തൃശൂർ: ചില്ലറ വിൽപ്പന മേഖലയിൽ ഒരു കോടിയിലധികം വിലവരുന്ന ഹാഷിഷ് ഓയിലുമായി ആറുപേർ തൃശൂർ സിറ്റി പോലീസിന്റെ പിടിയിൽ. ആന്ധ്രയിൽ നിന്നും എത്തിച്ച, അതിമാരക മയക്കുമരുന്ന് ഇനത്തിൽ പെടുന്ന ഹാഷിഷ് ഓയിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നുമാണ് തൃശൂർ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധവിഭാഗവും ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധവിഭാഗം നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത്.
കുന്നംകുളത്ത് താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീക്ക് (21), കുന്നംകുളം ചിറമനേങ്ങാട് താഴത്തേല വളപ്പിൽ മഹേഷ് (20), കുന്നംകുളം അഞ്ഞൂർ മുട്ടിൽ വീട്ടിൽ ശരത്ത് (23), അഞ്ഞൂർ തൊഴിയൂർ വീട്ടിൽ ജിതിൻ (21), തിരുവനന്തപുരം കിളിമാനൂർ കാട്ടൂർവിള കൊടുവഴനൂർ ഡയാനാഭവനിൽ ആദർശ് (21), കൊല്ലം നിലമേൽ പുത്തൻവീട് വരാഗ് (20) എന്നിവരെയാണ് ഇന്നു പുലർച്ചെ മൂന്നു മണിയോടെ അറസ്റ്റ് ചെയ്തത്. കുന്നംകുളം, പെരുമ്പിലാവ്, ചാവക്കാട് മേഖലകളിൽ ചില്ലറ വിൽപ്പനക്കായാണ് ആന്ധ്രയിൽ നിന്നും ലഹരിമരുന്ന് എത്തിച്ചത്.
ഫ്രൂട്ട് ജ്യൂസ് എന്ന രീതിയിൽ ഫ്രൂട്ടി പാക്കറ്റുകൾ, പാരച്യൂട്ട് വെളിച്ചെണ്ണ കുപ്പികൾ, ഫ്ലാസ്കുകൾ എന്നിവയിലാണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ചിരുന്നത്. ഹാഷിഷ് ഓയിലിന് രൂക്ഷഗന്ധം ഉള്ളതിനാൽ, അത് മറികടക്കുന്നതിനായി സുഗന്ധ തൈലം പുരട്ടുകയും ചെയ്തു. പിടിയിലായവർ ഇതിനുമുമ്പും പലതവണ ലഹരിക്കടത്തിന് പിടിക്കപ്പെട്ടിട്ടുള്ളവരാണ്. ഷഫീക്ക്, മഹേഷ് എന്നിവർ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ മുനീബ് എന്നയാളെ 2021ൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികളും ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയവരുമാണ്. ശരത് എന്നയാൾ വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2021ൽ പ്രണവ് എന്നയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രധാന പ്രതിയാണ്.
100 കിലോയിലധികം കഞ്ചാവ് വാറ്റുമ്പോഴാണ് വീര്യംകൂടിയ ഒരുകിലോ ഹാഷിഷ് ഓയിൽ ലഭിക്കുന്നത്. കഞ്ചാവ് കടത്തിയിരുന്ന ഇവർ അടുത്തിടെയാണ് ഹാഷിഷ് ഓയിൽ കടത്തുന്നതിലേക്ക് തിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: