കൊച്ചി : നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേയ്‌ക്ക് മാറ്റി. അതുവരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശമുണ്ട്. വിജയ് ബാബുവിനെ കേസില്‍ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേയ്‌ക്ക് മാറ്റിയത്.
പരാതിക്കാരിയെ ബന്ധപ്പെടാനോ അവരെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി വിജയ് ബാബു പൂര്‍ണമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയില്‍ വിശ്വാസമുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് വിജയ് ബാബുവും അറിയിച്ചു.
വിജയ് ബാബുവിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ വിദേശത്തേയ്‌ക്ക് ഒളിച്ചു കടന്നതാണ്. 39 ദിവസത്തെ ഒളിവ് വാസത്തിന് ശേഷമാണ് വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തിയത്. കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെയാണ് ഒരു മാസത്തിന് ശേഷം വിജയ് ബാബു തിരികെയെത്തിയത്. പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കുകയും ഇന്റര്‍പോള്‍ വഴി റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനിച്ചതോടെയുമാണ് വിജയ് ബാബു തിരിച്ചെത്തിയത്.
ബുധനാഴ്ച തിരിച്ചെത്തിയ വിജയ് ബാബു എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്യലിനായി ഹാജരാവുകയും കേസ് കെട്ടിച്ചമച്ചതാണെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായി നടന്നത്. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാരോപിച്ചാണ് നടി പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: