ന്യൂദല്‍ഹി: പ്രവാചകന് മുഹമ്മദ് നബിക്കെതിരേ പരാമര്‍ശം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന നൂപുര്‍ ശര്‍മയുടെ അറസ്റ്റ് ആവശ്യപ്പെട്ട് മുസ്ലിങ്ങള്‍ നടത്തിയ പ്രകടനം ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ അക്രമാസക്തമായി.റാഞ്ചി മെയിന്‍ റോഡില്‍ ഹനുമാന് ക്ഷേത്രത്തിനടുത്ത് നടത്തിയ പ്രകടനം നിയന്ത്രണം വിട്ടു. രോഷാകുലരായ പ്രകടനക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.
കല്ലേറില്‍ റാഞ്ച് എസ് പിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഒരു ഇരുചക്രവാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. അക്രമികള്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. ഇപ്പോള്‍ ക്രമസമാധാനപാലനത്തിനായി 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഒടുവില്‍ പ്രകടനക്കാരെ പിരിച്ചുവിടാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് കണ്ടതോടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയ മുസ്ലിങ്ങള്‍ കല്ലേറ് തുടങ്ങിയതോടെ ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജും നടത്തി.
റാഞ്ചി മെയിന്‍ റോഡില്‍ നിര്‍ത്തിയിട്ട കാറുകളുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. സ്കൂട്ടറുകള് തല്ലിത്തകര്‍ത്തു. “ചില പൊലീസുകാര്‍ക്ക് പരിക്കേറ്റു. സമാധാനത്തിനായി കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു”- ഒരു സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. റാഞ്ചിയില്‍ രാവിലെ മുതലേ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞതോടെ ഇതിന് ശക്തികൂടി. റാഞ്ചിയിലെ 1100 കടകള്‍ ഷട്ടര്‍ താഴ്ത്തി.
പ്രവാചകന് മുഹമ്മദ് നബിക്കെതിരേ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ദല്‍ഹി ജുമാ മസ്ജിദിലും മറ്റുപല പള്ളികളിലും വെള്ളിയാഴ്ച നിസ്കാരത്തിനു ശേഷം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.
എന്നാല്‍ ദല്‍ഹി ജുമാമസ്ജിദിന് മുന്നില്‍ നിന്നും വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന പ്രകടനം ഇമാമിന്റെ അറിവോടെയല്ലെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ‘മസ്ജിദ് കമ്മിറ്റിയില്‍ നിന്ന് പ്രതിഷേധത്തിന് ആഹ്വാനമൊന്നും ഉണ്ടായിട്ടില്ല. ഇന്നലെ ആളുകള്‍ പ്രതിഷേധിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ ജുമാ മസ്ജിദ് കമ്മിറ്റിയില്‍ നിന്ന് പ്രതിഷേധത്തിന് ആഹ്വാനം ഇല്ലെന്ന് ഞങ്ങള്‍ അവരോട് വ്യക്തമായി പറഞ്ഞിരുന്നെന്ന് ദല്‍ഹി ജുമാ മസ്ജിദിലെ ഇമാമായ ഷാഹി ഇമാം പറഞ്ഞിരുന്നു.
‘ആരാണ് പ്രതിഷേധിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല, അവര്‍ എഐഎംഐഎമ്മില്‍ പെട്ടവരോ ഒവൈസിയുടെ ആളുകളോ ആണെന്ന് ഞാന്‍ കരുതുന്നു. പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് കഴിയും, പക്ഷേ ഞങ്ങള്‍ അവരെ പിന്തുണയ്ക്കില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിഷേധക്കാരെ നീക്കിയതായി ദല്‍ഹി പൊലീസ് അറിയിച്ചു. അതേസമയം, ലക്നൗവിലും കശ്മീരിലും വെള്ളിയാഴ്ച നിസ്കാരത്തിനു ശേഷം പള്ളികളില്‍ പ്രതിഷേധം അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: