കോട്ടയം: ‘മതഭീകരതയ്ക്കെതിരെ ജനജാഗ്രത’ എന്ന സന്ദേശവുമായി താലൂക്ക് തലങ്ങളില്‍ ജനജാഗ്രതാസമ്മേളനങ്ങളും ജില്ലാ കേന്ദ്രങ്ങളില്‍ ‘കേരളത്തിലും താലിബാനിസമോ’ എന്ന വിഷയത്തില്‍ സെമിനാറുകളും നടത്തുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ പിന്തുണയോടെ മതഭീകരത സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന സാഹചര്യത്തിലാണ് പ്രചാരണ പരിപാടി.
ഭീകരതയ്ക്കെതിരെ ബോധവത്കരണ പരിപാടികള്‍ക്ക് രൂപം കൊടുക്കും. മുഴുവന്‍ മത നേതാക്കളെയും ഹിന്ദു സംഘടനാ നേതാക്കളെയും ജനനേതാക്കളെയും നേരില്‍ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താന്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ ജനകീയ സമ്പര്‍ക്കം നടത്തും.
സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടുകളും ന്യൂനപക്ഷ പ്രീണന നയങ്ങളും തുറന്നുകാട്ടി ജനകീയ കുറ്റപത്രം തയ്യാറാക്കും. ജൂലൈ 13ന് സെക്രട്ടേറിയറ്റിന് മുന്നിലും കളക്ടറേറ്റുകള്‍ക്ക് മുന്നിലും ഹിന്ദു സമുദായ സംഘടനാ നേതാക്കളുടെയും സാമൂഹ്യ സാംസ്കാരിക നായകരുടേയും നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിക്കും. ഇസ്ലാമിക ഭീകരര്‍ വധിച്ച രാമസിംഹന്റെ ബലിദാന ദിനമായ ആഗസ്ത് രണ്ടു മുതല്‍ ക്വിറ്റിന്ത്യാദിനമായ ആഗസ്ത് 9 വരെ ‘മത ഭീകരതയ്ക്കെതിരെ ജനജാഗ്രത’ എന്ന സന്ദേശമുയര്‍ത്തി താലൂക്ക് തലങ്ങളില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
ക്വിറ്റിന്ത്യാ ദിനത്തില്‍ ‘ക്വിറ്റ് ടെമ്പിള്‍’ മുദ്രാവാക്യം ഉയര്‍ത്തി ക്ഷേത്ര ഭരണം സര്‍ക്കാര്‍ വിട്ടൊഴിയുക, ഭക്തരെ ഭരണം ഏല്പിക്കുക എന്ന ആവശ്യമുന്നയിച്ച് ദേവസ്വം ക്ഷേത്രങ്ങള്‍ക്കു മുന്പില് ഭക്തജനങ്ങള്‍ നാമജപയജ്ഞം സംഘടിപ്പിക്കും. ക്ഷേത്രവിമോചന പ്രക്ഷോഭത്തിന് ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ക്ഷേത്രങ്ങളില്‍ ഭക്തജന സദസ്സ് വിളിച്ച് പ്രതിരോധ സമിതികള്‍ രൂപീകരിക്കും. ക്ഷേത്രപ്രവേശന വിളംബര ദിനമായ നവംബര്‍ 12ന് കോഴിക്കോട് മുതലക്കുളം മൈതാനത്ത് ആയിരങ്ങള്‍ പങ്കെടുക്കുന്ന ക്ഷേത്രവിമോചന മഹാസമ്മേളനം സംഘടിപ്പിക്കും.
ഹിന്ദുഅവകാശപത്രികയുടെ വിപുലീകരണവും പരിഷകരണവും ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ ഹിന്ദു സമുദായ സംഘടനകളുടെ ആയിരം നേതാക്കളെ നേരില്‍ കാണും. ഒക്ടോബര്‍ ഒന്നു മുതല്‍ 30 വരെ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മുന്നണി നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് ഹിന്ദു അവകാശപത്രിക സമര്‍പ്പിക്കും.
തെരഞ്ഞെടുത്ത എസ്സി, എസ്ടി കോളനികള്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. ഹിന്ദു സംഘടനകളുടെയും, എന്‍ജിഒകളുടെയും സഹകരണത്തോടെ കോളനിനിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. വിജയദശമി ദിനത്തില്‍ രണ്ടു ലക്ഷം ഹിന്ദുഭവനങ്ങളില്‍ ശക്തിപൂജ നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, വൈസ് പ്രസിഡന്റ് പി.എസ്. പ്രസാദ്, വക്താവ് ഇ.എസ്. ബിജു, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സത്യശീലന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: