തൃശൂര്‍: പഞ്ചവാദ്യത്തില്‍ ഇടയ്‌ക്കയുടെ അപൂര്‍വ സപ്തതാള വിസ്മയം തീര്‍ക്കാന്‍ പാറമേക്കാവ് ക്ഷേത്രാങ്കണം ഒരുങ്ങുന്നു. ഇടയ്‌ക്ക അഭ്യസിച്ച ഏഴ് പേരുടെ അരങ്ങേറ്റത്തിന്റെ ഭാഗമായാണ് പഞ്ചവാദ്യത്തിന് വേറിട്ട ശൈലിയില്‍ അരങ്ങൊരുക്കുന്നത്. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ നാളെ വൈകിട്ട് ദീപാരാധനയ്‌ക്ക് ശേഷമാണ് ഏഴ് ഇടയ്‌ക്കകളുടെ അകമ്പടിയോടെ പഞ്ചവാദ്യം അവതരിപ്പിക്കുന്നത്.
തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവ് ചടങ്ങിന് പോലും അഞ്ച് ഇടയ്‌ക്ക മാത്രമാണ് ഉപയോഗിക്കുക. ഇതാദ്യമായാണ് ഏഴ് ഇടയ്‌ക്ക പഞ്ചവാദ്യത്തിന് ഉള്‍പ്പടുത്തുന്നത്. പാറമേക്കാവ് കലാക്ഷേത്രത്തിലെ വിനോദ് ആണ് ഏഴുപേരെയും ഇടയ്‌ക്ക അഭ്യസിപ്പിച്ചത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ നിഥിന്‍, റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ ശ്രീരാമന്‍, ഫോബ്സ് കമ്പനിയുടെ ടെക്. ഹെഡ് വിഷ്ണു, സഞ്ജയ്, ശ്യാം, ഹരിഗോവിന്ദ്, അതുല്‍ എന്നിവരാണ് നാളെ അരങ്ങേറ്റം കുറിക്കുന്നത്.
15 മുതല്‍ 60 വയസ് വരെയുള്ളവര്‍ അരങ്ങേറ്റ സംഘത്തിലുണ്ട്. ഏഴ് ഇടയ്‌ക്കകള്‍ക്കും തുല്യ പ്രാധാന്യമാണ് പഞ്ചവാദ്യത്തില്‍ നല്‍കിയിരിക്കുന്നത്. മുപ്പത്തിയഞ്ചു പേരടങ്ങുന്ന സംഘമാണ് പഞ്ചവാദ്യത്തിനുള്ളത്. തിമിലയില്‍ ഗുരുവായൂര്‍ ഹരി വാര്യരും മദ്ദളത്തിന് പനങ്ങാട്ടുകര പുരുഷോത്തമനും താളത്തിന് തോന്നൂര്‍ക്കര ശിവനും കൊമ്പിന് കിഴക്കുംപാട്ടുകര കുട്ടനും നേതൃത്വം നല്‍കും.
പഞ്ചവാദ്യത്തിന്റെ മൂന്നാം കാലം മുതലാണ് ഇടയ്‌ക്ക അവതരിപ്പിക്കുക. മൂന്നാം കാലം, ഇടകാലം, മുറുകിയ ഇടകാലം, തൃപുട എന്നീ ഭാഗങ്ങളാണ് അരങ്ങേറ്റത്തിന് അവതരിപ്പിക്കുന്നത്. കരിങ്കല്ലില്‍ പുളിമുട്ടി കൊണ്ട് കൊട്ടിപ്പടിച്ചായിരുന്നു അരങ്ങേറ്റക്കാരുടെ പഠനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: