ഗോവിന്ദന്‍ കെ.പി
മഹാകവി ജി. ശങ്കരക്കുറുപ്പിനുശേഷം അങ്കമാലിയില്‍ നിന്ന് ഒരു കവി കൂടി. ആ കവിയാണ് ജയപ്രകാശ് അങ്കമാലി. അദ്ദേഹം മികച്ച പദ്യകാരനും ഗദ്യകാരനും കൂടിയാണ്. ആദ്യ കവിതാ സമാഹാരം ‘വജ്രം’ 1996 ല്‍ ഇറങ്ങി.
ഗദ്യലോകത്ത് വിസ്മയകരമായ ‘വിഭാമകം’ എന്ന നവീന കഥാഖ്യാനസമ്പ്രദായത്തില്‍ ‘സന്താല ഹേര’ എന്ന ബൃഹല്‍ ഗ്രന്ഥം 2008ല്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ ഈ കവിയുടെ ചെറുതും വലുതുമായ 159 കവിതകളടങ്ങിയ ‘രൂപകം’ എന്ന സമാഹാരം പുറത്തിറങ്ങിയിരിക്കുന്നു.
മലയാള കവിതയെ സഗൗരവം വീക്ഷിക്കുകയും വായിക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ ഈ കൃതി തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്. ഈ സമാഹാരത്തെ സംബന്ധിച്ച പഠനങ്ങള്‍ ഉണ്ടാകേണ്ടത് ഭാഷാ കൈരളിയുടെ വികാസത്തിന് ആവശ്യമാണ്.
ജീയുടെ തന്നെ പ്രദേശത്തുകാരനായ കവിയുടെ കവിതകളിലൂടെ കടന്നുപോകുമ്പോള്‍ കാണാന്‍ കഴിയും, ജീയുടെ കവിതകള്‍ക്കൊപ്പം നില്‍ക്കുന്നതും ചില കവിതകള്‍ ജീയുടെ കവിതകളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നതുമാണെന്നും. ഈ കവിതകളുടെ പ്രത്യേകത,ഇതില്‍ അനുകരണമോ മറ്റുള്ളവരുടെ സ്വാധീനമോ ആര്‍ക്കും ദര്‍ശിക്കാനാകില്ലെന്നതാണ്.
പൂര്‍ണ്ണമായും കവിയുടെ മൗലികത തന്നെ. പരസ്പരം എന്ന ചെറുകവിതയുടെ അവസാന രണ്ട് വരിയിങ്ങനെയാണ്:
”എനിയ്‌ക്കുള്ളതെല്ലാം നിനക്കു തന്നു ഞാന്‍
ഒരിറ്റു സ്‌നേഹം നീ തിരിച്ചുനല്‍കുമോ”
യക്ഷന്‍ എന്ന കവിതയില്‍ –
”കരിമ്പാറപ്പുള്ളിയടിമുടികുത്തി
സമൃദ്ധമാം വനമുടി പാതി വെട്ടി
കഴുത ബുദ്ധി തന്‍ പുറത്തിരുത്തിയീ
പ്രകൃതിയെയപഹസിപ്പത് കാണാം
……………………………………………………………..
………………………………………………………………
ചിലരധികാരം കറന്നെടുക്കുന്നു
ചിലര്‍ സദാചാരം, പലരുമാഹാരം
നിണം കാണും വരെ പണം കറന്നെടു-
ക്കുവാന്‍ ചിലര്‍, മറ്റു ചിലര്‍ പ്രശസ്തിയും
കറന്നെടുക്കുന്നു, കവിതയും ചിലര്‍
കരാളന്മാര്‍ വിഷം, പ്രബുദ്ധരൗഷധം
വനിതകള്‍ മതിവരാതെ സൗന്ദര്യം
ഋഷി ജനങ്ങളോ അമൃത സങ്കല്‍പം”
ഈ സമാഹാരത്തില്‍ 106 വരികളുള്ള ‘ഭാഷ’യെന്ന കവിതയിലെ പ്രയോഗങ്ങളുടെ ആഴവും പരപ്പും ഒന്നു വേറെതന്നെയാണ്. ഇവിടെ വാക്കുകള്‍ എന്നെകൂടി പരിഗണിക്കുകയെന്ന മട്ടില്‍ കവിയുടെ പുറകേ പോകുന്നതു പോലെ തോന്നും.
”സൂര്യ ചന്ദ്രോത്സവ വേദികളില്‍ ഭൂമി
ആയിരം ഭാഷാ വിഭൂതികള്‍ ചാര്‍ത്തിനി –
ന്നാടുമെന്നാലും മനസ്സിന്റെ ചുണ്ടില-
ന്നാദ്യമിറ്റിച്ച ഭാഷാ രസം ഭാസുരം”
അധര്‍മ്മരൂപം എന്ന കവിതയില്‍ ഇപ്രകാരം വായിക്കാം:
”എന്നും ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍
ത്തന്നെ ജനങ്ങള്‍ കൊല്ലാതെ കൊല്ലപ്പെടും
ഉന്നതമായ ജനാധിപത്യ, മതില്‍
വന്നെഴുന്നെള്ളുന്ന രാഷ്‌ട്രീയ രാക്ഷസം”
‘മഹാദര്‍ശനം’ എന്ന കവിതയിലൊരിടത്തെ ചോദ്യം വായനക്കാരെ അസ്വസ്ഥരാക്കുന്നതാണ്.
”ക്രൂരം കൊലതന്‍ കല പഠിപ്പിയ്‌ക്കുന്ന
യൂണിവേഴ്‌സിറ്റി തന്‍ ക്യാമ്പസ്സവിടെയോ”
പൂച്ച കഥാപാത്രമാകുന്ന ‘മാതൃവാത്സല്യം’ എന്ന കവിതയില്‍ –
”വജ്ര ദന്ത നഖ പംക്തിയോടെ ഹിംസ്ര-
വംശപാരമ്പര്യമങ്ങനെ തന്നുടെ
ഗര്‍ഭകമലപീഠത്തിലിരിയ്‌ക്കുന്ന
സര്‍ഗ്ഗപ്രതിഭ നിര്‍മ്മിച്ചു സവിസ്തരം”
കാലമെത്ര കഴിഞ്ഞാലും വിസ്മൃതിയിലാണ്ടു പോകാതെ കാലഘട്ടത്തിന്റെ അടയാളമായി ഈ കവിതാ സമാഹാരത്തിലെ കവിതകള്‍ നിലനില്‍ക്കുമെന്ന് നിസ്സംശയം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: