കൊല്ലം: നരേന്ദ്രമോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികം ജില്ലയില്‍ വിപുലമായി ആഘോഷിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍. സേവ, സദ്ഭരണം പണ്ടാവപ്പെട്ടവരുടെ ക്ഷേമം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 15 ദിവസം നീളുന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ച് വെട്ടിക്കവലയില്‍ നടന്ന സമ്മേളനം മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.
കര്‍ഷകര്‍, പട്ടികജാതി പട്ടികവര്‍ഗ കോളനി നിവാസികള്‍, പിന്നോക്ക ജനവിഭാഗങ്ങള്‍ മഹിളകള്‍, യുവാക്കള്‍, എഴുത്തുകാര്‍, സാംസ്കാരിക പ്രതിഭകള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തും. ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കും. കേന്ദ്രപദ്ധതി ഗുണഭോക്താക്കളുടെ സംഗമ പരിപാടി സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന പദ്ധതികളെ ബന്ധിപ്പിച്ച് കൊണ്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ബൈക്ക് റാലികള്‍ സംഘടിപ്പിക്കും.
മഹാസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വിശദീകരിക്കുന്ന ലഘുലേഘകള്‍ ബൂത്തുതലത്തില്‍ വീടുകളില്‍ വിതരണം ചെയ്യും. ജില്ലാ തലത്തില്‍ ഗരീബ് കല്യാണ്‍ യോജന ജനസഭ എന്ന പേരില്‍ സമ്മേളനവും സംഘടിപ്പിക്കും. നരന്ദ്രമോദി സര്‍ക്കാരിന്റെ പല ജനക്ഷേമ പദ്ധതികളും സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്നവയാണ്. ഇതില്‍ ബഹുഭൂരിപക്ഷം പദ്ധതികളും സംസ്ഥാനത്തും ജില്ലയിലും അട്ടിമറിക്കുകയാണ്.
പല തദ്ദേശ സ്ഥാപനങ്ങളും ജല്‍ ജീവന് മിഷന് പദ്ധതി നടപ്പാക്കുന്നില്ല. കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമായ വിള ഇന്‍ഷുറന്‍സ് പദ്ധതി ഫസല്‍ ബീമാ യോജനയില്‍ നാലായിരത്തില്‍ താഴെ മാത്രം ഗുണഭോക്താക്കളാണ് ജില്ലയിലുള്ളത്. പദ്ധതി സംബന്ധിച്ച് കര്‍ഷകരെ ബോധവല്‍ക്കരണം നടത്താന്‍ മിക്ക കൃഷി ഓഫിസര്‍മാരും തയ്യാറാകുന്നില്ലെന്നും അമൃത് പദ്ധതിയുടെ കോടിക്കണക്കിന് രൂപയാണ് കൊല്ലം കോര്പ്പറേഷന് നഷ്ടപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: