തിരൂര്‍: സ്വാതന്ത്ര്യസമര സ്മാരക ഭൂമിയില്‍ കക്കൂസ് നിര്‍മ്മിക്കുന്ന രാജ്യവിരുദ്ധ നടപടിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് അടിയന്തര നിര്‍ദേശം. ഇതനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ കളക്ടറോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. തിരൂര്‍ ആര്‍ഡിഒയെ അന്വേഷണച്ചുമതലയേല്‍പ്പിച്ചു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം അമൃതോത്സവമായി ആഘോഷിക്കാന്‍ രാജ്യം തയ്യാറെടുക്കുമ്പോള്‍ മലപ്പുറം ജില്ലയിലെ ഏക സ്വാതന്ത്ര്യസമര സ്മാരക ഭൂമിയില്‍ സ്വാതന്ത്ര്യസമരത്തെ അവഹേളിച്ച് തിരൂര്‍ നഗരസഭ പൊതുകക്കൂസുകള്‍ നിര്‍മിക്കുന്ന വിവരം ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടറും എഴുത്തുകാരനുമായ തിരൂര്‍ ദിനേശ് ആണ് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി ഗാന്ധിജി ആഹ്വാനം ചെയ്ത വ്യക്തിസത്യഗ്രഹം അനുഷ്ഠിച്ചതിന് സ്വാതന്ത്ര്യസമര സേനാനികളായ പുന്നക്കല്‍ കുട്ടിശ്ശങ്കരന് നായര്‍, കെ.പി. കേളു നായര്‍, പി.കെ. മൊയതീന്‍കുട്ടി എന്നിവരെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത ഭാഗത്താണ് സ്വാതന്ത്ര്യസമര ഭൂമി. തിരൂര്‍ റെയില്‍വെ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തുള്ള ഈ ഭൂമിയില്‍ സ്വാതന്ത്ര്യസമര പഠനഗവേഷണ കേന്ദ്രവും സ്വാതന്ത്ര്യസമര സ്മാരകവും നിര്‍മിക്കാന്‍ അക്കാലത്ത് തൃക്കണ്ടിയൂര്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. എന്നാല്‍ അഞ്ചു വിളക്ക് എന്ന പേരില്‍ ഒരു സ്മാരകം നിര്‍മിക്കാന്‍ മാത്രമേ തൃക്കണ്ടിയൂര്‍ പഞ്ചായത്തിന് കഴിഞ്ഞുള്ളു.
തിരൂര്‍ നഗരസഭ രൂപീകരിച്ചതിനു ശേഷം പരിരക്ഷ ലഭിക്കാതെ തകര്‍ന്ന സ്മാരകം 25 വര്‍ഷം മുമ്പ് പുനര്നിര്മിച്ചുനല്കിയെങ്കിലും നഗരസഭയുടെ അനാസ്ഥ കാരണം നശിച്ചു. ഈ സ്മാരകത്തോടു ചേര്‍ന്നാണ് എട്ട് കക്കൂസുകളോടെ വിശ്രമ മന്ദിരം എന്ന പേരില്‍ പൊതുകക്കൂസുകള്‍ നിര്‍മിക്കുന്നതെന്നും ഇത് രാജ്യതാത്പര്യങ്ങള്‍ക്കു വിരുദ്ധവും സ്വാതന്ത്ര്യ സമരത്തെയും സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്നതിനാണെന്നും തിരൂര്‍ ദിനേശ് ശ്രദ്ധയില്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: