നെടുമങ്ങാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 16കാരനടക്കം മൂന്ന് പേര് പിടിയിലായി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സുഹൃത്തായ 16കാരനും ഇയാളുടെ ബന്ധുവുമാണ് പിടിയിലായത്. ആണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തും കൂടിയാണ് ഇയാള്‍
വ്യാഴാഴ്ചയാണ് പീഡനം നടന്നത്. നെടുമങ്ങാട്ടെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോകാനിറങ്ങിയ പെണ്‍കുട്ടിയെ സുഹൃത്തായ 16കാരനും, അമ്മയുടെ സുഹൃത്തായ സന്തോഷും (36) വാനില്‍ കയറ്റി ചുള്ളിയൂരിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സ്കൂളില്‍ വിടാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വാനില്‍ കയറ്റിയശേഷം സന്തോഷിന്റെ തന്നെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലാണ് എത്തിച്ചത്. രണ്ടുപേരെയും മുറിയില്‍ പൂട്ടിയിട്ട ശേഷം സന്തോഷ് മടങ്ങി. പീഡനത്തിന് ശേഷം മടങ്ങിയെത്തിയ സന്തോഷ് ഇരുവരെയും വാനില്‍ കയറ്റുകയും അടുത്തുള്ള ജങ്ഷനില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.
പെണ്‍കുട്ടി സ്കൂളിലെത്താത്തതിനെ അധികൃതര്‍ വീട്ടിലറിയിച്ചു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും ക്രൂരപീഡനത്തിനിരയായെന്ന് തിരിച്ചറിയുകയും ചെയ്തു. പെണ്‍കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് 16കാരനും സന്തോഷും അറസ്റ്റിലായത്. 16 കാരന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തെന്നാണ് സന്തോഷിനെതിരായ കേസ്.
ഇത് കൂടാതെ പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്ത ബന്ധുവായ 50 വയസുകാരന് പീഡിപ്പിച്ചതായും വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ 16കാരനെ ജുവനൈല്‍ ഹോമിലാക്കി. മറ്റ് രണ്ട് പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: