അന്തിക്കാട്: കണ്ടശ്ശാംകടവില്‍ സൗഹൃദ തീരത്ത് കനോലി കനാലില്‍ സ്പീഡ് ബോട്ട്, കയാക്കിങ്ങ്, ഷിക്കാര, പെഡല്‍ ബോട്ട് എന്നിവ വിനോദ സഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തി. കേരള സര്‍ക്കാറിന്റെ ഫണ്ടിന് പുറമെ എംപി ഫണ്ടും മണലൂര്‍ പഞ്ചായത്തിന്റെ ഫണ്ടും കൂടി ഉപയോഗിച്ചാണ് പ്രാദേശിക ടൂറിസം പദ്ധതി നടപ്പിലാക്കിയത്.
ഒന്നര കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനമാണ് സൗഹൃദ തീരത്ത് നടപ്പിലാക്കുന്നത്. ഓപ്പണ്‍ ജിം, കുട്ടികളുടെ പാര്‍ക്കിന്റെ നവീകരണം, നടപ്പാത ടൈല്‍ വിരിക്കല്‍ എന്നിവയും പുഴയോരത്ത് അര കി.മി. ദൂരം നടപ്പാതയും ഒരുക്കുന്നുണ്ട്. പടിപ്പുര, റെയിന്‍ ഷെല്‍ട്ടര്‍, ഭക്ഷണശാലകള്‍, പവലിയനഭിമുഖമായി പുഴയില്‍ സ്റ്റേജ് എന്നിവ എംപി ഫണ്ടുപയോഗിച്ച് നിര്‍മിക്കും. നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. ടി.എന്‍. പ്രതാപന് എംപി ബോട്ട് സര്‍വീസ് ഉദ്ഘാടനം ചെയ്തു.
മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോണ്സണ് അധ്യക്ഷനായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്തംഗം വി.എന്‍. സുര്‍ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: