തെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ഇത്തരത്തില്‍ വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സമ്മേളന ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തുന്നത്. ഇതിനോടനുബന്ധിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാല്‍ മണിക്കൂര്‍ മുമ്പേ തന്നെ നഗരത്തില പ്രധാന റോഡുകളെല്ലാം അടച്ചു. ബസേലിയോസ് ജംഗ്ഷന്, കളക്ട്രേറ്റ് ജങ്ഷന്, ചന്തക്കവല, ഈരയില്‍ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാന കവലകളും അടച്ചിരിക്കുകയാണ്.
ഇത് കൂടാതെപരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പാസും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കറുത്ത മാസ്ക് ധരിക്കരുതെന്നും ഇവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സ്വര്‍ണ്ണയുടെ വെളിപ്പെടുത്തലില്‍ സംസ്ഥാന വ്യാപകമായി ബിരിയാണി ചെമ്പുമായി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം അരങ്ങേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: